Sorry, you need to enable JavaScript to visit this website.

ലീഗിന് ഉവൈസിയാകാനാവില്ല 

മറ്റു പ്രധാന പാർട്ടികളെ പോലെ വിദ്യാസമ്പന്നരായ യുവനേതാക്കൾ ലീഗിലും സജീവമാണ്. തലമുറ മാറ്റത്തിന്റെ നേരമായെന്ന സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്. എന്നു വെച്ച് ഉവൈസിയുടെ ശൈലി ലീഗിനും കേരളത്തിനും യോജിച്ചതല്ല. പാണക്കാട്ടെ തങ്ങന്മാരുടെ താരാട്ട് പാട്ട് തന്നെയാണ് സമുദായ സൗഹാർദം നിലനിർത്താൻ ഉചിതമെന്നതിൽ തർക്കമില്ല


അഞ്ച് വർഷത്തിലൊരിക്കൽ കേരളം ഭരിക്കുന്ന  പാർട്ടിയാണ് മുസ്‌ലിം ലീഗ്. അംഗബലത്തിന്റെ കാര്യത്തിൽ സി.പി.എം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് തൊട്ടു പിന്നിലായുണ്ടാവാറുണ്ട്. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എന്നാണ് പാർട്ടിയുടെ പേരെങ്കിലും കേരളത്തെ ഇന്ത്യയിലെ മതസൗഹാർദത്തിന്റെ വിളനിലമായി കാത്തു സൂക്ഷിക്കുന്ന വിഷയത്തിൽ ലീഗ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നുവെച്ച് ലീഗ് എന്ന രാഷ്ട്രീയ കക്ഷി സദ്ഗുണ സമ്പന്നരാണെന്ന അഭിപ്രായവുമില്ല. കോൺഗ്രസിനെയോ സി.പിഎമ്മിനെയോ പോലെ കാശുണ്ടാക്കുന്നവർ കാണുമായിരിക്കും. ത്രിവർണ, ചുവപ്പ് വർണങ്ങൾക്ക് പകരം പച്ചക്കൊടി. സഹകരണ ബാങ്കും തദ്ദേശ സ്ഥാപനങ്ങളും ഭരിക്കും. സ്വകാര്യ വിദ്യാലയങ്ങൾ നടത്തി നിയമനത്തിനും ക്ലാസ് പ്രവേശനത്തിനും പണം വാങ്ങും. ഇതെല്ലാം നാട്ടുനടപ്പ്. ഇന്നത്തെ സമൂഹം വലിയ ഞെട്ടലില്ലാതെ കേൾക്കുന്ന കാര്യങ്ങൾ. മറ്റു പ്രധാന കക്ഷികളിലെന്ന പോലെ കുറഞ്ഞ കാലത്തിനിടക്ക് അതിസമ്പന്നരായവരും ഈ പാർട്ടിയിലുണ്ടാവുമായിരിക്കും. അതൊന്നുമല്ല വിഷയം. 
കേരളത്തിൽ ലീഗിന്റെ റോളെന്താണ്? നാട്ടിലെ മൈത്രിക്ക് കോട്ടം തട്ടാനിടയുള്ള സന്ദർഭങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്തി സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താൻ ലീഗ് നേതാക്കൾ പ്രയത്‌നിച്ചിട്ടുണ്ട്. 
പണ്ടു കാലത്തെ പയ്യോളി, നടുവട്ടം, വെള്ളയിൽ സംഭവങ്ങൾ മുതൽ തലശ്ശേരി കലാപത്തിൽ വരെ അക്കാലത്തെ ലീഗ് നേതാക്കളുടെ ഇടപെടൽ സമൂഹത്തിന് ആശ്വാസം പകർന്നിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ലീഗിനെ മാതൃകയാക്കണമെന്ന് സി.പി.എം നേതാക്കൾ പോലും സമ്മതിച്ചിട്ടുണ്ട്. ഇടക്കാലത്ത് കേരള മുസ്‌ലിംകൾക്കായി അവതരിച്ച ചില സംഘടനകൾ വിസ്മൃതിയിലായപ്പോഴും ലീഗിന് പ്രസക്തിയും പ്രാധാന്യവമുണ്ടെന്ന് തെളിയിക്കുന്നതാണ് സമീപ കാല സംഭവങ്ങൾ. തെരഞ്ഞെടുപ്പിന് മുമ്പ് മലപ്പുറം നിലമ്പൂരിനടുത്ത് അമ്പലത്തിൽ അരങ്ങേറിയ അനിഷ്ട സംഭവവും അടുത്തിടെ വളാഞ്ചേരിക്കടുത്ത് അമ്പലം അശുദ്ധമാക്കിയ സംഭവവുമെല്ലാം വലിയ പ്രശ്‌നങ്ങളായി മാറാതിരിക്കാൻ ലീഗ് എന്ന സംഘടനയുടെ സാന്നിധ്യം കാരണമായിട്ടുണ്ട്. 
മൂന്നു നാല് പതിറ്റാണ്ടുകൾക്കപ്പുറമാണ് ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തിൽ വർഗീയ ശക്തികൾ കുഴപ്പങ്ങളുണ്ടാക്കാൻ തുടങ്ങിയത്. രഥയാത്രയും തുടർന്നുണ്ടായ ബാബ്‌രി ധ്വംസനവും ഉത്തരേന്ത്യൻ നഗരങ്ങളിൽ കലാപത്തിന് ഹേതുവായി. 
ജാതിയും മതവും നോക്കാതെ മനുഷ്യർക്ക് ആശ്വാസം പകരുന്ന നടപടികളുമായി മുസ്‌ലിം ലീഗ് പ്രവർത്തകർ കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷവും ഇക്കുറിയുമുണ്ടായ പ്രളയ കാലത്ത് വടക്കൻ ജില്ലകളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായക്കാരായ ചെറുപ്പക്കാരാണ് ആശ്വസിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്. ലീഗ് മുന്നോട്ടു വെക്കുന്ന സമുദായ സൗഹാർദ ആശയത്തിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് നിസ്സംശയം പറയാം.  
ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ്, ടെലിവിഷൻ ചാനലുകളും ഇന്റർനെറ്റും ഇ-മെയിലും പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലം. വാർത്താ വിനിമയത്തിനുള്ള ഫാക്‌സ് സംവിധാനവും സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നില്ല. ആയിടക്കാണ് മലപ്പുറത്തെ പത്രം ഓഫീസുകളിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളുടെ ഒരു അഭ്യർഥന ലഭിക്കുന്നത്. മുസ്‌ലിംകൾ സംയമനം പാലിക്കണമെന്നതായിരുന്നു പ്രസ്താവനയുടെ പൊരുൾ. അന്നേ ദിവസം പകൽ ഉണ്ടായ ഒരു അനിഷ്ട സംഭവത്തിന്റെ പേരിൽ വിവേകരഹിതമായി ആരെങ്കിലും പെരുമാറുന്നത് തടയാനായിരുന്നു ഇത്. പാലക്കാട്ടെ അക്രമ വാർത്ത പത്രങ്ങളിൽ അച്ചടിച്ചു വന്നതിനൊപ്പം തന്നെ സംയമനം പാലിക്കണമെന്ന തങ്ങളുടെ അഭ്യർഥനയുമുണ്ടായിരുന്നു.
അയോധ്യയിൽ ബാബ്‌രി മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി രഥയാത്രകൾ സംഘടിപ്പിച്ചത് പലേടത്തും കുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നാരംഭിച്ച രഥം പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പോവുകയാണുണ്ടായത്. രഥയാത്ര പാലക്കാട്ടെത്തിയപ്പോൾ ഉടലെടുത്ത  സംഘർഷത്തെ തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്‌ലിം ബാലിക മരിച്ചു.  
അന്നത്തെ നേതാക്കളുടെ കാര്യക്ഷമമായ ഇടപെടൽ നിമിത്തം പാലക്കാട്ടെ സംഘർഷം പെട്ടെന്ന് ഒതുക്കാനും കുഴപ്പങ്ങൾ വ്യാപിക്കുന്നത് തടയാനും കഴിഞ്ഞു. 
ബാബ്‌രി ദുരന്തത്തിനു ശേഷം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ചോരപ്പുഴയൊഴുകിയപ്പോൾ എടുത്തു പറയാവുന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെ കേരളം മഹത്തായ മാതൃക കാണിച്ചു. 
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ഒരു ക്ഷേത്രത്തിന് നേരെ അപക്വമതികൾ നടത്തിയ  അക്രമവും താനൂർ കടപ്പുറത്തെ സംഘർഷവുമാണ് ആകെയുണ്ടായ അനിഷ്ട സംഭവങ്ങൾ. 
കൊണ്ടോട്ടിയിലെ മുസ്‌ലിംകൾ മുൻകൈയെടുത്ത് ക്ഷേത്രം അറ്റകുറ്റപ്പണി നടത്തിയത് നമ്മുടെ മഹത്തായ പാരമ്പര്യം  ഉയർത്തിക്കാട്ടി. 
മതസൗഹാർദത്തിന്റെ സൗരഭ്യമുയർന്ന നാടാണ് കേരളം. ഇന്ത്യക്കാകെ മാതൃകയായിരുന്നു നമ്മുടെ സംസ്ഥാനം. ഉച്ചനീചത്വങ്ങളും അസമത്വങ്ങളും വെടിഞ്ഞ മലയാളി മതമൈത്രി ഊട്ടിയുറപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ അസൂയക്ക് പാത്രമായത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ മതത്തിന്റെ പേരിൽ കൂട്ടക്കൊല നടന്നപ്പോൾ മലയാള നാട്ടിൽ സമ്പൂർണ സാക്ഷരത യജ്ഞം നടക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിലൂടെ ദശകങ്ങൾക്ക് മുമ്പ് ഇതര സംസ്ഥാനങ്ങൾക്ക് വഴികാട്ടിയായ സംസ്ഥാനമാണ് കേരളം. കല, സാംസ്‌കാരിക രംഗങ്ങളിൽ മികവ് കാട്ടിയ മലയാളി, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ് നേട്ടങ്ങൾ കൊയ്തത്. 
മലയാള നാടിന്റെ പ്രകൃതി പോലെ സുന്ദരമാണ് ഇവിടത്തെ ജീവിത രീതിയും. ഒറ്റപ്പെട്ട രാഷ്ട്രീയ സംഘട്ടനങ്ങൾ ഉത്തര കേരളത്തിലെ  ഗ്രാമങ്ങളിൽ നടക്കുമ്പോഴും സമാധാനത്തിന്റെ തുരുത്തെന്ന സൽപേര് നിലനിറുത്താൻ കേരളത്തിനായിട്ടുണ്ട്. കേരളത്തിന്റെ മതസൗഹാർദമെന്നത് വെറും ഭംഗിവാക്കല്ല. നൂറ്റാണ്ടുകളിലൂടെ നമ്മൾ ആർജിച്ചെടുത്തതാണിത്. മതങ്ങളുടെയത്രയും പഴക്കം ഈ ബന്ധത്തിനുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 
ആര്യ-ദ്രാവിഡ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായി കേരളത്തെ വാഴ്ത്തിയ ചരിത്രകാരന്മാർ സംസ്‌കൃതവും തമിഴും ചെലുത്തിയ സ്വാധീനത്തെയാണ് ഇതിന് ഉദാഹരണമായി എടുത്തു കാട്ടുന്നത്. 
കേരളവും വിദേശ രാജ്യങ്ങളുമായി പോലും സൗഹൃദത്തിലധിഷ്ഠിതമായ കച്ചവട ബന്ധമാണ് പണ്ടു മുതലേ ഉണ്ടായിരുന്നത്. അറബികളും ചൈനക്കാരും പോർച്ചുഗീസുകാരും എത്തിയപ്പോൾ ഇരു കൈകളും നീട്ടി അവരെ സ്വീകരിച്ച പൈതൃകമാണ് നമുക്കുള്ളത്. 
നൂറ്റാണ്ടുകളിലൂടെ അരക്കിട്ടുറപ്പിച്ചതാണ് മലയാളിയുടെ മതസാഹോദര്യം. 
ലീഗിലേക്ക് തന്നെ തിരിച്ചുവരാം. അടുത്തിടെ കോഴിക്കോട്ട് ചേർന്ന ലീഗ് നേതൃയോഗത്തിൽ വലിയ ബഹളമുണ്ടായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈദരാബാദിലെ അസദുദ്ദീൻ ഉവൈസിയെ ലീഗ് നേതാക്കൾ മാതൃകയാക്കണമെന്ന നിർദേശമുയർന്നതായി റിപ്പോർട്ടുകളിൽ കണ്ടു. നല്ല കാര്യമായിപ്പോയി. 
ഹൈദരാബാദിൽ മൂപ്പരും ഇരട്ട നഗരമായ സെക്കന്തരാബാദിൽ ബി.ജെ.പിയും എന്ന നിലയിൽ രാഷ്ട്രീയം വളർത്തി എം.പിയാവുന്ന ഉവൈസിയും ലീഗ് നേതാക്കളും തമ്മിലെന്ത് താരതമ്യം? ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ബിഹാറിലും മഹാരാഷ്ട്രയിലും മറ്റും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ സമുദായ വോട്ടുകൾ ഭിന്നിപ്പിച്ച് എൻ.ഡി.എയെ പരോക്ഷമായി സഹായിക്കാറുള്ള നേതാവ് എപ്പോഴാണ് ഇത്രക്ക് മഹാനായത്? 
മുസ്‌ലിം ലീഗിന് നാല് എം.പിമാരുണ്ടായിട്ടും അസദുദ്ദീൻ ഉവൈസിയുടെ നാലയലത്ത് പോലും എത്തുന്നില്ലെന്ന ആക്ഷേപമുന്നയിച്ചാണ് ലീഗ് എം.പിമാർക്കെതിരെ പാർട്ടിയിൽ കലാപക്കൊടി ഉയരുന്നതെന്നാണ് പറയുന്നത്. സി.പി.എമ്മിനു സമമായി ലോക്‌സഭയിൽ മൂന്ന് എം.പിമാരാണ് മുസ്‌ലിം ലീഗിനുമുള്ളത്. രാജ്യസഭയിലാകട്ടെ ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബിന്റെ സാന്നിധ്യവുമുണ്ട്. 1971 ന് ശേഷം ഏറ്റവും കൂടുതൽ എം.പിമാർ ലീഗിന് പാർലമെന്റിൽ ഉണ്ടായതിപ്പോഴാണ്.
71 ൽ മഞ്ചേരിയിൽ മുഹമ്മദ് ഇസ്മയിൽ സാഹിബും കോഴിക്കോട്ട് ഇബ്രാഹിം സുലൈമാൻ സേട്ടും തമിഴ്‌നാട്ടിലെ പെരിയകുളത്ത് എസ്.എം. മുഹമ്മദ് ശരീഫും ബംഗാളിലെ മുർഷിദാബാദിൽ അബുതാലിഹ് ചൗധരിയുമായിരുന്നു ലീഗ് എം.പിമാരായി പാർലമെന്റിലുണ്ടായിരുന്നത്. അതിനു ശേഷം ഇപ്പോഴാണ് നാല് എം.പിമാരെ പാർലമെന്റിലേക്കയക്കാൻ ലീഗിന് കഴിഞ്ഞത്. എന്നാൽ എം.പിമാർ നാലുണ്ടായിട്ടും ഹൈദരാബാദിൽ നിന്നുള്ള ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ അത്ര ഉഷാറാവുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. ലീഗിലെ പ്രധാനി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. വികാര തള്ളലിൽ എന്തെങ്കിലും പ്രവർത്തിക്കുന്ന ശൈലി കുഞ്ഞാപ്പക്ക് ഇല്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പക്വമായ സമീപനമാണ് വിമർശകർക്ക് അവസരമൊരുക്കുന്നത്. 
കേരളത്തിൽ നിന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ട്രഷറർ പി.വി അബ്ദുൽ വഹാബ്, തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നും നവാസ് ഖനി എന്നിവരാണ് പാർലമെന്റിലുള്ളത്. മുത്തലാഖ് ബിൽ, കശ്മീർ വിഷയം, അസമിലെ പൗരത്വ ബിൽ തുടങ്ങി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഉവൈസി മോഡിക്കും അമിത് ഷാക്കുമെതിരെ പാർലമെന്റിൽ തീപ്പൊരിയായപ്പോൾ ലീഗ് എം.പിമാർ വേണ്ടത്ര ശോഭിച്ചില്ലെന്നാണ് ആക്ഷേപം. 
ലോക്‌സഭയിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്യസഭയിൽ വഹാബിന്റെയും ഹാജർ നില വളരെ കുറവാണ്. ലോക്‌സഭയിൽ മുത്തലാഖ് ബിൽ ചർച്ച നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി സഭയിൽ പോകാതെ കല്യാണത്തിൽ പങ്കെടുക്കാൻ പോയതും വിവാദമായിരുന്നു. ഉവൈസി തനിച്ച് നടത്തുന്ന ഇടപെടൽ ചൂണ്ടിക്കാട്ടി കെ.എം. ഷാജി എം.എൽ.എ ലീഗ് നേതൃയോഗത്തിൽ വാചാലനായെന്നാണ് റിപ്പോർട്ട്. ലീഗിന്റെ രാജ്യസഭ എം.പി അബ്ദുൽ വഹാബിന്റെ പ്രവർത്തന ശൈലിയും വിമർശിക്കപ്പെടുന്നുണ്ട്. 
മറ്റു പ്രധാന പാർട്ടികളെ പോലെ വിദ്യാ സമ്പന്നരായ യുവനേതാക്കൾ ലീഗിലും സജീവമാണ്. തലമുറ മാറ്റത്തിന്റെ നേരമായെന്ന സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്. എന്നു വെച്ച് ഉവൈസിയുടെ ശൈലി ലീഗിനും കേരളത്തിനും യോജിച്ചതല്ല. പാണക്കാട്ടെ തങ്ങന്മാരുടെ താരാട്ട് പാട്ട് തന്നെയാണ് സമുദായ സൗഹാർദം നിലനിർത്താൻ ഉചിതമെന്നതിൽ തർക്കമില്ല. 

 

Latest News