Sorry, you need to enable JavaScript to visit this website.

പിടിവിടാതെ മൂവർ സംഘം

ഫെദരർ 20 ഗ്രാന്റ്സ്ലാം നേടിക്കഴിഞ്ഞു, നദാൽ പത്തൊമ്പതും. നോവക്കിന് 16 ഗ്രാന്റ്സ്ലാമുകളായി. ഈ വർഷം നോവക്കും നദാലും രണ്ടു വീതം ഗ്രാന്റ്സ്ലാമുകൾ പങ്കുവെച്ചു. ഇരുവരും ഫെദരറോട് ഒരുപടി കൂടി അടുത്തു. ഫെദരറുടെ അവസാന ഗ്രാന്റ്സ്ലാം 2018 ലെ ഓസ്‌ട്രേലിയൻ ഓപനാണ്. മൂവരും കരിയർ ഗ്രാന്റ്സ്ലാമുകൾക്കുടമകളാണ്. ഫെദരറുടെ കണക്ക് ഇങ്ങനെ: എട്ട് വിംബിൾഡൺ, ആറ് ഓസ്‌ട്രേലിയൻ ഓപൺ, അഞ്ച് യു.എസ് ഓപൺ, ഒരു ഫ്രഞ്ച് ഓപൺ. നദാലിന്റേത് ഇങ്ങനെ: 12 ഫ്രഞ്ച് ഓപൺ, നാല് യു.എസ് ഓപൺ, രണ്ട് വിംബിൾഡൺ, ഒരു ഓസ്‌ട്രേലിയൻ ഓപൺ. നോവക് ഏഴു തവണ ഓസ്‌ട്രേലിയൻ ഓപൺ നേടി. അഞ്ച് തവണ വിംബിൾഡണും മൂന്നു തവണ യു.എസ് ഓപണും ഒരിക്കൽ ഫ്രഞ്ച് ഓപണും സ്വന്തമാക്കി. 

ഏതെങ്കിലും ഒരു ഘട്ടത്തിൽ റഫായേൽ നദാലും മറ്റു രണ്ടു വമ്പന്മാരും ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരാവുന്നത് അവസാനിക്കുമായിരിക്കും. ചെറുപ്പക്കാരാരെങ്കിലും മുന്നോട്ടു വരികയും ടെന്നിസിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്‌തേക്കാം. ഇപ്പോൾ അതിനുള്ള കാത്തിരിപ്പ് മാത്രമാണ്. 
ദീർഘകാലമായി ഈ ചർച്ച ആരംഭിച്ചിട്ട്. ആരാവും ഈ മൂവർ സംഘത്തിന് പകരക്കാരെന്ന്. നദാലിന്റെയും റോജർ ഫെദരറുടെയും നോവക് ജോകോവിച്ചിന്റെയും കുത്തക ആര് തകർക്കുമെന്ന്. ഒരു ഗ്രാന്റ്സ്ലാം വർഷം കൂടി സമാപിച്ചു. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപണോടെ പുതിയ ഗ്രാന്റ്സ്ലാം വർഷം ആരംഭിക്കും. ഗ്രാന്റ്സ്ലാമുകൾക്കായുള്ള ഈ മൂവരുടെ പോരാട്ടമെങ്കിലും ഏതു രീതിയിൽ അവസാനിക്കുമെന്ന് ചിന്തിക്കാനുള്ള സമയമാണ് ഇത്. 
അവിസ്മരണീയമായ യു.എസ് ഓപൺ ഫൈനലാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. നദാലിന് അഞ്ചു മണിക്കൂറോളം പൊരുതേണ്ടി വന്നു റഷ്യക്കാരൻ ഡാനിൽ മെദ്്‌വദേവിനെ 7-5, 6-3, 5-7, 4-6, 6-4 ന് തോൽപിക്കാൻ. കോർട്ടിനോട് വിട പറയും മുമ്പ് ഏറ്റവുമധികം ഗ്രാന്റ്സ്ലാമുകളുടെ റെക്കോർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് നദാൽ വ്യക്തമാക്കി. പക്ഷേ അതല്ല നദാലിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്വന്തം സന്തോഷമാണ് പ്രധാനമെന്നാണ് നദാൽ പറയുന്നത്. എന്താണ് നദാലിന്റെ സന്തോഷം എന്നതാണ് ചോദ്യം. 
നാലു മണിക്കൂർ 50 മിനിറ്റ് നീണ്ട ഫൈനലിനു ശേഷം നദാലിന്റെ കോച്ചുമാരിലൊരാളായ ഫ്രാൻസിസ്‌കൊ റോയിഗ് പറഞ്ഞത് നദാൽ ഇപ്പോൾ സന്തോഷവാനാണ് എന്നാണ്. സീസണിലേറെയും പരിക്കുമായി യുദ്ധത്തിലായിരുന്നു നദാൽ. നദാലും ഫെദരറും നോവക്കും ഇപ്പോൾ കിരീടങ്ങൾ ജയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കാലം കഴിയാൻ ഇനിയുമേറെ സമയമെടുത്തേക്കാം. ഫെദരർ 20 ഗ്രാന്റ്സ്ലാം നേടിക്കഴിഞ്ഞു, നദാൽ പത്തൊമ്പതും. നോവക്കിന് 16 ഗ്രാന്റ്സ്ലാമുകളായി. ഈ വർഷം നോവക്കും നദാലും രണ്ടു വീതം ഗ്രാന്റ്സ്ലാമുകൾ പങ്കുവെച്ചു. ഇരുവരും ഫെദരറോട് ഒരുപടി കൂടി അടുത്തു. ഫെദരറുടെ അവസാന ഗ്രാന്റ്സ്ലാം 2018 ലെ ഓസ്‌ട്രേലിയൻ ഓപനാണ്. മൂവരും കരിയർ ഗ്രാന്റ്സ്ലാമുകൾക്കുമുടകളാണ്. ഫെദരറുടെ കണക്ക് ഇങ്ങനെ: എട്ട് വിംബിൾഡൺ, ആറ് ഓസ്‌ട്രേലിയൻ ഓപൺ, അഞ്ച് യു.എസ് ഓപൺ, ഒരു ഫ്രഞ്ച് ഓപൺ. നദാലിന്റേത് ഇങ്ങനെ: 12 ഫ്രഞ്ച് ഓപൺ, നാല് യു.എസ് ഓപൺ, രണ്ട് വിംബിൾഡൺ, ഒരു ഓസ്‌ട്രേലിയൻ ഓപൺ. നോവക് ഏഴു തവണ ഓസ്‌ട്രേലിയൻ ഓപൺ നേടി. അഞ്ച് തവണ വിംബിൾഡണും മൂന്നു തവണ യു.എസ് ഓപണും ഒരിക്കൽ ഫ്രഞ്ച് ഓപണും സ്വന്തമാക്കി. 
ഫെദരർക്ക് 38 വയസ്സായി. നദാലിന് മുപ്പത്തിമൂന്നും നോവക്കിന് മുപ്പത്തിരണ്ടുമായി പ്രായം. 2003 ൽ ഫെദരർ നേടിയ ഗ്രാന്റ്സ്ലാമുകളുടെ എണ്ണം ഒന്നായിരുന്നു, നദാലിന്റേത് പൂജ്യവും. അതിനു ശേഷം ഇരുവരും ഇത്ര അടുത്തുവരുന്നത് ഇതാദ്യം. 2005 ലെ ഫ്രഞ്ച് ഓപണിൽ നദാൽ കന്നി ഗ്രാന്റ്സ്ലാം നേടുമ്പോഴേക്കും ഫെദരർ നാല് ഗ്രാന്റ്സ്ലാമുകൾക്കുടമയായിരുന്നു. 

ഒരുപാട് കാലമായി, ഒരുപാടാളുകൾ ഫെദരറെ എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പുകഴ്ത്തുന്നുണ്ട്. പ്രധാനമായും ഫെദരർ നേടിയ ഗ്രാന്റ്സ്ലാമുകളുടെ കണക്കുകൾ നോക്കിയാണ് ഇത്. ഒപ്പം കളിയുടെ ചന്തമെന്ന വ്യക്തിനിഷ്ഠമായ പരിഗണനയുമുണ്ട്. മറ്റു ചിലർ ഇതിനോട് വിയോജിക്കും. പരസ്പരമുള്ള പോരാട്ടങ്ങളിൽ നദാലിനാണ് മേൽക്കൈ എന്ന് വാദിക്കുന്നവരേറെയാണ്. 40 മത്സരങ്ങളിൽ നദാൽ ഇരുപത്തിനാലെണ്ണം ജയിച്ചു. ഫെദരർക്ക് സാധിച്ചത് 16 ജയം മാത്രം. സമീപകാലത്ത് നോവക്കും ഈ ചർച്ചയിലേക്ക് ഇടിച്ചുകയറി. തുടർച്ചയായി നാല് ഗ്രാന്റ്സ്ലാമുകൾ നേടിയ ഒരേയൊരു കളിക്കാരനാണ് നോവക്. പരസ്പരമുള്ള പോരാട്ടങ്ങളിൽ ഫെദരർക്കും നദാലിനുമെതിരെ മികച്ച റെക്കോർഡുണ്ട്. ഫെദരർക്കെതിരായ 48 മത്സരങ്ങളിൽ 26-22 ലീഡ്, നദാലിനെതിരായ 54 കളികളിൽ 28-26 ലീഡ്. ലോക ഒന്നാം നമ്പർ പദവിയിൽ ഫെദരറുടെയും നദാലിന്റെയും കുത്തക അവസാനിപ്പിക്കാനും നോവക്കിന് സാധിച്ചു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഈ മൂവർ സംഘമാണ് പുരുഷ ടെന്നിസ് വാഴുന്നത്. ചരിത്രത്തിലൊരിക്കലും സാധിച്ചിട്ടില്ലാത്ത കാര്യമാണ് തങ്ങൾ മൂന്നു പേർക്കും കഴിഞ്ഞതെന്ന് നദാൽ പറയുന്നു. ഈ പോരാട്ടത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നദാൽ പറയുന്നു. 
കണക്കുകൾ വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ 59 ഗ്രാന്റ്സ്ലാമുകളിൽ അമ്പത്തൊന്നും നേടിയത് ഈ മൂവരിലൊരാളാണ്. അവസാന പന്ത്രണ്ടും ഈ സംഘം സ്വന്തമാക്കി. 2014 നു ശേഷം പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടായിട്ടില്ല. 
വനിതാ ടെന്നിസുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുത്തകയെക്കുറിച്ച് ബോധ്യമാവും. കാനഡക്കാരി ബിയാങ്ക ആൻഡ്രിയസ്്ക്യുവാണ് യു.എസ് ഓപൺ ചാമ്പ്യൻ. ഫൈനലിൽ സെറീന വില്യംസിനെ 6-3, 7-5 ന് തോൽപിച്ചു. കഴിഞ്ഞ 11 ഗ്രാന്റ്സ്ലാമുകൾക്കിടയിലെ ഏഴാമത്തെ കന്നി ഗ്രാന്റ്സ്ലാം ചാമ്പ്യനാണ് പത്തൊമ്പതുകാരി. 2000 നു ശേഷം പിറന്ന ആദ്യ ഗ്രാന്റ്സ്ലാം ചാമ്പ്യനാണ് ആന്ദ്രിയസ്‌ക്യു. തൊണ്ണൂറുകൾക്കും മുമ്പേ ജനിച്ചയാളാണ് പുരുഷ കിരീടം നേടിയത്. 
മൂവർ സംഘത്തിൽ നദാലിനു മാത്രമേ യു.എസ് ഓപണിന്റെ സെമി ഫൈനലിലെത്താനായിട്ടുള്ളൂ എന്നത് മാറ്റത്തിന്റെ സൂചനയായി ചിലർ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യനും നിലവിലെ ഒന്നാം നമ്പറുമായ നോവക് പ്രി ക്വാർട്ടറിൽ പിന്നിട്ടു നിൽക്കവേ ചുമൽ വേദനയുമായി പിന്മാറി. പുറംവേദനയുമായി കളിച്ച ഫെദരർ ക്വാർട്ടർ ഫൈനലിൽ അഞ്ചു സെറ്റ് ത്രില്ലറിൽ തോറ്റു. ഇരുപത്തിമൂന്നുകാരായ രണ്ടു പേരാണ് പകരം സെമി ഫൈനലിലെത്തിയത്. മെദ്‌വദേവും മാറ്റിയൊ ബെററ്റീനിയും. എന്നിട്ടും ട്രോഫി നേടിയത് മുപ്പത് കഴിഞ്ഞ നദാലാണ്. മുപ്പത് പിന്നിട്ട ശേഷം അഞ്ച് ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ കളിക്കാരനായി നദാൽ. 
അസാധാരണ രീതിയിൽ കളിക്കുന്ന ഈ മൂവർ സംഘത്തെ മറികടന്ന് ടെന്നിസിൽ മാറ്റം സൃഷ്ടിക്കുക പ്രയാസമാണെന്ന് മെദ്‌വദേവ് സമ്മതിക്കുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. ഉജ്വലമായാണ് അവർ കളിക്കുന്നത്. അവരെ തോൽപിക്കുക പ്രയാസമാണ്. ഒരു സെറ്റ് കിട്ടാൻ പോലും വല്ലാതെ വിയർക്കണം. ഏതു വിധേനയും അവരെ പിടിച്ചുകെട്ടാനുള്ള യത്‌നങ്ങളിലാണ് ഞങ്ങൾ -മെദ്‌വദേവ് പറഞ്ഞു. ടെന്നിസിൽ പതിറ്റാണ്ടായി ഒരേ കഥയാണ്, ഫെദരറും നദാലും നോവക്കും. 

Latest News