ന്യൂദല്‍ഹി- ഭരണഘടനാ ശില്‍പികളുടെ പ്രതീക്ഷക്കും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെ യാഥാര്‍ഥ്യമായില്ലെന്ന് സുപ്രീം കോടതിയുടെ ചോദ്യം. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ഒരു ദിവസം യാഥാര്‍ഥ്യമാകുമെന്ന് ഭരണഘടനാ ശില്‍പികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഗുപ്ത തയാറാക്കിയ 31 പേജ് വിധിന്യായത്തില്‍ പറയുന്നു.
പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. പരിമിതമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഗോവയില്‍ മതഭേദമന്യേ എല്ലാവര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡ് ഉണ്ടെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അനുച്ഛേദം 44 ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചു പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവയിലെ ഒരു സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണു കോടതിയുടെ നിരീക്ഷണം. 1982 മുതല്‍ സുപ്രീം കോടതി ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പല ഉത്തരവുകളിലായി നിര്‍ദേശിക്കുന്നുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.






