Sorry, you need to enable JavaScript to visit this website.

ദമാമില്‍ ബിനാമി ഫര്‍ണിച്ചര്‍ സ്ഥാപനം; സ്വദേശിക്കും പാക്കിസ്ഥാനിക്കും ശിക്ഷ

ദമാം- സ്വദേശിയുടെ പേരിൽ ദമാമിൽ ഫർണീച്ചർ സ്ഥാപനം നടത്തുകയും നിക്ഷേപം നടത്തുകയും ചെയ്ത കേസിൽ പാക്കിസ്ഥാനിക്കും ഒത്താശ ചെയ്ത സൗദി പൗരനും ശിക്ഷ. ഫായിസുല്ലാഹ് മുഹമ്മദ് യഅകൂബ് എന്നയാളിനെയും ഒത്താശ ചെയ്ത ഫഹദ് ബിൻ സ്വൻഹാത് ബിൻ ശാരിഅ് അൽഗുവൈരിയെയുമാണ് ശിക്ഷിച്ചത്. പ്രതികളുടെ പേര് വിവരങ്ങളും നിയമലംഘനവും ഇവരുടെ സ്വന്തം ചെലവിൽ പ്രസിദ്ധപ്പെടുത്താനും ഇവരിൽനിന്ന് രണ്ട് ലക്ഷം റിയാൽ പിഴ ഈടാക്കണമെന്നും ദമാം ക്രിമിനൽ കോടതി വിധിച്ചു. സ്ഥാപനം സീൽ വെക്കാനും ലൈസൻസ് റദ്ദാക്കണമെന്നും ഫർണീച്ചർ മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശിയെ വിലക്കണമെന്നും വിധിയിലുണ്ട്. വിധി നടപ്പിലാക്കിയതിന് ശേഷം പാക്കിസ്ഥാനിയെ സൗദിയിൽ പ്രവേശിക്കാൻ സാധിക്കാത്തരീതിയിൽ നാട് കടത്താനും കോടതിയുടെ വിധി പ്രസ്താവം നിർദേശിച്ചു.  
വർഷം തോറും 30,000 റിയാൽ വിറ്റുവരവുള്ള സ്ഥാപനത്തിൽ തൊഴിലാളികളെ നിയന്ത്രിച്ചിരുന്നതും നടത്തിപ്പ് സംബന്ധമായ കാര്യങ്ങൾ തീരുമാനിച്ചിരുന്നതുമെല്ലാം പാക്കിസ്ഥാൻ വംശജനാണെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. 
ബിനാമി ബിസിനസ് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നപക്ഷം ടോൾ ഫ്രീ നമ്പറായ 1900 മുഖേനയോ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ 'ബലാഗ് തിജാരി' വഴിയോ വെബ്‌സൈറ്റിലൂടെയോ വിവരം അറിയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിവരം നൽകുന്നവർക്ക് ഈടാക്കുന്ന പിഴയിൽനിന്ന് 10 ലക്ഷം റിയാൽ വരെ സമ്മാനമായി നൽകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 

Latest News