Sorry, you need to enable JavaScript to visit this website.

ചന്ദ്രനിൽനിന്നുള്ള സന്ദേശം

ചന്ദ്രോപരിതലത്തിന് 2.1 കി.മീ അകലെ വെച്ച് നനഞ്ഞുകുതിർന്ന ആ സ്വപ്‌നങ്ങളിൽ ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ കണ്ണീർ മാത്രമല്ല, ദേശീയ ഭ്രാന്തന്മാരുടെ ചോരയുമുണ്ടായിരുന്നു. ഉന്മാദത്തിന്റെ, ദേശവും മതവും ചേർന്നു സൃഷ്ടിക്കുന്ന നാരകീയതയുടെ, മിഥ്യാഭിമാനത്തിന്റെ കുടം വീണു പൊട്ടിയ നിമിഷങ്ങൾ കൂടിയായിരുന്നു അത്. അന്ധമായ ദേശീയതയുടെ, അത് സൃഷ്ടിക്കുന്ന വികാരങ്ങളുടെ അടിത്തറയിൽ വോട്ട് കച്ചവടം നടത്തുന്നവരുടേത് മാത്രമാണ് ഈ നഷ്ടം, അല്ലാതെ ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെയല്ല.

ശൂന്യതയിൽനിന്ന് തങ്ങളുടെ സ്‌ക്രീനുകളിലേക്ക് വിക്രം ലാൻഡർ മിന്നിത്തെളിഞ്ഞെത്തണേ എന്ന പ്രാർഥനയുടെ വിഹ്വല നിമിഷങ്ങളെ നിരർഥകമാക്കി, ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയോ മറഞ്ഞുകിടക്കുന്നുണ്ട് ഒരു സന്ദേശം. ചന്ദ്രനിൽനിന്നുള്ള സന്ദേശം. അത് ഉന്മാദികൾക്കുള്ള മറുപടിയാണ്. ശാസ്ത്രജ്ഞരുടെ പരാജയമല്ല, അവരുടെ നേട്ടങ്ങൾക്ക് മേൽ പടുത്തുയർത്താനുദ്ദേശിച്ച രാഷ്ട്രീയമോഹങ്ങളുടെ പരാജയമാണ്. ആ സന്ദേശം ശരിക്കുമുൾക്കൊള്ളേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും സമയോചിതമായ കടമയാണ്.
ആ രാത്രി, തന്റെ മൃദുപാദങ്ങളാൽ വിക്രം, ചന്ദ്രന്റെ ഇരുണ്ട ദക്ഷിണ ധ്രുവത്തിലെവിടെയോ സ്പർശിക്കുമെന്ന് നാം സ്വപ്‌നം കണ്ട ആ രാത്രി, ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാതിരാത്രിയിൽ വന്നിറങ്ങി. ഇന്ത്യയുടെ ബഹിരാകാശ ശക്തിയെക്കുറിച്ച്, അമേരിക്കക്കും റഷ്യക്കും ചൈനക്കുമൊപ്പം നാം എത്തിച്ചേർന്ന സുവർണ നേട്ടത്തെക്കുറിച്ച്, ഇന്ത്യയുടെ കരുത്തിനെക്കുറിച്ച് വ്യംഗ്യമായ ഓർമപ്പെടുത്തലുകൾ ചില അയൽക്കാർക്കായി പങ്കുവെച്ചുകൊണ്ട് നടത്തേണ്ടിയിരുന്ന ഒരു പ്രസംഗം അദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് നടത്തേണ്ടി വന്നത്, വികാരാർദ്രമായ, ചിലപ്പോഴൊക്കെ നിരാശാജനകമായ സ്വരത്തിൽ ഒരു സമാശ്വാസ സംഭാഷണമായിരുന്നു. അതിൽ അദ്ദേഹം ഇന്ത്യ ഇസ്രോയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. മോഡി ഇങ്ങനെ കൂട്ടിച്ചേർത്തു: നമുക്ക് ആശയവിനിമയം നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ആശ നഷ്ടപ്പെട്ടിട്ടില്ല. ഒരു മാസമായി ബന്ധുമിത്രാദികളോടും മാതാപിതാക്കളോടും ആശയവിനിമയം നഷ്ടപ്പെട്ട് ഹതാശരായി കഴിയുന്ന കശ്മീരികളെ ആ സമയം അദ്ദേഹം ഓർത്തിട്ടുണ്ടായിരിക്കാം എന്ന് കോളമിസ്റ്റും മാധ്യമ പ്രവർത്തകനുമായ സി.പി. സുരേന്ദ്രൻ ആത്മഗതം ചെയ്യുന്നു.
വിക്രമിനെ ചന്ദ്രനിലിറക്കാൻ ഇസ്രോക്ക് കഴിയാത്തത് നന്നായി എന്ന് ചിന്തിക്കുന്ന അപൂർവം മാധ്യമ പ്രവർത്തകരിലൊരാളാണ് അദ്ദേഹം. അതിന് സുരേന്ദ്രൻ നിരത്തുന്ന ന്യായം ഉന്മാദികളായ ദേശീയവാദികൾക്ക് വേഗം മനസ്സിലായിക്കൊള്ളണമെന്നില്ല. ചന്ദ്രനിലേക്കുള്ള യാത്ര ഒരു ബീപ് അകലെ ഇല്ലാതാവുന്നതിൽ ഒരു പരുക്കൻ നീതി കുടിയിരിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരുന്ന ആ നിമിഷങ്ങൾ ഇന്ത്യയിലെ ചില മാധ്യമങ്ങൾ നടത്തിയ ജുഗുപ്‌സാവഹമായ റിപ്പോർട്ടിംഗ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു ചാനൽ, സ്റ്റുഡിയോയിൽ ഒരു കൃത്രിമ ചന്ദ്രനെ ഉണ്ടാക്കി, റിപ്പോർട്ടറെ സ്‌പേസ് സ്യൂട്ട് ധരിപ്പിച്ച് അതിനുള്ളിലിറക്കി നടത്തിയ വാചാടോപങ്ങൾ അസഹനീയമായിരുന്നു. ചർച്ചാ പാനലുകളിലെ ആണും പെണ്ണും രോഷവും അസഹിഷ്ണുതയും സ്ഫുരിക്കുന്ന സ്വരത്തിൽ ഇന്ത്യയുടെ നിതാന്ത ശത്രുക്കളെക്കുറിച്ച് എരിപിരി കൊണ്ടു. ഇന്ത്യയുമായി യുദ്ധത്തിന് വരുന്നതിലെ അപകടം അവർ ഓർമിപ്പിച്ചു. വിക്രം ലാൻഡറെങ്ങാൻ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയിരുന്നെങ്കിൽ, അടുത്ത നിമിഷം ഇന്ത്യയിലെ ഏതെങ്കിലും സൈനികത്താവളത്തിൽനിന്ന് ചിറകുകളിൽ മിസൈലുകളും വഹിച്ച് യുദ്ധവിമാനങ്ങൾ പറന്നുപൊങ്ങുമായിരുന്നു എന്നു തോന്നും അവരുടെ വിശകലനങ്ങൾ കേട്ടാൽ.
ചന്ദ്രയാൻ 2 ന്റെ പരാജയം യഥാർഥത്തിൽ ഇന്ത്യൻ ശാസ്ത്രലോകത്തെ സംബന്ധിച്ച് ഒരു പരാജയമേയല്ല. പല വികസിത രാജ്യങ്ങളും ചാന്ദ്ര ദൗത്യത്തിൽ പല തവണ പരാജയപ്പെട്ട ശേഷമാണ് വിജയത്തിലേക്ക് കുതിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഈ ദൗത്യത്തിന്റെ പ്രാഥമിക ഘട്ടങ്ങളെല്ലാം വൻ വിജയമായിരുന്നു. അവസാനത്തെ പതിനഞ്ചു മിനിറ്റിലെ ഭീകരത ഒഴിച്ചു നിർത്തിയാൽ ഇസ്രോക്ക് അഭിമാനിക്കാൻ മാത്രമേ വകയുള്ളൂ. വിക്രമിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയത്തെക്കുറിച്ച് ശാസ്ത്രജ്ഞർ യഥാർഥത്തിൽ ഭയപ്പെട്ടിരുന്നു. അമ്പതു ശതമാനത്തിൽ കൂടുതൽ പ്രതീക്ഷ അവർക്കുണ്ടായിരുന്നില്ല. എന്നാൽ അത് തുറന്നു പറയാൻ അവർക്ക് കഴിയുമായിരുന്നില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അവരെ അതിന് അനുവദിച്ചില്ല എന്ന് പറയുകയായിരിക്കും ശരി. കശ്മീരിലെ സംഘർഷങ്ങളും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളും അതിർത്തികളിലെ അശാന്തിയും എല്ലാം കൂടി എല്ലാവരുടേയും കണ്ണു തള്ളിക്കുന്ന വലിയൊരു വിജയം ആവശ്യപ്പെടുന്ന സന്ദർഭമായിരുന്നു അത്. അതിനാലാണ്, വിക്രമിനെ ചന്ദ്രനിൽ ലാൻഡ് ചെയ്യിച്ച ലോകത്തെ ആദ്യത്തെ രാഷ്ട്രനേതാവാകാൻ മോഡി നേരിട്ട് ഇസ്രോയിലെത്തിയത്. അവിടെയാണ് ചന്ദ്രനിൽനിന്ന് ഒരു സന്ദേശം ഇന്ത്യക്ക് കിട്ടിയത്. 
ചന്ദ്രോപരിതലത്തിന് 2.1 കി.മീ അകലെ വെച്ച് നനഞ്ഞുകുതിർന്ന ആ സ്വപ്‌നങ്ങളിൽ ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ കണ്ണീർ മാത്രമല്ല, ദേശീയ ഭ്രാന്തന്മാരുടെ ചോരയുമുണ്ടായിരുന്നു. ഉന്മാദത്തിന്റെ, ദേശവും മതവും ചേർന്നു സൃഷ്ടിക്കുന്ന നാരകീയതയുടെ മിഥ്യാഭിമാനത്തിന്റെ കുടം വീണു പൊട്ടിയ നിമിഷങ്ങൾ കൂടിയായിരുന്നു അതെന്ന് സുരേന്ദ്രൻ പറയുന്നത് വെറുതെയല്ല. ആ ദേശീയ ഭ്രാന്തിന് അദ്ദേഹം ഹിന്ദുത്വ എന്ന് പേരിടുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോഡിയുടെ മാറിൽ വീണു കരയുന്ന ശാസ്ത്രജ്ഞനിൽ നമുക്ക് ദർശിക്കാൻ കഴിയുന്നത് സ്വപ്‌ന ഭംഗം വന്ന ഒരു ശാസ്ത്രജ്ഞന്റെ സങ്കടമല്ല, താങ്കൾ ആഗ്രഹിച്ചത് നിവർത്തിച്ചു തരാൻ കഴിയാതിരുന്ന ഒരാളുടെ നിരാശയാണ്. അതുകൊണ്ടാണ് ആ കരച്ചിലിന് വലിയ വിമർശം ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്ത്യയിൽ ഈയിടെയായി എല്ലാ കാര്യങ്ങളും ഇപ്രകാരം ചെണ്ടയുടെ അകമ്പടിയോടെയാണ് നടത്തപ്പെടുന്നത്. ജനഹിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മോഡിയെ അകൃത്രിമമായി അവതരിപ്പിക്കാനുള്ള ശ്രമം. ഈ ഗർജനങ്ങൾക്ക് അനുരണനങ്ങളുണ്ട്. മീഡിയയിലാണെങ്കിൽ അർണബ് ഗോസാമിയെപ്പോലെ. ദേശാഭിമാനവും ദേശസ്‌നേഹവും വിജയകരമായ ഒരു ബിസിനസിന്റെ അടിത്തറയാക്കാൻ പറ്റുമെന്ന് തെളിയിച്ചയാൾ. ചിന്താഭ്രംശം വന്ന മോഡി നയങ്ങളുടെ ചൂട്ടുപിടിത്തക്കാരൻ. നാട്ടിലെ മുഖ്യധാര മാധ്യമങ്ങളൊക്കെ ഇപ്പോൾ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നു. കുരച്ചും കിതച്ചും ആരെയും ദേശദ്രോഹിയെന്ന് വിളിക്കാനും ചാപ്പ കുത്താനും അവകാശമുണ്ടെന്ന് സ്വയം ധരിക്കുന്നർ. സത്യത്തേയും മിഥ്യയേയും കൂട്ടിക്കലർത്തി അമാനുഷികമായ വിരുതോടെ പുതിയ സത്യങ്ങളെ സൃഷ്ടിക്കാൻ കഴിവുള്ളവർ. അവർക്കുണ്ട്, ചന്ദ്രനിൽനിന്നൊരു സന്ദേശം. 
വൈരുധ്യങ്ങളുടെ രസികത ഇന്ത്യയിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അനവധി സംസ്‌കാരങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന ദേശം. ശിലായുഗം മുതൽ ഗൂഗ്ൾ യുഗം വരെ നീളുന്ന ആ സംസ്‌കാരത്തുടർച്ചയിൽ, പുരുഷനും സ്ത്രീയും ഒരു കൈയിൽ ചുറ്റികയും മറുകൈയിൽ മൊബൈൽ ഫോണുമായി, ഇന്ത്യയെന്ന വൈരുധ്യങ്ങളുടെ വിളഭൂമിയിലൂടെ അതിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് അജ്ഞരായി ജീവിതം കരുപ്പിടിക്കാൻ ഇറങ്ങുന്ന ദേശം. ചന്ദ്രയാൻ രണ്ടിന്റെ പ്രയാണ പഥങ്ങളറിയാൻ, വാർത്താ ഏജൻസികളുടെ എണ്ണമറ്റ വരികൾക്കിടയിലൂടെ കണ്ണു പായിക്കുമ്പോൾ കണ്ട മറ്റൊരു വാർത്ത ഉത്തർ പ്രദേശിലെ ഒരാശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ ശസ്ത്രക്രിയ മുറിവ് തുന്നുന്ന ഡോക്ടറെക്കുറിച്ചുള്ളതായിരുന്നു. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് രണ്ടു വാർത്തകളും മുകളിലും താഴെയുമായി കൊടുത്തത് ചിന്തോദ്ദീപകമായി. ഒരു വശത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന ഇന്ത്യ. മറുവശത്ത്, ഓപറേഷൻ തിയേററ്റിൽ വെളിച്ചമില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യ. പാശ്ചാത്യ വാർത്ത മാധ്യമങ്ങൾ ഇന്നും ഇന്ത്യയുടെ ശാസ്ത്ര കരുത്ത് കണ്ടില്ലെന്ന് നടിക്കുന്നു. വിക്രം ലാൻഡർ ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുമ്പോഴും അവർ പറഞ്ഞുകൊണ്ടിരുന്നത് ഇന്ത്യക്കാരുടെ ആനത്തലയുള്ള ദൈവത്തെക്കുറിച്ചായിരുന്നു. അനവധിയായ ശാസ്ത്ര നേട്ടങ്ങൾക്കോ, സാമ്പത്തിക കരുത്തിനോ, സൈനിക ശേഷിക്കോ മറികടക്കാനാവാത്ത ഈ ചിന്താധാരയിലേക്ക് ചന്ദ്രയാൻ പ്രത്യേകിച്ചൊരു സംഭാവനയും നൽകുകയില്ലെന്നത് സത്യം. അതിനപ്പുറമുള്ള പ്രതീക്ഷകൾ ഒക്കെയും മിഥ്യ മാത്രമാണ്, ഗോസ്വാമിമാർ എന്തു പറഞ്ഞാലും ശരി.
നഷ്ടം ചിലർക്ക് മാത്രമാണ്. ദേശീയതയുടെ മിഥ്യാബോധം തട്ടിയുണർത്തി വോട്ടുകൾ നേടാനാഗ്രഹിച്ചവർക്ക്. അവർ പരീക്ഷിച്ച് വിജയിച്ചതാണത്. സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും കുറിച്ച് നെഞ്ചിലടിച്ച് സങ്കടപ്പെടുന്ന നഗരവൽക്കൃത ജനതയുടെയല്ല, അക്കൗണ്ടിൽ 2000 രൂപയെത്തുന്ന, കുക്കിംഗ് ഗ്യാസ് കണക്ഷനും സ്വന്തമായി ബാങ്ക് അക്കൗണ്ടും കിട്ടിയ പാവങ്ങളുടെ വോട്ട്. പാവങ്ങൾ മോഡിയെ അന്ധമായി വിശ്വസിക്കുന്നു. അവരുടെ അഭിമാനത്തെ ഒരിക്കൽ കൂടി തൊട്ടുണർത്താൻ കഴിയാത്തവർക്ക് മാത്രമേ നഷ്ടമുള്ളൂ. 
റോക്കറ്റുകൾക്കും ഗട്ടറുകൾക്കുമിടയിൽ, വിഭ്രാമാത്മക വൈരുധ്യങ്ങൾക്ക് നടുവിൽ, നമുക്ക് ചില ബന്ധങ്ങൾ നഷ്ടമാകുന്നു. ഇസ്രോക്ക് ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു. അത് പുനഃസ്ഥാപിക്കാൻ രണ്ടാഴ്ചയോളം നമുക്ക് ശ്രമിക്കാമത്രേ. യാഥാർഥ്യങ്ങളുമായി ബന്ധം നഷ്ടപ്പെട്ട രാജ്യത്തിന് അത് പുനഃസ്ഥാപിക്കാൻ എത്ര വർഷമെടുക്കും. അതാണ് യഥാർഥത്തിൽ നമ്മെ ചിന്തിപ്പിക്കേണ്ടത്.
 

Latest News