Wednesday , October   23, 2019
Wednesday , October   23, 2019

നാട്ടോർമയിൽ, മലയാളം മറക്കാതെ മക്കത്ത്

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആലപ്പുഴയിലെ ആറാട്ടുപുഴയിൽ നിന്നും ഉമർ മുസ്‌ലിയാർ ഹജ് നിർവവ്വഹിക്കാനായി മക്കയിലെത്തിയത്. വിശുദ്ധ നഗരത്തിന്റെ ആത്മീയ പ്രഭയിൽനിന്നും വിമുക്തി നേടാനാവാതെ അദ്ദേഹം മക്കയിൽ തന്നെ കഴിച്ചുകൂട്ടി. വിവിധ ജോലികൾ ചെയ്തു. തീർത്ഥാടകർക്ക് സേവനങ്ങൾ ചെയ്ത് ആത്മസായൂജ്യത്തിന്റെ പുതുവഴി കണ്ടെത്തി. സത്യസന്ധത കൈമുതലായുള്ളതിനാൽ സ്വദേശികൾക്കിടയിൽ ഏറെ സ്വീകാര്യനായി. വർഷങ്ങൾ നീണ്ട സൗദി വാസത്തിനിടെ അദ്ദേഹം തന്റെ സഹോദരങ്ങളെയും മക്കയിലേക്കു കൊണ്ടുവന്നു. അതിനിടയിൽ നാട്ടിൽ ചെന്ന് വിവാഹം ചെയ്തു. ഭാര്യയും മക്കയിലെത്തി. 

സൗദിയുടെ സാമ്പത്തിക സ്ഥിതി ഉയരുന്നതിന്‌ മുൻപുള്ള കാലം. കാമലിൽ നിന്നും കാഡിലാക്കിലേക്ക് (ഒട്ടകത്തിൽനിന്ന് മോട്ടോറിലേക്ക്) സൗദികൾ ഗിയർ മാറ്റിത്തുടങ്ങിയിട്ടില്ല. മാറ്റത്തിന്റെ കാഹളമൊന്നും കേട്ടു തുടങ്ങിയിട്ടുമില്ല. ഉമർ മുസ്‌ലിയാരും സഹോദരങ്ങളും മക്കയിലെ വിശുദ്ധ ഹറം പള്ളിയോടു ചേർന്നുള്ള വീടുകളിൽ താമസം തുടങ്ങി. തദ്ദേശീയരുടെയും  വിദേശികളായ തീർത്ഥാടകരുടെയും അനുഗ്രഹാശിസ്സുകളോടെ, സ്‌നേഹപൂർവമായ നോട്ടത്തിലൂടെ, ആ വിശുദ്ധ ഭൂമിയിലെ പള്ളിമുറ്റത്തും സമീപത്തും അവരുടെ  കുഞ്ഞുങ്ങൾ വളർന്നു വലുതായി. അറബികൾ അവരെ വാത്സല്യപൂർവം മലൈബാരികൾ എന്നു വിളിച്ചു.

അവരെല്ലാവരും സൗദിയിൽ ഉന്നത വിദ്യാഭ്യാസം നേടി. വിവിധ ബിസിനസുകളിൽ സജീവമായി. സർക്കാർ സർവീസിൽ ഉയർന്ന തസ്തികകളിൽ നിയമിതരായി. സൗദി ഭരണകൂടം ഇവർക്കെല്ലാം സൗദി പൗരത്വവും നൽകി.

ഉമർ ബിൻ അലി അൽ മലൈബാരി എന്ന് സൗദികൾക്കിടയിൽ അറിയപ്പെട്ട ഉമർ മുസ്‌ലിയാർ വിജ്ഞാനദാഹിയും കഠിനാധ്വാനിയും ആയിരുന്നു.  ഹജും ഉംറയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മാത്രമല്ല, മലയാളം –ഇംഗ്ലീഷ് അറബി നിഘണ്ടുവും അദ്ദേഹം സ്വപ്രയത്‌നത്താൽ രചിച്ചിരുന്നുവത്രേ. അദ്ദേഹത്തിന്റെ  മകളാണ്, നഫീസ ബിൻത് ഉമർ അൽ മലൈബാരി. സൗദിയിലെ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴയുടെ സഹധർമിണിയായ സീനത്ത് ടീച്ചറുടെ ഉമ്മയുടെ പിതൃസഹോദരനാണ് ഉമർ ബിൻ അലി അൽ മലൈബാരി. മാതാപിതാക്കൾ പതിറ്റാണ്ടുകൾക്കു മുൻപ് മരണപ്പെട്ടെങ്കിലും കേരളത്തിലെ തന്റെ കുടുംബ വേരുകളുമായി  ബന്ധം നിലനിർത്തുന്നുന്നതിൽ ശ്രദ്ധാലുവാണ്, ഉമ്മു അഹമ്മദ് എന്നു വിളിക്കപ്പെടുന്ന, നഫീസ ബിൻത് ഉമർ. സൗദി പൗരയാണെങ്കിലും ഉമ്മയിൽ നിന്നും ലഭിച്ച പരിമിതമായ മലയാള ഭാഷാജ്ഞാനം മലയാളി കുടുംബ ശിഖരങ്ങളോട് സംവേദനം തുടരാൻ അവരെ സഹായിക്കുന്നു.

ഉംറ യാത്രയിൽ മക്കയിൽ ഞങ്ങളവരുടെ അതിഥികളായിരുന്നു. സ്‌നേഹത്തിന്റെ മഹനീയ ഭാവങ്ങൾക്ക് ചിറകുകൾ മുളയ്ക്കപ്പെട്ട വൈകാരിക മുഹൂർത്തങ്ങൾ... വേരുകൾ മുളപൊട്ടുന്നതിന്റെ സന്തോഷം തിളങ്ങിനിൽക്കുന്ന അന്തരീക്ഷം. നാലുവട്ടം കേരളത്തിലെ ബന്ധുക്കളെ കാണാൻ വന്നതിനെക്കുറിച്ച് ഉമ്മു അഹമ്മദ് വാചാലയായി. മലയാളത്തെയും കേരളത്തെയും അത്ര മേൽ സ്‌നേഹിക്കുന്ന ആ ഉമ്മയുടെ ഇഷ്ട വിഭവം പുട്ട് ആണ്. സീനത്ത് ടീച്ചർ മുൻപൊരിക്കൽ നാട്ടിൽനിന്നും കൊണ്ടുവന്ന പുട്ടിൻകുറ്റിയാണ് അവരുപയോഗിക്കുന്നത്.
നഴ്‌സിങിൽ ഡിപ്ലോമയുള്ള ഉമ്മു അഹ്മദിന്റെ ഇഷ്ട വിനോദം മുത്തുകൾ കൊണ്ട് വിവിധ തരം മാലകളും മറ്റു ആഭരണങ്ങളും ഉണ്ടാക്കുകയാണ്. തന്റെ വിപുലമായ സൗഹൃദ വട്ടങ്ങളിൽ അതിന് ആവശ്യക്കാരേറെയാണ്. വിവിധ തരം മുത്തുമണികളും മറ്റു ആക്‌സസറീസും ശ്രദ്ധയോടെ അടുക്കിവെച്ച തന്റെ 'ജോലിമുറി' അവർ ഞങ്ങൾക്കു കാണിച്ചുതന്നു.

മലയാളം അറിയുന്നവരെ കാണുമ്പോൾ അവർ മലയാളത്തിൽ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യാതിർത്തികൾക്കപ്പുറത്തും പടർന്നുനിൽക്കുന്ന നാടിന്റെയോർമകൾ  അതിരില്ലാത്ത സ്‌നേഹവായ്പായി നിറഞ്ഞുനിന്നു.
ഈത്തപ്പനയോലയിൽ തെങ്ങോല കണ്ടെത്തുന്ന, വേരുകളെ വെട്ടിമാറ്റാനാവാത്ത നാടിൻസ്‌നേഹത്തിന്റെ  പുറംരാജ്യ കാഴ്ച വല്ലാത്തൊരനുഭവമായിരുന്നു. സലാം പറഞ്ഞ് ഞങ്ങൾ പിരിഞ്ഞുപോരുമ്പോൾ, രണ്ടു രാജ്യങ്ങളിലേക്ക് വിഭജിക്കപ്പെടുന്ന ബന്ധുക്കളുടെ ഹൃദയ വേദന പോലെ പേരറിയാത്തൊരു നൊമ്പരം ഞങ്ങളെ പൊതിഞ്ഞുനിന്നു.

 

Latest News