ലഖ്നൗ- ഉത്തര്‍പ്രദേശില്‍ യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കൊച്ചുകുട്ടിയുടെ സമീപം വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടി.പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
ട്രാഫിക് നിയമലംഘനം ആരോപിച്ചാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന ഇയാളെ പോലീസുകാര്‍ മര്‍ദിച്ചതെന്നാണ് സൂചന. സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.
പോലീസുകാര്‍ നിലത്തു വീണ യുവാവിന്റെ മേലെ കയറി ഇരിക്കുകയും ചവിട്ടുകയും ചെയ്യുന്നു. മര്‍ദനത്തിനിടെ കുട്ടിയുടെ കൈക്ക് പരിക്കേറ്റു.
എന്റെ തെറ്റാണെങ്കില്‍, നിങ്ങള്‍ക്ക് എന്നെ ജയിലില്‍ അടക്കാമെന്ന് യുവാവ് ഹിന്ദിയില്‍ പോലീസുകാരോട് പറയുന്നുണ്ട്. എന്താണ് താന്‍ ചെയ്ത തെറ്റെന്ന് വ്യക്തമാക്കാനാണ് മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന പോലീസുകാരോട് യുവാവ് പറയുന്നത്.






