ഫിഫ ടൂർണമെന്റിൽ ആദ്യം

അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രാജ്യം ആദ്യമായി വേദിയൊരുക്കുന്ന ഫിഫ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള പരമ്പര ആരംഭിക്കുന്നു.

ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോക ഫുട്‌ബോളിൽ വട്ടപ്പൂജ്യമാണ് ഇന്ത്യ. ഇതുവരെ ഒരു ഫിഫ ടൂർണമെന്റിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. ആതിഥേയ രാജ്യമെന്ന നിലയിലാണ് ഇത്തവണ ഇന്ത്യ അണ്ടർ-17 ലോകകപ്പിൽ കളിക്കുന്നത്. 2016 ലെ ഏഷ്യൻ അണ്ടർ-16 ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യയെ 3-3 ന് തളക്കാൻ ഇന്ത്യക്കു സാധിച്ചു. യു.എ.ഇയോടും ഇറാനോടും തോറ്റെങ്കിലും സമീപകാലത്ത് വലിയ പുരോഗതി നേടാൻ ടീമിന് സാധിച്ചിട്ടുണ്ട്. 
ഏഷ്യൻ അണ്ടർ-16 ചാമ്പ്യൻഷിപ്പിൽ ഏഴു തവണ ഇന്ത്യ കളിച്ചിട്ടുണ്ട്. ഒരിക്കലേ ഗ്രൂപ്പ് ഘട്ടം പിന്നിട്ടിട്ടുള്ളൂ. 2002 ൽ യു.എ.ഇയിൽ നടന്ന ടൂർണമെന്റിൽ ക്വാർട്ടറിലെത്താൻ ടീമിന് സാധിച്ചു. ആ വർഷം ചാമ്പ്യന്മാരായ തെക്കൻ കൊറിയയോട് തോറ്റാണ് പുറത്തായത്. ഗോവയിൽ നടന്ന 2016 ലെ അണ്ടർ-16 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആതിഥേയരെന്ന നിലയിൽ മാത്രമല്ല ഇന്ത്യ കളിച്ചത്, ടൂർണമെന്റിന് യോഗ്യത നേടാനും ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷേ ഒരു പോയന്റ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 


ശ്രദ്ധിക്കേണ്ട കളിക്കാർ
അനികേത് ജാദവ്: പതിനാലാം വയസ്സിൽ ബയേൺ മ്യൂണിക് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതോടെയാണ് വാർത്തയിൽ വന്നത്. അന്നു മുതൽ എ.ഐ.എഫ്.എഫിന്റെ കീഴിലുണ്ട്. ആക്രമണം നയിക്കുന്ന അനികേത് ഇന്ത്യയുടെ അടുത്ത ഗോൾ യന്ത്രമാവാൻ സാധ്യതയേറെയാണ്. കോച്ചിന്റെ വിശ്വസ്തനാണ്. 
സുരേഷ് സിംഗ് വാംഗ്ജാം: നായകനാണ് ഇപ്പോൾ. നല്ല നേതൃശേഷി. 2014 ലെ നൈക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രീമിയർ കപ്പിലെ ഇന്ത്യൻ പാദത്തിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 
അൻവർ അലി: ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ മിനർവ അക്കാദമിയിലെ കളിക്കാരനായ അൻവർ അലിയെ കോച്ച് ശ്രദ്ധിക്കുകയായിരുന്നു. ഒന്നാന്തരം ഡിഫന്റർ. നിക്കൊളായ് ആദം കോച്ചായിരുന്ന കാലത്ത് ടീമിലുണ്ടായിരുന്നുവെങ്കിലും തഴയപ്പെട്ടതായിരുന്നു.


ഒരു കിരീടം മാത്രമാണ് ഇന്ത്യയുടെ അണ്ടർ-16 ടീം ഇതുവരെ നേടിയത്, നേപ്പാളിൽ നടന്ന 2013 ലെ സാഫ് ടൂർണമെന്റിൽ ചാമ്പ്യന്മാരായി. 2011 ലും 2015 ലും ദക്ഷിണേഷ്യൻ ടൂർണമെന്റിൽ ഫൈനലിലെത്തി. 2015 ൽ ബംഗ്ലാദേശിനോട് ഫൈനലിൽ തോറ്റു. 
ഫൈനൽ റൗണ്ടിൽ അമേരിക്കയും ഘാനയും കൊളംബിയയുമടങ്ങുന്ന അതിശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യ. എങ്കിലും ഇന്ത്യക്ക് കരുത്തു കാട്ടാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് ഇത്. കുട്ടികൾക്ക് പരമാവധി മത്സര പരിചയം നൽകാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമിച്ചിട്ടുണ്ട്. ജർമനിയിലും സ്‌പെയിനിലും ദുബായിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ടീം പര്യടനം നടത്തി. എന്നിട്ടും അണ്ടർ-16 എ.ഐ.എഫ്.എഫ് യൂത്ത് കപ്പിലും ബ്രിക്‌സ് അണ്ടർ-17 കപ്പിലും രണ്ട് സമനിലകൾ മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. താൻസാനിയ, റഷ്യ, ചൈന, ബ്രസീൽ ടീമുകളോട് തോറ്റു. ഇതോടെയാണ് ടൂർണമെന്റിന് എട്ടു മാസം മാത്രമുള്ളപ്പോൾ കോച്ച് നിക്കൊളായ് ആദമിനെ പുറത്താക്കിയത്. 


കോച്ച്: ലൂയിസ് നോർടൺ ഡി മാറ്റോസ്
വിളിപ്പേര്: ഇന്ത്യൻ കോൾട്‌സ്, 
ബ്ലൂ കബ്‌സ്
കരുത്ത്: ലോംഗ്‌ബോൾ, വിംഗ് പ്ലേ
ഗ്രൂപ്പ് എ-യിലെ മറ്റു ടീമുകൾ: 
അമേരിക്ക, ഘാന, കൊളംബിയ 


പോർചുഗീസുകാരനായ കോച്ച് ലൂയിസ് നോർടൻ ഡിമാറ്റോസ് കഴിഞ്ഞ മാർച്ചിൽ മാത്രമാണ് ചുതലയേറ്റെടുത്തത്. 1982 ൽ പോർചുഗലിനു വേണ്ടി അഞ്ചു മത്സരം കളിച്ച അദ്ദേഹം ജന്മനാട്ടിൽ നിരവധി ക്ലബ്ബുകൾക്ക് കളിക്കുകയും നിരവധി ക്ലബ്ബുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റെനാറ്റൊ സാഞ്ചസ് ഉൾപ്പെടെ നിരവധി കളിക്കാരെ കണ്ടെത്തി. ഗ്വിനി ബിസാവു ദേശീയ കോച്ചായിരുന്നു അദ്ദേഹം. ഡിമാറ്റോസിന് ഇന്ത്യൻ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ അച്ഛൻ ഗോവയിലാണ് ജനിച്ചത്. 
ഡിമാറ്റോസിന്റെ കീഴിൽ തോൽവിയോടെയാണ് ഇന്ത്യൻ കുട്ടികൾ തുടങ്ങിയത്. മിനർവ പഞ്ചാബ് അക്കാദമി ടീമിനോട് 0-1 ന് കീഴടങ്ങി. കോച്ചിന്റെ നാടായ പോർചുഗലിലെ പര്യടനത്തിൽ ഒരു സമനിലയൊഴികെ എല്ലാം തോൽവിയായിരുന്നു. പിന്നീട് ഫ്രാൻസിലും സെർബിയയിലും മാസിഡോണിയയിലും സ്‌പെയിനിലും ടീം കളിച്ചു. ലാസിയൊ കപ്പിൽ മൂന്നു കളികളിൽ പരാജയമറിഞ്ഞില്ല. ഇറ്റലിയുടെ പെട്ടെന്ന് തട്ടിക്കൂട്ടിയ അണ്ടർ-17 ടീമിനെ തോൽപിച്ചതാണ് എടുത്തു പറയാവുന്ന നേട്ടം. ഒമ്പതു കളികളിൽ പരാജയമറിയാതിരുന്ന ടീം ജൂലൈ ഒന്നിനാണ് ദൽഹിയിൽ തിരിച്ചെത്തിയത്. ലോകകപ്പിനു മുമ്പ് അമേരിക്കൻ, മെക്‌സിക്കൻ പര്യടനമുണ്ട്. അവിടെ ചിലെ, കൊളംബിയ ടീമുകൾക്കെതിരെ കളിക്കും. ന്യൂസിലാന്റ്, ന്യൂകാലിഡോണിയ ടീമുകളുമായും കളിച്ച ശേഷം ലോകകപ്പിന് ഒരു മാസം മുമ്പ് ഇന്ത്യൻ ടീം തിരിച്ചെത്തും.  


പരമ്പരാഗത പോർചുഗൽ രീതിയിൽ നല്ല വിംഗ് പ്ലേക്ക് കഴിയുന്ന കളിക്കാരെയാണ് കോച്ച് ഡിമാറ്റോസ് കണ്ടെത്താൻ ശ്രമിക്കുന്നത്. ഇന്ത്യൻ വംശജരായ വിദേശികളെയും കണ്ടെത്താൻ ശ്രമമുണ്ട്. 

Latest News