Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ സംഘര്‍ഷത്തിനിടെ വിദേശിക്ക് ദാരുണാന്ത്യം

ജിദ്ദക്കു സമീപം അസ്ഫാനിൽ എത്യോപ്യക്കാരനെ കാറിടിച്ച് തെറിപ്പിക്കുന്നു.

ജിദ്ദ - അസ്ഫാനിലെ റോഡിൽ സംഘർഷത്തിനിടെ കാറിടിച്ച് എത്യോപ്യക്കാരന് ദാരുണാന്ത്യം. എത്യോപ്യക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സൗദി പൗരന്മാരിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ഇതിനിടെ എതിരാളികളിൽ നിന്ന് രക്ഷപ്പെടുന്നതിന് റോഡിലേക്ക് ഓടിയ എത്യോപ്യക്കാരിൽ ഒരാളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഘർഷം ചിത്രീകരിച്ചുകൊണ്ടിരുന്ന സൗദി പൗരൻ യാദൃഛികമായി എത്യോപ്യക്കാരന്റെ അപകട മരണവും റെക്കോർഡ് ചെയ്തു. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
അസ്ഫാനിലെ അൽറിയാദ് ടൗൺഷിപ്പ് റോഡിലാണ് അപകടം. സംഘർഷത്തെയും അപകടത്തെയും കുറിച്ച് സൗദി പൗരനാണ് സുരക്ഷ വകുപ്പുകളെ വിവരമറിയിച്ചത്. സുരക്ഷ വകുപ്പുകളും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും എത്യോപ്യക്കാരൻ അന്ത്യശ്വാസം വലിച്ചിരുന്നു. 
സംഘർഷവുമായി ബന്ധപ്പെട്ട് ഏതാനും എത്യോപ്യക്കാരെ സുരക്ഷ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. എത്യോപ്യക്കാർക്കിടയിലുണ്ടായ സംഘർഷത്തിനും കാറപകടത്തിനും തമ്മിൽ ബന്ധമില്ലെന്ന് സുരക്ഷ വൃത്തങ്ങൾ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട കേസിൽ അസ്ഫാൻ ട്രാഫിക് പോലീസ് അന്വേഷണം തുടരുകയാണ്.

 

 

Latest News