Sorry, you need to enable JavaScript to visit this website.

ജോർദാൻ വാലി: നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ് - അധിനിവിഷ്ട ഫലസ്തീനിൽ പെട്ട ജോർദാൻ വാലി ഇസ്രായിലിൽ കൂട്ടിച്ചേർക്കുമെന്ന ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ അതിരൂക്ഷമായ ഭാഷയിൽ അപലപിച്ചു. 1967 ലെ യുദ്ധത്തിൽ ഇസ്രായിൽ പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിൽ പെട്ട ജോർദാൻ വാലി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ താൻ വീണ്ടും വിജയിക്കുന്ന പക്ഷം നിയമ നിർമാണത്തിലൂടെ ഇസ്രായിലിൽ കൂട്ടിച്ചേർക്കുമെന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സൗദി റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ജോർദാൻ വാലി ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് അസാധുവാണ്. യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണിത്. ഇത്തരമൊരു പ്രഖ്യാപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ നടത്തുന്ന ഏതു നടപടികൾക്കും തുരങ്കം വെക്കും. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾ ഫലസ്തീനികൾക്ക് തിരിച്ചുനൽകാതെയും ഫലസ്തീനികൾക്ക് പൂർണ തോതിലുള്ള അവകാശങ്ങൾ ലഭിക്കാതെയും പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ല. 
തൽസ്ഥിതി അടിച്ചേൽപിക്കുന്നതിനുള്ള ഇസ്രായിൽ ശ്രമങ്ങൾ ഫലസ്തീനികളുടെ ഉറച്ചതും സംരക്ഷിക്കപ്പെട്ടതുമായ അവകാശങ്ങൾ ഇല്ലാതാക്കില്ല. ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങളും സംഘടനകളും അപലപിക്കുകയും നിരാകരിക്കുകയും വേണം. ഈ ദിശയിലുള്ള ഏതു നടപടികളും അസാധുവാണെന്നും അതിന് ഫലസ്തീനികളുടെ ചരിത്രപരമായ അവകാശങ്ങളെ ബാധിക്കുന്ന ഒരുവിധ നിയമ പിൻബലവുമുണ്ടാകില്ലെന്നും പരിഗണിക്കപ്പെടണം. 
ഒ.ഐ.സിയുടെ അടിയന്തര അസാധാരണ യോഗം അടുത്ത ഞായറാഴ്ച നടക്കും. അംഗ രാജ്യങ്ങളിൽ നിന്നുള്ള വിദേശ മന്ത്രിമാർ ജിദ്ദയിൽ ഒ.ഐ.സി ആസ്ഥാനത്ത് സമ്മേളിച്ച് വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിനുള്ള ഇസ്രായിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികളെ കുറിച്ച് വിശകലനം ചെയ്യും. വിദേശ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി അംഗ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ജിദ്ദയിൽ യോഗം ചേരും. 
ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന മുഴുവൻ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിക്കണമെന്നും തള്ളിക്കളയണമെന്നും ഏകപക്ഷീയമായ നടപടികൾ നിർത്തിവെക്കുന്നതിന് ഇസ്രായിലിനെ നിർബന്ധിക്കണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ.യൂസുഫ് അൽഉസൈമിൻ ആവശ്യപ്പെട്ടു. 
അറബ്, ഇസ്‌ലാമിക ലോകം നിരവധി പ്രാദേശിക, മേഖലാ പ്രതിസന്ധികളിലും സംഘർഷങ്ങളിലും അകപ്പെട്ടതിന്റെ തിരക്കിലായത് അറബ്, ഇസ്‌ലാമിക ലോകത്തിൽ ഫലസ്തീൻ പ്രശ്‌നത്തിനുള്ള സ്ഥാനത്തെ ബാധിക്കില്ല. ചരിത്ര, ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങൾ മാറ്റിമറിക്കുന്നതിനും ഫലസ്തീനികളുടെ അവകാശങ്ങൾ ഹനിക്കുന്നതിനും ഏകപക്ഷീയമായി ഇസ്രായിൽ നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ ചെറുക്കുന്ന കാര്യത്തിൽ ഒരു സാഹചര്യവും അറബ് സമൂഹത്തെ പിന്തിരിപ്പിക്കില്ല. അറബ് സമാധാന പദ്ധതി വഴി പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വതവും നീതിപൂർവവുമായ സമാധാനമുണ്ടാക്കുന്നതിനുള്ള താൽപര്യം അറബ് രാജ്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 
ജോർദാൻ വാലി ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിന് ആഗോള തലത്തിൽ നിയമ സാധുതയുണ്ടാകില്ലെന്ന് ഇസ്രായിലി പ്രധാനമന്ത്രിക്ക് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
സെപ്റ്റംബർ 17 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ലക്ഷ്യമിട്ട് ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെങ്ങുമുള്ള ജൂത കുടിയേറ്റ കോളനികളും ഇസ്രായിലിൽ കൂട്ടിച്ചേർക്കുമെന്ന് നെതന്യാഹു പറഞ്ഞിട്ടുണ്ട്. 1967 ൽ ആറു ദിവസം നീണ്ടുനിന്ന അറബ്-ഇസ്രായിലി യുദ്ധത്തിനിടെ ഇസ്രായിൽ പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് വരും ജോർദാൻ വാലി. ജോർദാൻ വാലി അടക്കം വെസ്റ്റ് ബാങ്കിന്റെ 60 ശതമാനം പ്രദേശത്തും ജൂത കുടിയേറ്റ കോളനികളാണ്. ജോർദാൻ വാലിയിലെ ജെറീക്കൊ അടക്കമുള്ള ഫലസ്തീൻ നഗരങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിനുള്ള തന്റെ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. 
സൗദി അറേബ്യക്കു പുറമെ ബഹ്‌റൈനും മറ്റു അറബ് രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിലും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഇസ്രായിൽ പദ്ധതിയെ അപലപിച്ച് പ്രസ്താവനകൾ പുറത്തിറക്കി. സൗദി അറേബ്യയുടെ അപേക്ഷ കണക്കിലെടുത്താണ് പ്രശ്‌നം വിശകലനം ചെയ്യുന്നതിന് അടിയന്തര അസാധാരണ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ യൂസുഫ് അൽഉസൈമിൻ അറിയിച്ചു. 

 

Latest News