തിരുവനന്തപുരം- ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ ഉത്തരവ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കലക്ടര്‍ക്കു ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. ചാലക്കുടിയില്‍ ഡി-സിനിമാസ് നിര്‍മിക്കുന്നതിനായി ഒരേക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുവാനാണ് ഉത്തരവ്.
വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു.
നേരത്തെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചപ്പോള്‍ സംഭവം അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു തൃശൂര്‍ ജില്ലാ കലക്ടറോടു ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടുകയുമുണ്ടായി. . എന്നാല്‍, ഉന്നത തല സമ്മര്‍ദത്തെ തുടര്‍ന്നു തൃശൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നായിരുന്നു ആരോപണം.






