നാസിലിനെതിരെ ക്രിമിനല്‍ കേസുമായി തുഷാര്‍

കേസ് നേരിടുമെന്ന് നാസില്‍


ദുബായ്- തുഷാര്‍ വെള്ളാപ്പള്ളി ജയിലിലായ വണ്ടിചെക്ക് കേസ് റിവേഴ്‌സ് ഗിയറില്‍. തുഷാറിനെതിരെ പരാതി കൊടുത്ത നാസില്‍ അബ്ദുല്ലക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. അജ്മാന്‍ കോടതിയില്‍ അഭിഭാഷകന്‍ മുഖേന കേസ് ഫയല്‍ ചെയ്ത് തുഷാര്‍ വ്യാഴാഴ്ച നാട്ടിലേക്ക് പോകും. തുഷാറിനെതിരായ കേസ് അജ്മാന്‍ കോടതി തള്ളിയിരുന്നു.
അതേസമയം, കേസ് നേരിടുമെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാപനത്തിലെ ആളുകള്‍ തന്നെയാണ് തനിക്ക് ചെക്ക് തന്നത്. സ്ഥാപനത്തില്‍ താനുമായി ഇടപാട് നടത്താന്‍ ഇവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
വണ്ടിചെക്ക് കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരുമെന്ന് തുഷാര്‍ പറഞ്ഞു. അഭിഭാഷകന്‍ വഴി അജ്മാന്‍ കോടതിയിലാകും കേസ് നല്‍കുക. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും തുഷാര്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടതായി നാസില്‍ പറഞ്ഞു. നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest News