Sorry, you need to enable JavaScript to visit this website.

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ തെളിവുകള്‍; പെണ്‍കുട്ടിയുടെ സുഹൃത്ത് പെന്‍ ഡ്രൈവ് കൈമാറി

ന്യൂദല്‍ഹി- പീഡനക്കേസില്‍ കുരുക്കിലായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ സ്‌ഫോടനാത്മകമായ വിഡിയോ തെളിവുകള്‍ ഉണ്ടെന്ന് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി. ഈ തെളിവുകള്‍ പെന്‍ ഡ്രൈവില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച് പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം 15 മണിക്കൂറിലേറെ സമയം പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെന്നാണ് വിവരം. ഒരു വര്‍ഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കണ്ണടയില്‍ ഘടിപ്പിച്ച രഹസ്യ ക്യാമറ ഉപേയാഗിച്ച് ചിന്മയാനന്ദിന്റെ പീഡനം പെണ്‍കുട്ടി ചിത്രീകരിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്.

ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ ചിന്മയാനന്ദ് നടത്തുന്ന ലോ കോളേജിൽ പ്രവേശനത്തിന് വേണ്ടിയാണ് 23-കാരിയായ യുവതി കഴിഞ്ഞ വർഷം ജൂണിൽ ചിന്മയാനന്ദിനെ ആദ്യമായി ബന്ധപ്പെടുന്നത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങിയ ചിന്മയാനന്ദ് അവർക്ക് അഡ്മിഷൻ ശരിയാക്കുകയും ചെയ്തു. തുടർന്ന് യുവതിക്ക് കോളേജ് ലൈബ്രറിയിൽ അയ്യായിരം രൂപ പ്രതിഫലത്തിന് ജോലിയും വാഗ്ദാനം ചെയ്തു. ദരിദ്രപശ്ചാതലത്തിൽനിന്ന് വരുന്നതായതിനാൽ യുവതി ജോലി സ്വീകരിച്ചു. കഴിഞ്ഞ ഒക്ടബോറിൽ യുവതിയോട് ഹോസ്റ്റലിലേക്ക് മാറാൻ ചിന്മയാനന്ദ് ആവശ്യപ്പെട്ടു. പിന്നീട് ചിന്മയാനന്ദിന്റെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കോളേജ് ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാണിച്ച് ഇത് ഓൺലൈനിൽ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു. ചിന്മയാനന്ദിന്റെ സഹായികൾ തന്നെ തോക്കുമുനയിൽ നിർത്തിയാണ് തന്നെ അയാൾക്ക് മുന്നിലേക്ക് കൊണ്ടുപോയതെന്നും യുവതി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതി ഫെയ്‌സ്ബുക്കിൽ ചിന്മയാനന്ദിനെതിരെ പോസ്റ്റിട്ട് ഹോസ്റ്റലിൽനിന്ന് ഓടിപ്പോയി. തന്നെയും നിരവധി പെൺകുട്ടികളെയും ചിന്മായാനന്ദ് നശിപ്പിച്ചതായി ആരോപിച്ചായിരുന്നു പെൺകുട്ടി പോസ്റ്റിട്ടത്.

പെൺകുട്ടിയെ കാണാതായതിനെ പറ്റി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തുടക്കത്തിൽ തയ്യാറായിരുന്നില്ല. പിന്നീട് ഇക്കാര്യം വിവാദമായപ്പോഴാണ് പോലീസ് ഉണർന്നത്. ഒരാഴ്ചക്ക് ശേഷം രാജസ്ഥാനിൽനിന്നാണ് യുവതിയെ കണ്ടെത്തിയത്. തനിക്ക് യു.പി പോലീസിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ദൽഹി പോലീസിലാണ് പരാതി പിന്നീട് നൽകിയത്. തെളിവുകൾ ആർക്ക് നൽകാനും മടിയില്ലെന്നും പക്ഷെ ആദ്യം കുറ്റാരോപിതരെ പിടികൂടണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ തന്നെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നാണ് ചിന്മയാനന്ദ് പ്രതികരിച്ചത്.

Latest News