മലയാളി യുവതിയെ കൊലപ്പെടുത്തിയത് സന്ദര്‍ശക വിസയിലെത്തിയ ഭര്‍ത്താവ്

ദുബായ്- ദുബായില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് സന്ദര്‍ശക വിസയിലെത്തിയ ഭര്‍ത്താവ്. കൊല്ലം തിരുമുല്ലവാരം പുന്നത്തല വിഷ്ണത്തുകാവ് നഗര്‍ അനുഗ്രഹയില്‍ (തേവാഴികത്തുവീട്) ചന്ദ്രശേഖരന്‍ നായരുടെയും ചന്ദ്രികയുടെയും മകളായ വിദ്യാചന്ദ്രന്‍ (40) ആണ് അല്‍ഖൂസിലെ ജോലിസ്ഥലത്ത് കുത്തേറ്റു മരിച്ചത്.
ഭര്‍ത്താവ് തിരുവനന്തപുരം നേമം മേലാംകോട് എന്‍.എസ്.എസ്. കരയോഗത്തിന് സമീപം തെക്കേവീട്ടില്‍ യുഗേഷിനെ  പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അല്‍ഖൂസില്‍ വിദ്യ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വിളിച്ചിറക്കി പാര്‍ക്കിങ് സ്ഥലത്തുെവച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയാണ് കൊലപാതകവിവരം ബന്ധുക്കളെ ആദ്യമറിയിച്ചത്. യു.എ.ഇ.യിലുള്ള വിദ്യയുടെ ബന്ധുക്കള്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടപോകാനുള്ള ശ്രമത്തിലാണ്.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വിദ്യയും യുഗേഷും പിണക്കത്തിലായിരുന്നു. ഇതിനിടെയാണ് ജോലികിട്ടി  വിദ്യ ദുബായില്‍ എത്തിയത്. പത്ത് വര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്ന യുഗേഷ് പിന്നീട് നാട്ടിലെത്തി ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു. അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധയും ഒന്നാംക്ലാസുകാരി വരദയും. ഇവര്‍ തിരുമുല്ലവാരത്തെ വീട്ടില്‍ വിദ്യയുടെ അച്ഛനമ്മമാരോടൊപ്പമാണ്.  

 

Latest News