Sorry, you need to enable JavaScript to visit this website.

രോഹിത ചിരിക്കുന്നു; നാട്ടിലെ കോലാഹലങ്ങളറിയാതെ 

രോഹിത അച്ഛൻ, അമ്മ, സഹോദരങ്ങൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവർക്കൊപ്പം.

ഇടുക്കി- മുള്ളരിക്കുടിയിലെ വീട്ടുമുറ്റത്ത് ഒന്നും മനസ്സിലാകാതെ പുഞ്ചിരിച്ച മുഖവുമായി നിഷ്‌കളങ്കതയോടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു അവൾ. ഒരൊറ്റ രാത്രി കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നര വയസ്സുകാരി രോഹിത.


ഞായറാഴ്ച പുലർച്ചെയാണ് രാജമലക്കു സമീപം വനപാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഈ പെൺകുഞ്ഞ് വഴിയരികിലേക്ക് തെറിച്ചു വീണത്. ഉറക്കത്തിലായിരുന്ന മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇത് അറിഞ്ഞത് തിരികെ വീട്ടിൽ എത്തുമ്പോഴാണ്. എന്നാൽ മാതാപിതാക്കൾ മനഃപൂർവം കുട്ടിയെ ഉപേക്ഷിച്ചതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സംഭവത്തോട് പ്രതികരിച്ച മാതാപിതാക്കൾ പറയുന്നത് ഇങ്ങനെ: 'ഇത് ഞങ്ങളുടെ പൊന്നുമോളാണ്, അവളെ വഴിയിൽ ഉപേക്ഷിച്ചതല്ല, ഞങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാലും അവളെ സംരക്ഷിക്കും .അബദ്ധവശാൽ കുട്ടി കയ്യിൽ നിന്ന് പോയതാണ്.


കുടുംബാംഗങ്ങൾ പളനിയിൽ എത്തി ക്ഷേത്ര ദർശനം നടത്തി തിരികെ വൈകിട്ടോടെ കുട്ടിയുടെ അമ്മ വീടായ ഉദുമൽപേട്ടയിൽ എത്തുകയും തുടർന്ന് ഭക്ഷണം കഴിച്ച് അവിടെ നിന്നും മടങ്ങുകയുമായിരുന്നു. കുട്ടിയുടെ അമ്മ സത്യഭാമ കഴിഞ്ഞ ആറു മാസക്കാലമായി ശരീരത്തിലെ അയണിന്റെ കുറവു മൂലം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ദീർഘദൂര യാത്ര ചെയ്യുന്ന വേളയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അന്നേ ദിവസവും മരുന്ന് കഴിച്ചാണ് ഉദുമൽപേട്ടയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ കുട്ടി പലരുടേയും കൈകളിലായിരുന്നു. മരുന്നിന്റെ കാഠിന്യം കൊണ്ടാണ് താൻ ഉറങ്ങിപ്പോയതെന്നും കുട്ടിയുടെ മാതാവ് പറയുന്നു.


അപകടകരമായ പ്രതിസന്ധികളെ തരണം ചെയ്താണ് ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞായി രോഹിത പിറന്നത്. അവൾക്കുള്ള കളിപ്പാട്ടവും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്. തിരികെ എത്തുമ്പോൾ കുട്ടിയില്ലെന്നറിഞ്ഞതോടെ ആകെ തകർന്നു പോയെന്നും ആ സമയം നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെക്കുറിച്ച് അന്വേഷിച്ചതെന്നും വനപാലകരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും കുട്ടിയുടെ പിതാവ് സതീഷ് പറഞ്ഞു. കുട്ടിയെ കാണാതായപ്പോഴുണ്ടായ ആശങ്കയും തിരിച്ചു കിട്ടിയതിലെ സന്തോഷവും കുട്ടിയുടെ മുത്തച്ഛൻ ശങ്കരനും മുത്തശ്ശി ഓമനയും പങ്കുവെച്ചു. കുഞ്ഞു രോഹിത അപ്പോഴും വീട്ടുമുറ്റത്ത് സഹോദരങ്ങളായ രോഹിത്തിനും റോഷിതക്കും വീട്ടിലെ നായ്ക്കുട്ടിക്കുമൊപ്പം കളിക്കുന്ന തിരക്കിലായിരുന്നു. 

 

Latest News