Sorry, you need to enable JavaScript to visit this website.

ഇളവ് അവസാനിച്ചു; ഷോറൂം മാനേജർ തസ്തികകളിൽ സൗദിവൽക്കരണം പ്രാബല്യത്തിൽ

റിയാദ് - മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നടപ്പാക്കിയ 12 മേഖലകളിൽ ഷോറൂം മാനേജർ തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് നൽകിയ സാവകാശം അവസാനിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ ഷോറൂം മാനേജർ തസ്തികകൾ സൗദിവൽക്കരിക്കുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് പ്രത്യേക ഇളവ് നൽകിയിരുന്നു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് കടകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിലാണ് മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നിർബന്ധമാക്കിയത്. 


ഈ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സൗദിവൽക്കരണം നിർബന്ധമാക്കി. നവംബർ ഒമ്പതിനു നിലവിൽ വന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നീ സ്ഥാപനങ്ങളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽ വന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളും സൗദിവൽക്കരണത്തിന്റെ പരിധിയിൽ വന്നു. 
സൗദി ജീവനക്കാർക്ക് മതിയായ പരിചയ സമ്പത്ത് ആർജിക്കുന്നതിന് അവസരമൊരുക്കുന്നത് ലക്ഷ്യമിട്ട് ഷോറൂം മാനേജർ തസ്തികകളിൽ തുടർന്നും വിദേശികളെ ജോലി ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചിരുന്നു. ഹിജ്‌റ 1440 മുഹറം ഒന്നു (2018 സെപ്റ്റംബർ 11) മുതൽ ഒരു വർഷത്തേക്കാണ് മാനേജർ തസ്തികകൾ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഈ സമയം അവസാനിച്ചിട്ടുണ്ടെന്നും മാനേജർ തസ്തികകളും സൗദി പൗരന്മാർക്കു മാത്രമായി പരിമിതപ്പെടുത്തൽ നിർബന്ധമാണെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 


സ്വകാര്യ മേഖലയിൽ കൂടുതൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ശ്രമിച്ച് ഹോട്ടലുകളും റിസോർട്ടുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കമുള്ള ആതിഥേയ മേഖലയിൽ മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നീ വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. 


ഹോട്ടൽ ഡെപ്യൂട്ടി മാനേജർ, ഐ.ടി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജർ, സെയിൽസ് ഡിപ്പാർട്ട്‌മെന്റ് മാനേജർ-അസിസ്റ്റന്റ് മാനേജർ, സെയിൽസ് റെപ്രസെന്റേറ്റീവ്-സെയിൽസ് അഡ്മിനിസ്‌ട്രേറ്റർ, ഹെൽത്ത് ക്ലബ് സൂപ്പർവൈസർ, ഹോട്ടലുകളിലെ ജനറൽ സർവീസ് സൂപ്പർവൈസർ, ഗുഡ്‌സ് റിസീവിംഗ് ക്ലാർക്ക്, റൂം സർവീസ് ഓർഡർ റിസീവർ, റെസ്റ്റോറന്റ്-കോഫി ഷോപ്പ് സ്റ്റ്യുവാർഡ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ക്ലാർക്ക്, എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലാർക്ക്, അഡ്മിനിസ്‌ട്രേറ്റീവ് എംപ്ലോയി, അഡ്മിനിസ്‌ട്രേഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകൾ പൂർണമായും സൗദിവൽക്കരിക്കൽ നിർബന്ധമാണ്. 
ബുക്കിംഗ്, പർച്ചേയ്‌സിംഗ്, മാർക്കറ്റിംഗ്, ഫ്രണ്ട് ഓഫീസ് എന്നീ വിഭാഗങ്ങളിലും 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. ഫ്രണ്ട് ഓഫീസ് വിഭാഗത്തിൽ ബാഗേജ് കാരിയർ, ഉപയോക്താക്കളുടെ കാറുകൾ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന തൊഴിലാളികൾ, ഡ്രൈവർ, ഡോർ കീപ്പർ എന്നീ തസ്തികകൾ സമ്പൂർണ സൗദിവൽക്കരണത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. 
സെയിൽസ് മാനേജർ, ഇവന്റ്-കോഫറൻസ് സെയിൽസ് മാനേജർ തസ്തികകളിൽ മിനിമം 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കിയിരിക്കണം. ഫുഡ്, ഡ്രിങ്ക്‌സ് സൂപ്പർവൈസർ, റൂം സർവീസ് സൂപ്പർവൈസർ, പാർട്ടി സെക്ഷൻ സൂപ്പർവൈസർ, ലോൺട്രി സൂപ്പർവൈസർ എന്നീ തസ്തികകളുള്ള സ്ഥാപനങ്ങളിൽ ഈ തസ്തികകളിൽ ചുരുങ്ങിയത് ഒരു സൗദിയെ എങ്കിലും നിയമിക്കലും നിർബന്ധമാണ്. ഡിപ്പാർട്ട്‌മെന്റുകളും സ്‌പെഷ്യലിസ്റ്റ് തൊഴിലുകളും 2019 ഡിസംബർ 27 മുതലും സൂപ്പർവൈസർ, അസിസ്റ്റന്റ് മാനേജർ തസ്തികകൾ 2020 ജൂൺ 22 മുതലും മാനേജർ തസ്തികകൾ 2020 ഡിസംബർ 16 മുതലുമാണ് സൗദിവൽക്കരണം നടപ്പാക്കേണ്ടത്. 
സൗദിവൽക്കരിക്കുന്നതിന് തീരുമാനിച്ച തൊഴിലുകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതും ഈ തൊഴിലുകൾ നിർവഹിക്കുന്നതിന് വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. 

 

Latest News