ആംബുലന്‍സ് ലഭിച്ചില്ല; പേരമകളുടെ മൃതദേഹം തോളിലേറ്റി

ഫരീദാബാദ്- ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒമ്പതു വയസ്സായ പേരമകളുടെ മൃതദേഹം തോളിലേറ്റാന്‍ നിര്‍ബന്ധിതനായി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
ചികിത്സ കിട്ടാതെ മരിച്ച കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല.


ഫരീദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ ലക്ഷ്മി എന്ന ഒമ്പത് വയസ്സുകാരിയാണ് പനി ബാധിച്ച് മരിച്ചത്.  മൃതദേഹം തോളിലേറ്റി പോകുന്നത് കണ്ട എതാനും പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് പിന്നീട് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്. കുട്ടിയെ നേരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ അവിടെ ചികിത്സ നിഷേധിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ആറായിരം രൂപവരെ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ഫരീദാബാദ് സിവില്‍ ആുശപത്രിയില്‍ പ്രവേശിപ്പിച്ചത്.


പനി മൂര്‍ഛിച്ചിട്ടും ഡോക്ടര്‍മാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് പറയുന്നു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ മരിച്ച കുട്ടിയുടെ മൃതദേഹം ഉടന്‍ കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒഡീഷയിലെ കലഹന്ദിയില്‍ ഇതുപോലെ ഒരു ആദിവാസി ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10 കി.മീ നടന്ന സംഭവം വിവാദമായിരുന്നു.

Latest News