കയറ്റുമതിക്ക് സഹായവുമായി അബുദാബിയില്‍ ഇനി അഡെക്‌സ്

അബുദാബി- യു.എ.ഇയില്‍നിന്ന് എണ്ണയിതര ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് അബുദാബി വികസന നിധിയുടെ കീഴില്‍ അബുദാബി എക്‌സ്‌പോര്‍ട്ട്‌സ് (അഡെക്‌സ്) എന്ന പുതിയ വിഭാഗം ആരംഭിച്ചു. എമിറേറ്റ്‌സ് പാലസില്‍ നടന്ന  ചടങ്ങില്‍ യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.
യു.എ.ഇ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് വിദേശ വിപണിയിലേക്ക് കയറാനുള്ള പിന്തുണയാണ് അഡെക്‌സ് വാഗ്ദാനം ചെയ്യുന്നത്. വിദേശ കമ്പനികളുടെ ആവശ്യം അനുസരിച്ച് സാമ്പത്തിക സഹായവും ഗ്യാരന്റിയും അഡെക്‌സ് നല്‍കും. ക്രൂഡ് ഓയില്‍ ഒഴികെയുള്ള ഏത് ബിസിനസിനും കുറഞ്ഞത് മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ 15 വര്‍ഷ കാലാവധിയില്‍ ധനസഹായം ലഭ്യമാക്കും.
പദ്ധതി യു.എ.ഇയുടെ വികസനത്തിന് ആക്കം കൂട്ടുമെന്ന്  ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി വികസന നിധി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

 

Latest News