Sorry, you need to enable JavaScript to visit this website.

ഹജ്, ഉംറ വിസ ഫീസ് ഏകീകരിക്കുന്നു

ജിദ്ദ - ഹജ്, ഉംറ, സിയാറത്ത് വിസ ഫീസ് സൗദി അറേബ്യ ഏകീകരിക്കുമെന്ന് റിപ്പോർട്ട്. ഹജ്, ഉംറ, സിയാറത്ത് വിസകൾക്ക് 300 റിയാലാകും ഫീസ്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് ഉക്കാദ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഹജ്, ഉംറ, സിയാറത്ത് വിസ പുനഃസംഘടനക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. 


ഇതിന്റെ ഭാഗമായി ഉംറ ആവർത്തിക്കുന്നവർക്ക് ബാധമാക്കിയ ഫീസ് സൗദി അറേബ്യ എടുത്തുകളഞ്ഞിട്ടുണ്ട്. ഉംറ ആവർത്തിക്കുന്നതിന് ആഗ്രഹിക്കുന്നവരിൽ നിന്ന് രണ്ടായിരം റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വൻകിട പശ്ചാത്തല സൗകര്യങ്ങൾ നടപ്പാക്കി ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായും ലോകത്തെങ്ങും നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് എളുപ്പമാക്കുന്നതിന് ശ്രമിച്ചുമാണ് ഉംറ ആവർത്തിക്കുന്നവർക്കുള്ള ഫീസ് എടുത്തുകളഞ്ഞതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു.

2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിന് ഉന്നമിടുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉംറ ആവർത്തിക്കുന്നവർക്ക് സൗദി അറേബ്യ രണ്ടായിരം റിയാൽ വീതം ഫീസ് ബാധകമാക്കിയത്. 

Tags

Latest News