Sorry, you need to enable JavaScript to visit this website.

ഖത്തർ ഭരണകൂടം വിഭാഗീയതക്ക് വളം വെക്കുന്നു -ബഹ്‌റൈൻ മന്ത്രി

അലി അൽറുമൈഹി

മനാമ - ഖത്തറിലെ അൽജസീറ ചാനൽ അറബ്, ഇസ്‌ലാമിക ലോകത്ത് വിഭാഗീയ സംഘർഷങ്ങൾക്കും ചേരിതിരിവുകൾക്കും വളം വെക്കുകയാണെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി അലി അൽറുമൈഹി പറഞ്ഞു. അൽജസീറ ചാനൽ വഴി അറബ്, ഇസ്‌ലാമിക ലോകത്ത് വിഭാഗീയത ഇളക്കിവിടുന്നതിനും ചേരിതിരിവുകൾക്ക് വളം വെക്കുന്നതിനും ഗൾഫ്, അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾക്ക് അപകീർത്തിയുണ്ടാക്കുന്നതിനും ഖത്തർ ഭരണകൂടം പവിത്രമായ മുഹറം മാസത്തെ തെരഞ്ഞെടുത്തതിൽ ആശ്ചര്യമില്ല. 
ഖത്തർ മാധ്യമങ്ങൾ പിന്തുടരുന്ന അപകീർത്തിപ്പെടുത്തലുകൾ ഖത്തറിന്റെ മാധ്യമ പാപ്പരത്വവും യുക്തിരാഹിത്യവുമാണ് പ്രതിഫലിപ്പിക്കുന്നത്. പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുന്നതിന് സാധിക്കുമെന്ന് പ്രത്യാശിച്ച് എട്ടു വർഷത്തിലേറെ പഴക്കമുള്ള വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും വീണ്ടും സംപ്രേഷണം ചെയ്യുന്നതിലൂടെ നൈരാശ്യത്തിന്റെ ഘട്ടത്തിലേക്ക് തങ്ങൾ എത്തിയിരിക്കുന്നു എന്നാണ് ഖത്തർ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. 
പ്രൊഫഷനലിസത്തിനു നിരക്കാത്ത ഇത്തരം മാധ്യമ പ്രവരർത്തന ശൈലികൾ അൽജസീറ ചാനൽ സ്വകാര്യ, സ്വതന്ത്ര ചാനൽ ആണെന്ന ഖത്തർ ഗവൺമെന്റിന്റെ വാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. ഖത്തർ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ഗവൺമെന്റ് ചാനലാണിത്. ബഹ്‌റൈനിൽ ദേശീയൈക്യം തകർക്കുന്നതിനും സുരക്ഷാ ഭദ്രതക്ക് തുരങ്കം വെക്കുന്നതിനുമാണ് മൂന്നു ദശകമായി ഖത്തർ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ബഹ്‌റൈൻ ജനതയുടെ അവബോധവും ഐക്യവും ഭരണാധികാരികളും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതിനാലും ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുക തന്നെ ചെയ്യും. 
വിദ്വേഷവും തീവ്രവാദവും നിറഞ്ഞ തങ്ങളുടെ മാധ്യമ പ്രചാരണങ്ങൾ വിശ്വസിക്കുന്നവരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും പരമാധികാരത്തെയും കുറിച്ചാണ് ഖത്തർ ഭരണകൂടം ഇപ്പോൾ സംസാരിക്കുന്നത്. ദശകങ്ങളായി ഖത്തർ ഭരണകൂടത്തിന് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. നിലവിലെ പ്രതിസന്ധിക്കു മുമ്പു തന്നെ ഖത്തർ ഭരണകൂടത്തിന്റെ യുക്തി നശിച്ചിട്ടുണ്ട്. സൗദി അറേബ്യക്കും ഈജിപ്തിനും ബഹ്‌റൈനും യു.എ.ഇക്കും മറ്റു അറബ് രാജ്യങ്ങൾക്കും അപകീർത്തിയുണ്ടാക്കുന്ന വഴിയിലൂടെയാണ് ദശകങ്ങളായി ഖത്തർ സഞ്ചരിക്കുന്നത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാതെ വെപ്രാളത്തിലായ ഖത്തർ ഭരണകൂടം തങ്ങൾ അനീതിക്കിരയാവുകയാണെന്ന് ആഗോള സമൂഹത്തിനു മുന്നിൽ വാദിക്കുകയാണ്. 
ഖത്തർ മാധ്യമങ്ങൾ പിന്തുടരുന്ന മാധ്യമ നയം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. നിലവിലെ പ്രതിസന്ധി ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നും കൂടുതൽ ഉന്നതി കൈവരിച്ചതായും ആഭ്യന്തര തലത്തിൽ പ്രചാരണങ്ങൾ നടത്തുമ്പോൾ തന്നെ ആഗോള സമൂഹത്തെ ലക്ഷ്യമിട്ട് പരിവേദനങ്ങൾ നിറഞ്ഞ പ്രചാരണങ്ങളാണ് അവ നടത്തുന്നത്. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഭരണകൂട വിരുദ്ധ കലാപങ്ങൾ ഖത്തർ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും പിന്തുണക്കുകയും ചെയ്യുന്നു. അറബ് ലോകത്തെ പൊതുജനത്തെ വിഡ്ഢികളായി കണ്ട് 
ഖത്തർ പിന്തുടരുന്ന മാധ്യമ നയം ഇതാണ്. ഈ നയങ്ങൾക്ക് ഖത്തർ ഭരണകൂടം പ്രതീക്ഷിക്കുന്ന പ്രചാരം ലഭിക്കില്ലെന്നും ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി അലി അൽറുമൈഹി പറഞ്ഞു.

Tags

Latest News