Sorry, you need to enable JavaScript to visit this website.

അത് വ്യാജ പ്രചാരണം; 35 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗദിയില്‍ തൊഴില്‍ വിലക്കില്ല

റിയാദ് - സൗദിയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍  തൊഴില്‍ നേടുന്നതില്‍ നിന്ന് 35 വയസ്സ് പിന്നിട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പൊതുമേഖലയില്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും നിയമനം നല്‍കുന്നതില്‍ നിന്നും 35 പിന്നിട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയവും വ്യക്തമാക്കി.
പുതുതായി നിയമിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നതിന് സ്ഥാപനങ്ങളെ അനുവദിക്കുന്ന നിയമ വകുപ്പ് രാജ്യത്തില്ലെന്ന് ദേശീയ മനുഷ്യാവകാശ സംഘടന പറഞ്ഞു. ചില സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി വെക്കുന്നതായി ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങളും വകുപ്പുകളും ഉദ്യോഗാര്‍ഥികളുടെ കൂടിയ പ്രായപരിധി മുപ്പതു വയസ്സായും മറ്റു ചില സ്ഥാപനങ്ങള്‍ മുപ്പത്തഞ്ചു വയസ്സായുമാണ് തൊഴില്‍ പരസ്യങ്ങളില്‍ നിശ്ചയിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് നിയമ പിന്‍ബലമില്ലെന്നും ചില സ്ഥാപനങ്ങള്‍ സ്വന്തം തീരുമാന പ്രകാരമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത പ്രായപരിധി വ്യവസ്ഥ ബാധകമാക്കുന്നതെന്നും ദേശീയ മനുഷ്യാവകാശ സംഘടന പ്രസിഡന്റ് ഡോ. മുഫ്‌ലിഹ് അല്‍ഖഹ്താനി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കു വെക്കുന്നതും ചൂഷണം ചെയ്യുന്നതും വിലക്കുന്നതിന് ലക്ഷ്യമിട്ട് ജോലിയില്‍ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി നിയമം നിര്‍ണയിക്കുന്നുണ്ട്. ചില സ്ഥാപനങ്ങള്‍ ചില തൊഴിലുകളില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത പ്രായപരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വന്തം അധികാരം ഉപയോഗപ്പെടുത്തിയാണ് സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പൊതുവ്യവസ്ഥയായി ഇത് മാറാന്‍ പാടില്ല. കാരണം പതിനെട്ടു തികഞ്ഞ് വിരമിക്കല്‍ പ്രായം വരെ ജോലി ചെയ്യുന്നതിനുള്ള ആളുകളുടെ അവകാശത്തിന് ഇത് പ്രതിബന്ധമായി മാറുമെന്നും ഡോ. മുഫ്‌ലിഹ് അല്‍ഖഹ്താനി പറഞ്ഞു.

 

Latest News