Sorry, you need to enable JavaScript to visit this website.

സിറിയയിലെ സുരക്ഷിത മേഖലാ പദ്ധതി അമേരിക്ക തകര്‍ക്കുന്നു-തുര്‍ക്കി

അങ്കാറ-വടക്കുകിഴക്കന്‍ സിറിയയിലെ നിര്‍ദിഷ്ട സുരക്ഷിത മേഖലക്ക് വേണ്ടി അമേരിക്ക കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ്  സ്വീകരിക്കുന്നതെന്ന് തുര്‍ക്കി ആരോപിച്ചു. സുരക്ഷിത പ്രദേശം ഏര്‍പ്പെടുത്തുന്നതിന് ഏകപക്ഷീയമായ സൈനിക ഇടപെടല്‍ നടത്തുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് ആവര്‍ത്തിക്കുകയും ചെയ്തു. സിറിയന്‍ കുര്‍ദ് പോരാളികളുമായി ചേര്‍ന്ന് സെയ്ഫ് സോണ്‍ പദ്ധതി പൊളിക്കാന്‍ വാഷിംഗ്ടണ്‍ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലത് കാവുസോഗ്ലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറിയന്‍ കുര്‍ദ് പോരാളികളെ അതിര്‍ത്തിയില്‍ നിന്ന് അകറ്റുന്നതിനാണ്  സുരക്ഷിത സോണിനായി തുര്‍ക്കി സമ്മര്‍ദം ചെലുത്തുന്നത്.  തുര്‍ക്കിയുടെ അതിര്‍ത്തിക്കുള്ളിലെ കുര്‍ദ് വിഘടനവാദികളുമായി ബന്ധമുള്ള ഭീകരരയാണ് സിറയിലെ കുര്‍ദ് പോരാളികളെ  തുര്‍ക്കി കണക്കാക്കുന്നത്.
ഭീകര സംഘടനയില്‍നിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അമേരിക്കക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിറിയയില്‍ ഐ.സിനെതിരായ  യുദ്ധത്തില്‍ അമേരിക്കയുടെ സഖ്യകക്ഷികളായിരുന്നു സിറിയന്‍ കുര്‍ദ് പോരാളികള്‍. ഒരു ഭാഗത്ത് ഞങ്ങളോടൊപ്പം ചേര്‍ന്ന് കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ സ്വീകരിക്കുന്ന അമേരിക്ക മറുഭാഗത്ത് സിറിയന്‍ കുര്‍ദ് പോരാളികളുമായി ബന്ധം ശക്തമാക്കുകയാണെന്നും തുര്‍ക്കി മന്ത്രി കുറ്റപ്പെടുത്തി.
നിര്‍ദിഷ്ട സെയ്ഫ് സോണ്‍ പ്രദേശത്ത് തുര്‍ക്കിയും അമേരിക്കയും സംയുക്ത ഹെലിക്കോപ്റ്റര്‍ പട്രോളിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. അതേസമയം തന്നെ  സിറിയന്‍ കുര്‍ദ് സേനയുമായി ചേര്‍ന്ന് യുഎസ് സൈനികര്‍ ശനിയാഴ്ച പട്രോളിംഗ് നടത്തി. ഇതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്.
തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം പ്രദേശത്തുനിന്ന് ഭീകരരെ നീക്കം ചെയ്യുക ദേശീയ സുരക്ഷയുടെ ഭാഗമാമെന്ന് തുര്‍ക്കി മന്ത്രി പറഞ്ഞു. സുരക്ഷിത മേഖലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്  രണ്ട് യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നതിനിടെയാണ് തുര്‍ക്കി മന്ത്രിയുടെ പ്രസ്താവന.

 

Latest News