Monday , January   20, 2020
Monday , January   20, 2020

ബീഫും പ്രവാസിച്ചരടും 

ബീഫിനോടുള്ള ചങ്ങാതിമാരുടെ ആക്രാന്തം മൽബുവിന് വിശ്വസിക്കാനായില്ല. ഇതെങ്ങാനും കൊണ്ടുവന്നിരുന്നില്ലേൽ എന്താകുമായിരുന്നു സ്ഥിതി. 
മൊയ്തുവാണ് പറഞ്ഞത്. 
റൂമിൽ എല്ലാവരും ബീഫ് കൊതിയന്മാരാണെന്നും ബീഫ് കൊണ്ടുപോകണമെന്നും. 
മൊയ്തുവിന്റെ മകൻ ഉസ്മാനോടൊപ്പം ഫഌറ്റിൽ കയറിയപ്പോൾ ആദ്യം കേട്ട കമന്റ് ഇന്ന് ബീഫ് ഫെസ്റ്റ് എന്നായിരുന്നു. ബാഗ് തുറന്ന് വേഗം ബീഫ് പൊതി എടുത്തുകൊടുത്തു. നന്നായി പാകം ചെയ്തതാണ്. ഇനി ചൂടാക്കുകയേ വേണ്ടൂ.
വളരെയേറെ ശ്രദ്ധിച്ചാണ് ബീഫ് ഇവിടെവരെ എത്തിച്ചത്. ബാഗ് കൈയിൽനിന്ന് താഴെ വെക്കാത്തതുകൊണ്ട് വിമാനത്തിൽ അടുത്തിരുന്നയാൾ കളിയാക്കിയിരുന്നു. എല്ലാവരുടെ ബാഗിലും വിലപിടിപ്പുള്ള സാധനങ്ങൾ തന്നെയാണ്. നിങ്ങളുടെ ബാഗ് എവിടെയെങ്കിലും വെച്ചൂന്ന് കരുതി ആരും ഒന്നും എടുക്കാനൊന്നും പോകുന്നില്ല. 
പോത്തിനു തണുപ്പ് കിട്ടാൻ ബാഗിന്റെ സിബ് പാതി തുറന്നാണ് പിടിച്ചിരുന്നത്. ഒടുവിൽ സഹയാത്രികനോട് സംഗതി വിശദീകരിക്കേണ്ടി വന്നു. ഇതിൽ പാകം ചെയ്ത കുറച്ചു ബീഫുണ്ട്. അത് മോശമാകാതെ അങ്ങോട്ടെത്തിക്കണം. ഫഌറ്റിൽ ഇതിനായി കുറെ ആളുകൾ കാത്തിരിപ്പുണ്ട്. മോശായിപ്പോയാൽ പിന്നെ പറയേണ്ടല്ലോ. 
ഉം.. ഞാനത് ഊഹിച്ചു എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ടയാളൊരു ദുരനുഭവത്തിന്റെ കഥ പറഞ്ഞു. 
മുംബൈ വഴിയുള്ള യാത്രയിൽ ബീഫ് കൊണ്ടുവന്ന് ഒന്നിനും പറ്റാതായി വലിച്ചെറിയേണ്ടി വന്ന കഥ. നല്ല വാഴ ഇലയിൽ പൊതിഞ്ഞ ബീഫ് മുംബൈയിൽ വെച്ച് എയർപോർട്ട് സെക്യൂരിറ്റിക്കാർ അഴിപ്പിച്ചു. എന്നിട്ട് അതിൽ വടി കൊണ്ട് കുത്തി നോക്കി. പാകം ചെയ്ത ബീഫാണെന്ന് പറഞ്ഞിട്ടും അവർ വെറുതെ വിട്ടില്ല.
ഭാഗ്യത്തിന് അവർ ബീഫിൽ മാത്രമേ കുത്തിയുള്ളൂ. ബീഫ് കൊണ്ടുവന്നയാളെ കുത്തിയില്ല. ബീഫ് കൊണ്ടുപോകുന്നവരെ കുത്തുന്ന കാലമാണല്ലോ. പക്ഷേ വെന്തുമണത്ത ബീഫിനു മേലുള്ള ഓരോ കുത്തും പാവം പ്രവാസിയുടെ മേലാണ് കൊണ്ടിരുന്നത്. അങ്ങനെ അവിടെ വെച്ച് ആക്രമണത്തിനിരയായ ബീഫ് മുറിയിലെത്തിച്ചപ്പോൾ ഒന്നിനും കൊള്ളാത്ത നിലയിലായിരുന്നു. മാർഗ മധ്യേ തന്നെ മരണം സംഭവിച്ചു. 
നമ്മുടെ നാട്ടിലെ എയർപോർട്ടിലായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല. നോർത്ത് ഇന്ത്യക്കാരായ സെക്യൂരിറ്റിക്കാർക്കു പോലും അറിയാം ഓരോ വിമാനത്തിലും ഗൾഫിലേക്ക് പറക്കുന്ന ബീഫിന്റെ കണക്ക്. വിമാനങ്ങൾ പറന്നുയരാറുള്ളത് കുറെ പോത്തുകളുമായാണെന്നാണ് പൊതുവെ പറയാറുള്ളത്. ഓരോ വിമാനത്തിലും ചുരുങ്ങിയത് ഒരു ക്വിന്റൽ ബീഫെങ്കിലും കാണുമായിരിക്കും. കൂടുകയല്ലാതെ കുറയില്ല. 
ബീഫില്ലാതെ മടങ്ങിയാൽ ബാച്ചിലേഴ്‌സ് റൂമിൽ നിലയും വിലയും ഉണ്ടാകില്ലെന്ന് അറിയുന്നതുകൊണ്ടു തന്നെ എത്ര ദൂരം പോയിട്ടായാലും ബീഫ് ഒപ്പിക്കുന്നവരാണ് പ്രവാസികൾ. പല നാട്ടുകാർ കൂടിയിരുന്ന് തിന്നുന്നതു കൊണ്ട് തന്നെ പാകം ചെയ്യുന്നത് കേമമാക്കാനും പ്രവാസി ഭാര്യമാർ ശ്രമിക്കും. ചിലർ പ്രൊഫഷണൽ കുക്കിനെ ഏർപ്പാടാക്കും. 
ഉസ്മാന്റെ ഫഌറ്റിലെ താമസക്കാർ മാത്രമല്ല, അവരുടെ ചങ്ങാതിമാരും ബീഫ് ഫെസ്റ്റിനു വന്നിരുന്നു. എല്ലാവരും മൽബിയുടെ പാചകത്തെ പുകഴ്ത്തി. അതൊക്കെ കേട്ടപ്പോൾ മൽബു ആലോചിക്കാരുന്നു. 
സൈനുമ്മ വന്നില്ലേൽ കാണാരുന്നു. സ്ഥലത്തെ പേരുകേട്ട വെപ്പുകാരത്തിയാണ് സൈനുമ്മ. അവർ പാകം ചെയ്ത ബീഫിനാണ് ഇപ്പോൾ മൽബിക്ക് ചുമ്മാ പ്രശംസ കിട്ടുന്നത്. പലരും പറയാറുണ്ടായിരുന്നു സൈനുമ്മ പാകം ചെയ്യുന്ന ബീഫിന്റെ മേന്മ. മൽബി ചെയ്‌തോളാന്ന് പറഞ്ഞിട്ടും സ്ഥലത്തെ നാട്ടിലെ പ്രധാന വെപ്പുകാരത്തിയെ ഏർപ്പാടാക്കൻ അതാണ് കാരണം. 
ബീഫും പൊറോട്ടയും അകത്താക്കുന്നതിനിടയിൽ പലരും പല വിഷയങ്ങളാണ് ചർച്ച ചെയ്തത്. കളിയും കാര്യവും തുടരുന്നതിനിടെയാണ് ഹംസ ഗൗരവമാർന്ന ഒരു കാര്യം അവതരിപ്പിച്ചത്. 
കാലിക്കറ്റിൽനിന്ന് എയർ ഇന്ത്യ ആരംഭിച്ചാലും ജിദ്ദയിൽ ഇറങ്ങാൻ അനുവദിച്ചു കൊള്ളണമെന്നില്ല. നേരിട്ടുള്ള വിമാനത്തിന് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ എല്ലാവരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന സമയമാണ്. 
സൗദിയയുടെ കുത്തക സംരക്ഷിക്കാനാണോ എയർ ഇന്ത്യയെ അനുവദിക്കാത്തത്? 
പറഞ്ഞത് ട്രാവൽ ഫീൽഡുമായി ബന്ധമുള്ള ഹംസ ആയതിനാൽ എല്ലാവരും മറുപടിക്ക് കാത്തുനിൽക്കുകയാണ്. 
എയർ ഇന്ത്യ സർവീസ് ഇടക്കു താറുമാറാകാനുള്ള കാരണം ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന്റെ വിദേശത്തേക്കുള്ള എഴുന്നള്ളത്താണെന്ന രഹസ്യം പറഞ്ഞുതന്നത് ഈ ഹംസയാണ്. സാങ്കേതിക കാരണങ്ങളാൽ എയർ ഇന്ത്യ വൈകുമെന്ന് കേട്ടാൽ ആദ്യം അന്വേഷിക്കേണ്ടത് രാജാവ് എവിടെയുണ്ട് എന്ന കാര്യമാണ്. രാജാവ് നാട്ടിലില്ലെങ്കിൽ ഒരു വിമാനം ഫുൾ ജീവനക്കാർ സഹിതം എവിടെയങ്കിലും പിടിച്ചിട്ടുണ്ടാകും. സ്റ്റാൻഡ് ബൈ. 
ഹംസ കാര്യം പറ. കേൾക്കാൻ എല്ലാവർക്കും ധിറുതിയായി. 
കാലിക്കറ്റ് ഡയറക്ട് ഫ്‌ളൈറ്റ് തുടങ്ങില്ലേ?
തുടങ്ങുമായിരിക്കും. തുടങ്ങിയാലും ഇവിടെ ഇറങ്ങാൻ അനുവദിക്കുമോ എന്ന കാര്യമാണ് സംശയം. 
എന്തുകൊണ്ട്? 
അതു പിന്നെ ബീഫിന്റെ ദുർഗന്ധം കൊണ്ടു തന്നെ. പത്തും പതിനഞ്ചും മണിക്കൂർ വൈകി എത്തുന്ന എയർ ഇന്ത്യയിൽ കൊണ്ടുവരുന്ന ബീഫിന്റെ അവസ്ഥ എന്തായിരിക്കും. ആലോചിക്കേണ്ട വിഷയമല്ലേ? നാറ്റം കൊണ്ട് അടുപ്പിക്കുമോ?
അവന്റെയൊരു തമാശയെന്നു പറഞ്ഞ് ആരോ ഹംസയുടെ പുറത്ത് കൈ വെച്ചെങ്കിലും മുറിയിൽ കൂട്ടച്ചിരി പടർന്നു. 
ഇതുപോലുള്ള പ്രവാസി കൂട്ടായ്മകൾ അന്യം നിന്നുപോകുകയാണെന്ന മൽബുവിന്റെ ധാരണ തിരുത്തുന്നതായിരുന്നു ബീഫ് ഫെസ്റ്റും കളിയും ചിരിയും. എല്ലാവരും അവരവരുടെ മൊബൈൽ ഫോണുകളിൽ തലതാഴ്ത്തിയിരിക്കുന്ന പഴയ ദൃശ്യമാണ് മൽബുവിന്റെ മനസ്സിലുണ്ടായിരുന്നത്. 
ഇതിപ്പോ അങ്ങനെയല്ല, കുറേയാളുകൾ ഒരുമിച്ചിരുന്ന് രസം പറയുന്നു. ഒരു വർഷം മുമ്പ് മൽബു പോകുമ്പോൾ വട്ടമിട്ടിരിക്കാൻ ഒരു കാരംസ് ബോർഡ് ബോർഡ് പോലുമില്ലായിരുന്നു. ഇവിടെയിതാ കാരംസ് ബോർഡിനു ചുറ്റും ആളുകൾ കൂട്ടം കൂടി കളിക്കാരെ ആവേശം കൊള്ളിക്കുന്നു.  ഈ റസിഡൻസ് കൂട്ടായ്മക്ക് വേറെയുമുണ്ട് സവിശേഷത. ഇവർ കലാമേളകളും ടൂറുകളും സംഘടിപ്പിക്കുന്നു. മൊബൈൽ ഫോണുകളിലെ മെസഞ്ചറുകളിലേക്കും സിനിമകളിലേക്കും ഒതുങ്ങുന്ന പ്രവാസികൾ വീണ്ടും പഴയ ഒരുമയും കൂട്ടായ്മയും തിരിച്ചുപിടിക്കുന്നതിൽ മൽബുവിന് വലിയ സന്തോഷം തോന്നി. 
എല്ലാവരും ബീഫ് കൊണ്ടുവരണം. ഇതുപോലെ കൂട്ടുകാരെ കൂട്ടിയടിക്കണം. സ്‌നേഹവും ഒരുമയും പങ്കിടണം.
 

Latest News