Sorry, you need to enable JavaScript to visit this website.

ജനകീയതയുടെ പുതുവഴിയിൽ ആരിഫ് മുഹമ്മദ് ഖാൻ

രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ തുടക്കം മുതൽ തന്നെ ജനകീയനാകുന്നത് ഭാവി പ്രവർത്തനങ്ങളുടെ പാത സുഗമമാക്കാനായിരിക്കാം. കേന്ദ്രവുമായി ഏറ്റുമുട്ടാനുള്ള ശക്തിയില്ലാത്ത കേരള ഭരണ സംവിധാനവും ഭരിക്കുന്ന പാർട്ടിയും ആഗ്രഹിക്കുന്നത് ഈ വഴി തന്നെ എന്നതിന്റെ പ്രഖ്യാപനമാണ് ആരിഫ് മുഹമ്മദ് ഖാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ കണ്ടതും കേട്ടതും. 


കേരളത്തിന്റെ പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്നിറങ്ങിയ നാൾ മുതൽ ജനകീയതയുടെ വഴിയിലാണ്. ഇതിനായി അദ്ദേഹം പുതുമകൾ കൂടുതലായി തെരഞ്ഞെടുക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വ്യക്തിപരമായ ഒരടയാളം ബാക്കി വെക്കണമെന്ന് നിർബന്ധമുള്ളതു പോലെ. സത്യപ്രതിജ്ഞക്ക് അൽപം പോലും അറിയാത്ത മലയാള ഭാഷ തെരഞ്ഞെടുത്ത ഗവർണർ തെല്ലൊന്നുമല്ല സംവിധാനത്തെ സന്ദേഹത്തിലാക്കിയിട്ടുണ്ടാവുക. നിയമ വകുപ്പ് അംഗീകരിച്ച സത്യപ്രതിജ്ഞ വാചകങ്ങളാണ് ഉപയോഗിക്കേണ്ടതെന്നാണ് ചട്ടം. ഇതിന് മുമ്പ് കഴിഞ്ഞു പോയ 21 ഗവർണർമാരും ഇപ്പറഞ്ഞ ചട്ടത്തിന് വിരുദ്ധമായി ചിന്തിച്ചില്ല. ഇത്രയും കാലമായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് സത്യപ്രതിജ്ഞ നടന്നത്. അറിയാത്ത ഭാഷയിലുള്ള പ്രതിജ്ഞ പിന്നീട് പൊല്ലാപ്പാകുമോ എന്നതായിരുന്നു സംവിധാനത്തിന്റെ ആശങ്ക. ചട്ടവിരുദ്ധതയുണ്ടോ എന്നറിയാൻ രാജ്ഭവൻ അധികൃതർ നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് തേടിയിരുന്നു. 
ഭരണഘടനാപരമായി തെറ്റില്ലെന്ന് മാത്രം അവർ റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രതിജ്ഞയുടെ മലയാള പരിഭാഷ തയാറാക്കി നിയമ വകുപ്പ് സെക്രട്ടറിക്ക് കൈമാറി.   ഗവർണറുടെ സത്യപ്രതിജ്ഞ വാചകത്തിന് ചട്ട പ്രകാരം ലഭിക്കുന്ന ആദ്യ മലയാള പരിഭാഷ 62 വർഷത്തിന് ശേഷം  അങ്ങനെ പിറന്നു. അനുവദനീയമോ എന്നതിനേക്കാൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളം എഴുതിയുണ്ടാക്കി വായിക്കുമ്പോഴുണ്ടാകുന്ന തെറ്റുകളായിരുന്നു നിയമ സംവിധാനത്തിന്റെ ആശങ്ക എന്നു വേണം കരുതാൻ. 
ഗവർണർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യം. അതും മലയാള ഭാഷ ഒട്ടുമേ അറിയാത്ത ഒരാൾ. തമിഴ്‌നാട്ടുകാരനായ ഗവർണർ ജസ്റ്റിസ് സദാശിവത്തിന് മലയാളം കേട്ടാൽ നല്ല വണ്ണം മനസ്സിലാകുമായിരുന്നിട്ടും അത്തരമൊരു സാഹസത്തിനൊന്നും അദ്ദേഹം മുതിർന്നിരുന്നില്ല. സാന്നിധ്യവും ചെറുവാക്കും വാചകങ്ങളും പോലും ശ്രദ്ധേയമാകുമായിരുന്ന ജസ്റ്റിസ് ഗവർണർക്ക് അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.     അല്ലെങ്കിൽ തന്നെ തമിഴ് മാതൃഭാഷയായ ഒരാൾ മലയാളം പറയുന്നതിലെന്ത് വാർത്താ മൂല്യം.                    
ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ ഭാഷാ മാറ്റത്തിന്  നിയമ വകുപ്പ് അംഗീകാരം നൽകിയെങ്കിലും പ്രതിജ്ഞ   തീരുന്നതുവരെ ആശങ്ക മുഴുവൻ പത്‌നി രേഷ്മ ആരിഫിനായിരുന്നില്ലേ എന്ന് ചടങ്ങിലെ അവരുടെ ഭാവഹാവങ്ങൾ കണ്ടവർക്ക് തോന്നിയത് സ്വാഭാവികം. മലയാളം തെറ്റരുതേ എന്ന് സത്യപ്രതിജ്ഞ ഹാളിലെ സദസ്സാകെ മൗനം ചൊല്ലുന്നതു പോലെയായിരുന്നു അവസ്ഥ. സാങ്കേതികത്വം ഒഴിവാക്കുന്നതിനായി അവസാനമായി അദ്ദേഹം ഇംഗ്ലീഷിലും പ്രതിജ്ഞയെടുത്തു പ്രശ്‌നം തീർത്തുവെച്ചു. ഏതായാലും ഉത്തരേന്ത്യക്കാരനായ ഗവർണർ മലയാളം പഠിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഭാഷാ പഠനത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ രാജ്ഭവനിലെത്തിക്കാൻ അദ്ദേഹം നിർദേശം കൊടുത്തു കഴിഞ്ഞു. പരന്ന വായനയുള്ള ഖാന് വേഗത്തിൽ മലയാളം പഠിക്കാനാകും എന്നാണ് രാജ്ഭവൻ  കരുതുന്നത്. അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള യാത്രയിലുമുണ്ടായി സവിശേഷത. തീരുമാന പ്രകാരം അദ്ദേഹം തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ദിവസത്തിനും ഒരു ദിവസം മുമ്പേയായിരുന്നു യാത്ര. ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ  ഗവർണർ ജസ്റ്റിസ് സദാശിവം തലസ്ഥാനത്തുണ്ടാകുന്ന അവസ്ഥ ഒഴിവാക്കാൻ സദാശിവത്തിന്റെ സ്വദേശത്തേക്കുള്ള മടക്കം ഒരു ദിവസം നേരത്തെയാക്കേണ്ടി വന്നു. രണ്ടു ഗവർണർമാർ ഒരേ സമയം സംസ്ഥാനത്തുണ്ടാകുന്നതിൽ സാങ്കേതികത്വമുണ്ടെന്ന്  നാടറിഞ്ഞതും ഇതുവഴി. 
വന്നിറങ്ങിയത് മുതൽ തുടരുന്ന പുതുമകൾ അദ്ദേഹം ആവർത്തിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിനായി ഗവർണർ അങ്ങോട്ട് ചെല്ലുക വഴിയും അദ്ദേഹം സൃഷ്ടിച്ച പുതുമയും വേറിട്ടതായി. ഗവർണറെ ആ വിധത്തിൽ അങ്ങോട്ട് വിളിച്ചപ്പോൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ഗവർണർ ഓഫീസും ആലോചിച്ചിരിക്കുമോ എന്നാർക്കറിയാം. മുഖ്യമന്ത്രി രാജ്ഭവനിലെത്തിയങ്ങ് ക്ഷണിച്ചു. ഗവർണറാകട്ടെ നേരത്തെ കാലത്തെ കുടുംബ സമേതം ക്ലിഫ് ഹൗസിൽ ചെന്നു, സൽക്കാരത്തിൽ മറു വാക്കില്ലാത്ത പ്രദേശമായ തലശ്ശേരിയുടെ സ്പർശമുള്ള സൽക്കാരം സ്‌നേഹപൂർവം സ്വീകരിച്ചു. ഗവർണർ അങ്ങോട്ട് ചെന്ന് വിരുന്നിൽ പങ്കെടുക്കുക എന്ന കീഴ്‌വഴക്കവും ഇവിടെ സൃഷ്ടിച്ചെടുത്തു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെ സന്ദർശിക്കാൻ ഗവർണർ ആലപ്പുഴയിലെ  മാരാരിക്കുളം റിസോട്ടിലേക്ക് പോയതും അതിനിടക്കായിരുന്നു.  സ്വകാര്യ സന്ദർശനത്തിനായി അദ്വാനി കുറച്ചു ദിവസമായി കേരളത്തിലുണ്ട്. അര മണിക്കൂറിലധികം അദ്വാനിയെയും മകൾ പ്രതിഭയെയും കണ്ടു തിരിച്ചുവരുന്ന വഴിയിലും ആരിഫ് ഖാൻ ടച്ചുള്ള പെരുമാറ്റം മാരാരിക്കുളത്ത് പുറത്തെടുത്തു. ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഗവർണറെ സെക്യൂരിറ്റി ഇടപെട്ടാണ് കാറിൽ കയറ്റിയത്. ജനകീയനാകാനുള്ള ഗവർണറുടെ ബോധപൂർവ ശ്രമങ്ങൾ വരും ദിവസങ്ങളിലും വാർത്തകളിൽ നിറയുമെന്ന് വേണം കരുതാൻ.
കേന്ദ്രവുമായുള്ള രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ഗവർണർമാർ പല തവണ കേരളത്തിലും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മുൻ ഗവർണർ ജസ്റ്റിസ് സദാശിവവും ചില ഘട്ടങ്ങളിൽ ആ നിലക്ക് പെരുമാറി ഭരിക്കുന്ന കക്ഷിയെ പ്രകോപിപ്പിക്കാതിരുന്നിട്ടില്ല. അതൊക്കെ പക്ഷേ സദാശിവത്തിന്റെ ഭരണഘടന - നിയമ പാണ്ഡിത്യത്തിന് മുന്നിൽ അലിഞ്ഞില്ലാതായിപ്പോയി. ഒടുവിൽ അദ്ദേഹം കേരളീയരുടെയെല്ലാം സ്‌നേഹം ഏറ്റുവാങ്ങിയാണ് തിരിച്ചുപോയത്. രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ തുടക്കം മുതൽ തന്നെ ജനകീയനാകുന്നത് ഭാവി പ്രവർത്തനങ്ങളുടെ പാത സുഗമമാക്കാനായിരിക്കാം. കേന്ദ്രവുമായി ഏറ്റുമുട്ടാനുള്ള ശക്തിയില്ലാത്ത കേരള ഭരണ സംവിധാനവും ഭരിക്കുന്ന പാർട്ടിയും ആഗ്രഹിക്കുന്നത് ഈ വഴി തന്നെ എന്നതിന്റെ പ്രഖ്യാപനമാണ് ആരിഫ് മുഹമ്മദ് ഖാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ കണ്ടതും കേട്ടതും.
'ദീർഘകാല പൊതുപ്രവർത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തെ ഹൃദയപൂർവം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു.' ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ച വിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ കേരള സർക്കാരിന്റെ നിലപാടുണ്ട്. ആ നിലപാടിന് ചേരുന്ന സമീപനങ്ങളാണ് ഇരു വിഭാഗത്തിൽ നിന്നും ഇതുവരെ ഉണ്ടായത്. എത്ര കാലം? അത് നിശ്ചയിക്കേണ്ടത് വരും നാളുകളിലെ രാഷ്ട്രീയവും നയ സമീപനങ്ങളുമാണ്. 

Latest News