മൂന്നാര്‍- ഒരുവയസുകാരി ജീപ്പില്‍നിന്നു തെറിച്ചു വീണ ശേഷം സംഭവം അറിയാതെ വനപാതയിലൂടെ ജീപ്പോടിച്ചു പോയ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസ്. ബാലനീതി നിയമപ്രകാരം മൂന്നാര്‍ പോലീസാണു കേസെടുത്തത്.
കുട്ടി വീണതെങ്ങെനെയെന്ന് അറിയില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയി എന്നുമാണ് അമ്മ വിശദീകരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും വിശദീകരണം തേടി. കുട്ടി അബദ്ധത്തില്‍ വീണതാണോ മറ്റേതെങ്കിലും സാഹചര്യം ഉണ്ടായോ എന്നാണ് അന്വേഷിക്കുക.
അടിമാലി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കല്‍ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമായ മകള്‍ രോഹിതയാണു രക്ഷപ്പെട്ടത്.
രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ ഒരുവയസ്സുകാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജീപ്പിലുണ്ടായിരുന്നവര്‍ 50 കിലോമീറ്ററകലെ വീട്ടിലെത്തിയ ശേഷമാണ് കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഇരുവശവും കാടുനിറഞ്ഞ മൂന്നാര്‍ മറയൂര്‍ റോഡില്‍ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലില്‍ ഞായര്‍ രാത്രി പത്തിനായിരുന്നു സംഭവം.
റോഡിലേക്കു വീണ കുഞ്ഞ് മുട്ടിലിഴഞ്ഞ് സമീപത്തെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിലാണ് എത്തിയത്. പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഫോറസ്റ്റ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. കുഞ്ഞ് വീണതിന്റെ അഞ്ചു മീറ്റര്‍ മാറി ഒഴുക്കുള്ള തോടുമുണ്ട്. കുഞ്ഞിന്റെ തലയിലും മുഖത്തും മുറിവുകള്‍ ഉണ്ടെങ്കിലും സാരമുള്ളതല്ല.
ഭാര്യ മരുന്ന് കഴിച്ച് ഉറങ്ങിപ്പോയതാണ് കുഞ്ഞ് വീണത് അറിയാതെ പോയതിന് കാരണമെന്ന് അച്ഛന്‍ സബീഷ് പറഞ്ഞു. ദൂരയാത്രയുടെ ക്ഷീണവും മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തിലും ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. പിന്നെ തങ്ങളുടെ കൂടെ പത്ത് മുതിര്‍ന്നവരും മൂന്ന് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ നോക്കിയപ്പോള്‍ അമ്മയുടെ കൈയ്യില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. അത് താഴെവീണ കുഞ്ഞാണെന്ന് കരുതി യാത്ര തുടര്‍ന്ന് പിന്നീടാണ് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം അറിയുന്നതെന്നും സബീഷ് പറയുന്നു.
സംഭവം വിവാദമായതോടെ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ശ്രമമായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ചിന്തയൊന്നും ഉണ്ടായിട്ടില്ലെന്ന് സബീഷ് പറഞ്ഞു.