ബാബരി കേസില്‍ കല്യാണ്‍ സിംഗിനെ വിചാരണ ചെയ്യണം; സി.ബി.ഐ കോടതിയില്‍

ബി.ജെ.പിയില്‍ വീണ്ടും ചേര്‍ന്ന മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെ യു.പി. ബി.ജെ.പി പ്രസിഡന്റ് സ്വതന്ത്രദാവ് സിംഗ് സ്വീകരിക്കുന്നു.

ലഖ്‌നൗ- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസില്‍ വാദം തുടങ്ങാനിരിക്കെയാണ് സി.ബി.ഐ നീക്കം. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കുന്നതിനാല്‍ സി.ബി.ഐയുടെ അപേക്ഷ നാളെ പരിഗണിച്ചേക്കും. കല്യാണ്‍ സിംഗിനെതിരെ 1993 ല്‍ കുറ്റം ചുമത്തിയതായി സി.ബി.ഐ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  
1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ഗവര്‍ണര്‍ പദവിയുടെ കാലാവധി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിചാരണചെയ്യുന്നതിനുള്ള നടപടികള്‍ക്ക് സി.ബി.ഐ തുടക്കമിട്ടത്. ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതായതോടെയാണ് അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ വിചാരണ നേരിടേണ്ടി വരുന്നത്.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനഃസ്ഥാപിച്ചിരുന്നു. ഇവര്‍ക്ക് പുറമെ സംഘ്പരിവാര്‍ നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ ഇതിനിടെ മരിച്ചു.
കല്യാണ്‍ സിംഗ് ഗവര്‍ണര്‍ ആയതിനാല്‍   വിചാരണനേരിടുന്നതില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു. എന്നാണോ ഗവര്‍ണര്‍ പദവിയുടെ കാലാവധി തീരുന്ന അന്ന് കുറ്റംചുമത്തുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു. ഗവര്‍ണറുടെ പദവി ഒഴിയുന്നതോടെ അദ്ദേഹം പ്രതിയായിരിക്കുമെന്നും കുറ്റംചുമത്തി വിചാരണനേരിടേണ്ടിവരുമെന്നും സുപ്രീം കോടതി സി.ബി.ഐയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദവി ഇല്ലാതായതോടെ കല്യാണ്‍ സിംഗിനെ ചോദ്യംചെയ്യാനുള്ള നടപടി സി.ബി.ഐ തുടങ്ങിയത്.
എല്ലാം അറിഞ്ഞിട്ടും അയോധ്യയില്‍ വിന്യസിക്കപ്പെട്ട കേന്ദ്രസേനയെ ഉപയോഗിക്കാന്‍ ഉത്തരവിട്ടില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ കല്യാണ്‍ സിംഗിനെതിരെയുള്ളത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയതിന് പിന്നാലെ കേസില്‍ എല്ലാ ദിവസവും വിചാരണ നടത്താനും സുപ്രീം കോടതി ഉത്തര്‍പ്രദേശിലെ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസ് അവസാനമായി ജൂലൈ 19 നാണ് സുപ്രിംകോടതി പരിഗണിച്ചത്. അതിവേഗം വിചാരണ നടത്തി ഒന്‍പത് മാസം കൊണ്ട് കേസില്‍ വിധി പുറപ്പെടുവിക്കാന്‍ അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസിന് നേതൃത്വം കൊടുക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഈ മാസം 30 ന് വിരമിക്കാനിരിക്കുകയാണ്.
1992 ഡിസംബര്‍ ആറിനു പള്ളി പൊളിച്ചതുമായി രണ്ട് കേസുകളാണുള്ളത്. ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാനായി ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരെയാണ് ഒരുകേസ്. അദ്വാനിയും കല്യാണ്‍ സിംഗും അടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമാണ് രണ്ടാമത്തെ കേസ്.

 

Latest News