Sorry, you need to enable JavaScript to visit this website.

പാലാ യുദ്ധവും അംഗത്വ ഭാഗ്യവും പാലാ 

ഒരു ലോകയുദ്ധത്തിന്റെ ലക്ഷണമൊക്കെ കാട്ടി മിനുങ്ങി നിൽക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരട്ടെ, കാണാം എന്ന മട്ടിൽ ഓരോ പാളയത്തിലും ആകാവുന്നത്ര ആയുധങ്ങൾ സംരഭരിച്ചുകൊണ്ടിരുന്നു. ഇടുക്കിയിലെ തൊടുപുഴയിൽനിന്നും കവചിത വാഹനങ്ങളുടെ അകമ്പടിയോടെ മാത്രമേ പി.ജെ. ജോസഫ് പുറത്തിറങ്ങാറുള്ളൂ. അത്ര ശക്തവും അപകടകാരിയുമാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ കൂക്കുവിളി. പോരാഞ്ഞ്, 'പ്രതിഛായ' പത്രത്തിലെ നിരൂപണവും. പൂഞ്ഞാറിലെ പി.സി. ജോർജ് മുതൽ തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി വരെ ആ ചെവി തുളയ്ക്കുന്ന ശബ്ദം കേട്ടുവത്രേ! കാര്യത്തിന്റെ ഗൗരവം അറിയണമെങ്കിൽ കെ. മുരളീധരന്റെ സ്റ്റേറ്റ്‌മെന്റ് വായിക്കണം. ആരും പ്രകോപനമുണ്ടാക്കരുതെന്നാണ് ആ ഗാന്ധിയന്റെ അഭ്യർഥന. അതനുസരിച്ച് പാലായിൽ ഇനി 144 ാം വകുപ്പാണ് പ്രഖ്യാപിക്കാൻ സാധ്യത. ആദ്യം ലൗഡ് സ്പീക്കറിലൂടെ, പിന്നാലെ കവചിത വാഹനങ്ങൾ നിറയെ പോലീസും പട്ടാളവും എന്നതാണ് മുറ. അതിന്റെ പ്രാരംഭമായാണ് മുരളീധരൻ മണ്ഡലം നീളെ മൈക്കിലൂടെ പാഞ്ഞുനടന്നത്. കുഞ്ഞുമാണിയുടെ മകൻ ജോസിനേക്കാൾ കൂടുതൽ ഓണവും പെരുന്നാളും ഉണ്ടതിന്റെ പരിചയ സമ്പത്ത് പി.ജെ. ജോസഫും കാണിച്ചു. ഇനിമേലിൽ സംയുക്തമായി ജോസ് ടോം പുലിക്കുന്നേലിനു പ്രചാരണത്തിന് ഇറങ്ങുകയില്ല. വെറുതെ അട്ടഹാസം കേൾക്കുന്നതെന്തിനാ? പണ്ട് തൊടുപുഴയിലെ സിനിമാ കൊട്ടകയിൽ എം.ജിയാർ സിനിമ ഓടുമ്പോൾ വില്ലൻ പ്രത്യക്ഷപ്പെടുമ്പോഴുള്ള കൂക്കിവിളിയേക്കാൾ കഠോരമാണിത്. താൻ എം.എൻ. നമ്പ്യാരോ പി.എസ്. വീരപ്പയോ അല്ലല്ലോ. അതിനാൽ ഇനി പിളർന്നു നോക്കാം. വളരാതിരിക്കില്ല. ചരിത്രം അതാണ്. പണ്ട് കുഞ്ഞുമാണി മുഖ്യമന്ത്രിക്കട്ടിൽ കണ്ടു പനിച്ചതും ഇടതുമുന്നണിയിലേക്കു ചാടാനൊരുങ്ങിയതും മകൻ മാണിക്കയറിയില്ല. അന്നു പയ്യൻ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു? അന്ന് പിടിച്ചുനിർത്തിയത് ഈ തൊടുപുഴക്കാരൻ. ഇന്ന് മുല്ലപ്പള്ളിയുടെ അതൃപ്തിയും തനിക്ക്. ഏതു മരങ്ങാട്ടുപള്ളി മെത്രാൻ വന്നു പറഞ്ഞാലും ഇനി ഒന്നിച്ച് വേദിയിലേക്കില്ല. നന്ദി വേണം. അതില്ലല്ലോ! ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നു തിരുവഞ്ചൂർ ചാടിക്കയറി പ്രഖ്യാപിച്ചതും കടന്നുപോയി. കേരള കോൺഗ്രസിൽ ഒരിക്കലും ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ആനയെ ചിഹ്നമാക്കി കൊണ്ടുനടന്ന തനിക്കറിയാം, കുഴിയാന പാർട്ടിക്കുള്ളിൽ വളരുകയില്ലെന്ന്. പ്രശ്‌നം ആഗോളം തന്നെ. ഇനി ട്രംപ് ഇക്കാര്യത്തിലും കയറി മധ്യസ്ഥനാകാൻ വരുമോ എന്നേയുള്ളൂ പേടി.
****                 ****               **** 
കുറച്ചു കാലമായി 'വായന മരിക്കുന്നു'വെന്നൊരു പ്രചാരണം സാഹിത്യകാരന്മാരിൽ നൈരാശ്യം പൂണ്ടവരാരോ ഇളക്കിവിട്ടിരുന്നു. അതിനും ഏറെക്കാലം മുമ്പ് കവിതയുടെ കൂമ്പടഞ്ഞുവെന്നായിരുന്നു മേളപ്പദം. അതിന്റെ കൊട്ടും കുരവയും അന്നത്തെ പണ്ഡിറ്റ് എൻ.വി കൃഷ്ണവാരിയരുടേതായിരുന്നു എന്നാണറിവ്. കവിത എഴുതുവാൻ തീരെ വശമില്ലായിരുന്ന പ്രൊഫസർ ജി.എൻ. പണിക്കർ അതിനെ ഖണ്ഡിക്കാൻ പേനയുമായി ഓടിനടന്നു. ഏതായാലും കവിത ഇന്ന് ഗദ്യമാണോ പദ്യമാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലായി. സാരമില്ല. 
ഭിന്നലിംഗക്കാർക്കും അംഗീകാരമുണ്ടല്ലോ. തൃശൂർ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഒരു പുസ്തകത്തിന്റെ പ്രകാശനം നടന്നുവെന്ന വാർത്ത മുൻ ചൊന്ന ശങ്കകളെയൊക്കെ പിടിച്ചിറക്കി, കസേര മേൽകയറി ഇരുന്നു കഴിഞ്ഞു. മുൻ എം.പിയും കവിയും നടനുമൊക്കെ ചേർന്നാണ് മേൽപടി ശ്മശാന താണ്ഡവം. 'ആത്മവിദ്യാലയമേ...' എന്നു തുടങ്ങുന്ന 'ഹരിശ്ചന്ദ്ര' സിനിമയിലെ ശ്മശാന ഗാനമാണോ പ്രേരണ എന്നറിയില്ല. ഏതായാലും ആത്മാവിലും പ്രേതത്തിലും ഭൂതത്തിലുമൊന്നും വിശ്വസിക്കാത്തവർ ഒത്തുചേർന്നുവെന്നു കരുതാം. അന്ധവിശ്വാസികളും ദുർബല ഹൃദയയരും ചടങ്ങിൽ പങ്കെടുത്തിരിക്കാൻ സാധ്യതയില്ല.
വിഖ്യാത സാഹിത്യക്കാരന്മാരെ കുഴിച്ചിട്ട മണ്ണാണ്. അവർ ചില മൂളലും മുറുങ്ങലും അട്ടഹാസവുമൊക്കെ സങ്കൽപിച്ച് കേട്ട് വിറങ്ങലിച്ചു പോയെന്നുവരും. കൃഷ്ണദാസ് ഒഴികെ മറ്റൊരു നേതാവും ഈ ചടങ്ങിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയം. നമുക്ക് നഷ്ടപ്പെടുവാൻ ഇപ്പോൾ പലതുമുണ്ടല്ലോ!
****          ****                                  ****

മലപ്പുറം എറണാകുളം കോട്ടയം തുടങ്ങി പലേടത്തും ക്വാറികളുണ്ട്. ക്വാറിയില്ലെങ്കിൽ നിർമാണമില്ല. ഓക്‌സിജനില്ലെങ്കിൽ മനുഷ്യനുണ്ടോ? നേരം പരപരാ വെളുക്കും മുമ്പേ വിമർശനവുമായി ഇറങ്ങുന്ന പ്രതിപക്ഷ നേതാവിന് ഇതൊന്നും അറിയില്ലേ? ഒന്നുമില്ലേലും, ടൈറ്റാനിയം കേസിലെങ്കിലും സ്വന്തം പേരു അച്ചടിച്ചു കാണാൻ ഭാഗ്യമുണ്ടായ വ്യക്തിയല്ലേ? ക്വാറികളുടെ കാര്യത്തിൽ ചട്ടം ലംഘിച്ചുവത്രേ! രമേശ് ചെന്നിത്തല ആശാന്റെ 'മാറ്റുവിൻ ചട്ടങ്ങളേ' എന്ന വരികളെങ്കിലും വായിക്കണമായിരുന്നു. അമ്പത് കൊല്ലം മുമ്പുള്ള ചട്ടമെങ്ങനെയാണ് മാറ്റാതിരിക്കുക? ചട്ടം, കഴുക്കോൽ, കട്ടിളപ്പടി തുടങ്ങി എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്. വിജിലൻസുകാർ മേൽപറഞ്ഞ ദേശങ്ങളിലെ ക്വാറി പരിശോധനാ വാരത്തിൽ വൻകിടക്കാരെ ഒഴിവാക്കിയത്രേ! ശ്ശെ, ഇതെന്തു റിപ്പോർട്ടാണ്? മീൻ വലയിൽ തിമിംഗലം കയറുമോ? വലിയ മീനുകൾ പോലും വല പൊട്ടിക്കും. പിന്നല്ലേ? ഈ വിജിലൻസുകാർക്കും 'വീടും കുടി'യുമൊക്കെയുള്ളതല്ലേ? കഞ്ഞിയിൽ പാറ്റായിടണോ? 

****                 ****               **** 
ജനിതക വിളകളുടെ ഉൽപാദനം ആരു വിചാരിച്ചാലും തടുക്കാൻ കഴിയില്ല. ഇതാ ഇപ്പോൾ ലോകത്തെ മൊത്തം ഞെട്ടിക്കുന്ന ഒരു വളർച്ചാ നിരക്ക് പുറത്തു വന്നിരിക്കുന്നു. 
ബി.ജെ.പിയിൽ ഹരിശ്ചന്ദ്ര മഹാരാജാവിന്റെ റോളിൽ ശോഭിച്ചു പോരുന്ന പി.എസ്. ശ്രീധരൻ പിള്ള വക്കീലിന്റെ വാക്കുകൾ കേട്ടാൽ അനുഭാവികൾ രോമാഞ്ചം കൊണ്ടു വിറയ്ക്കും, കമ്പിളി കൊണ്ടു മേനി മൂടും. എതിരാളികളും വിറയ്ക്കും. പക്ഷേ, അതു അസ്ഥികൾ വരെ കിടുങ്ങുന്ന ഭയം കൊണ്ടു മാത്രമായിരിക്കും. സംഗതി മറ്റൊന്നുമല്ല, 10 ലക്ഷത്തിലേറെ പേർ ഇക്കുറി അംഗത്വമെടുത്തതോടെ മൊത്തം അംഗസംഖ്യ 25 ലക്ഷം കടന്നിരിക്കുന്നു, ഈ കൊച്ചു കേരളത്തിൽ! ഇതിൽ 6.5 ലക്ഷം പേർ 'മിസ്ഡ് കോൾ' വഴിയാണത്രേ അംഗത്വമെടുത്തത്! ഭൂഗോളത്തിൽ എവിടെ തെരഞ്ഞാലും ഇങ്ങനെയൊരു 'അംഗത്വ ഭാഗ്യം' ഒരു നാട്ടിലും കാണില്ല. നിങ്ങൾ മൊബൈലിൽ കുത്തുന്നു. നമ്പർ തെറ്റിയാലുടൻ ഓഫ് ചെയ്യുന്നു. പക്ഷേ അതിനകം കോൾ ബി.ജെ.പി ഓഫീസിൽ ലഭിച്ചിരിക്കും. നിമിഷാർധം പോലും വേണ്ടിവരില്ല, അത് അംഗത്വ രജിസ്റ്ററിൽ കയറി സ്ഥാനം പിടിക്കുവാൻ. നാലു ലക്ഷം പേർ അംഗത്വം ഫോറം പൂരിച്ചു കൊടുത്താണ് പാർട്ടിയിൽ ചേർന്നതത്രേ! പൂരിപ്പിച്ചത് പ്രളയദുരിതാശ്വാസത്തിനുള്ള അപേക്ഷയായാലും ഒപ്പിട്ടത് റേഷൻ കാർഡിൽ പേരുചേർക്കാനുള്ള ഫോറത്തിലായാലും നിങ്ങൾ കവി പി.എസ്. വെൺമണി നയിക്കുന്ന പാർട്ടിയിൽ അതോടെ അംഗമായിരിക്കും.
അതാണ് നിങ്ങളുടെ വിധി! ഇത്ര നിമിഷ വേഗത്തിൽ പെറ്റുപെരുകാൻ കഴിയുന്നത് അമീബയ്ക്കും ബാക്ടീരിയയ്ക്കും മാത്രമേയുള്ളൂ എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ശബരിമല ഭക്തരെ പറ്റിക്കുന്ന സി.പി.എം നിലപാടിൽ ശ്രീധരൻ പിള്ള വക്കീലിനു പ്രതിഷേധമുണ്ട്. 
എന്തു ചെയ്യാം, കൂടുതൽ വേഗത്തിൽ സമർഥമായി, ആൾക്കാരെ കബളിപ്പിക്കുന്നവനാണ് മികച്ച മാന്ത്രികൻ എന്നാണ് ലോക പ്രശസ്ത മാന്ത്രികൻ ഹൗഡിനി ഒരിക്കൽ പ്രസ്താവിച്ചത്. മലകയറ്റ പ്രശ്‌നത്തിൽ എല്ലാ മുന്നന്നികളും ഭക്തരെ പറ്റിച്ചുവെങ്കിലും മികച്ച രീതിയിൽ വീണ്ടും പറ്റിക്കാനിറങ്ങിയത് ഇടതു മുന്നണിയാണ്. അതിൽ വക്കീൽ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. 'ബ്രൂസ് രാജാവിനെ ചിലന്തി പഠിപ്പിച്ച പാഠം' ക്ലാസിൽ പണ്ടു പഠിച്ചിരിക്കുമോ ആവോ! ചാടിക്കൊണ്ടേയിരിക്കുക, ഒരിക്കൽ അങ്ങേത്തലയ്ക്കൽ വല നെയ്യാൻ പിടിവള്ളി കിട്ടും എന്നതായിരുന്നു തോറ്റു തുന്നം പാടിയ ബ്രൂസിന് ചിലന്തി നൽകിയ സന്ദേശം.
 വക്കീലും ചാടാൻ മടിക്കണ്ട, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 1/27 സീറ്റില്ലേ ലഭിച്ചത്? നന്നായി വ്യായാമം ചെയ്യുക.

Latest News