Sorry, you need to enable JavaScript to visit this website.

സമയമായില്ല പോലും!

ഈയിടെ ഞാൻ വീണ്ടും വീണ്ടും കണ്ടുവരുന്ന ഒരു പരസ്യത്തിൽ ഒരു മെക്കാനിക്കും ഒരു വീട്ടമ്മയും കഥാപാത്രങ്ങളാകുന്നു. ഉച്ചതിരിഞ്ഞ നേരത്ത് നന്നാക്കാൻ നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ അടിയിൽനിന്ന് മുതിർന്ന മെക്കാനിക് വലിഞ്ഞു വരുന്നു, ഒപ്പം ഒരു വിളിയോടെ. ശബ്ദം കേട്ടയുടനെ സഹായിക്കു മനസ്സിലായി. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു: 'ആ ചായക്കു സമയമായി.'
അടുത്ത രംഗത്തിലും ഇതാവർത്തിക്കുന്നു. നേരം വെളുത്ത് മുറ്റത്ത് ചുറ്റിയടിക്കുന്ന ഗൃഹനാഥൻ പത്രം പെറുക്കിയെടുത്ത് പടിയിൽ ഇരിക്കുന്നു, ഒപ്പം ഒരു വിളിയോടെ. 'സുമതീ...' ശബ്ദം കേട്ടയുടനെ സുമതിക്ക് പിടികിട്ടി- ചായക്കു സമയമായി. 
'സമയമായില്ല പോലും' എന്ന വചനം ഉച്ചരിക്കുന്ന വാസവദത്തയുടെ ഭാവമായിരിക്കും നമ്മളിൽ ക്ഷമയും യമവും ദീക്ഷിക്കാത്ത മിക്കവർക്കും. എന്തൊക്കെയോ നടക്കേണ്ട നേരമായിരിക്കുന്നു എന്ന തോന്നൽ പലരെയും ബാധിക്കുന്നു. ഉദാഹരണമായി. പി.ജെ. ജോസഫിന്റെ കൂട്ടം ഇടതുപക്ഷത്തേക്കു നീങ്ങി മുട്ടയിടാൻ വീണ്ടും തുടങ്ങാറായെന്ന് നിരീക്ഷണം കറഞ്ഞ രാഷ്ടീയക്കാർ പോലും പറഞ്ഞു രസിക്കുന്നു. അതിനു 'സമയമായില്ല' എന്ന ഭിക്ഷുവിന്റെ നിഷേധം കേൾക്കണമെങ്കിൽ പാലാ പോരിൽ വലതുപക്ഷം ജയിക്കണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഔപചാരികമായി താൻ കാലുറപ്പിക്കാതെ നിൽക്കുന്ന ഭാഗം അടിയിളകി വീണാലേ ജോസഫിന് കടകം പാടി തിരിമറിയാൻ 'സമയമായി' എന്നു തോന്നുകയുള്ളൂ. അതിനുള്ള സാഹചര്യം അദ്ദേഹം തന്നെ ഒരുക്കിവരുന്നുണ്ടുതാനും.
എപ്പോഴും ആവർത്തിക്കുമെന്ന് ലെനിൻ (മഹാനായ) പറഞ്ഞ ചരിത്രം നോക്കിയാൽ മനസ്സിലാകും, ഇടതുപക്ഷത്തേക്കു ചേക്കേറാനുള്ള തിരക്കിലാവും ജോസഫ് എപ്പോഴും. ഒപ്പം നിൽക്കുന്നവരോ എതിർചേരിക്കാരോ കൂട്ടത്തോടെ കാലുവാരിയ സന്ദർഭങ്ങളിൽ ആ ശ്രമം പാളിയെന്നു വരാം; അതുകൊണ്ടൊന്നും വിട്ടുകൊടുക്കുന്ന ആളല്ല അദ്ദേഹം; അവസാനം വരെ (ജയം വരെയായാലും അല്ലെങ്കിലും) അദ്ദേഹം പോരാടി പറന്നുകൊണ്ടേയിരിക്കും.
ഇടത്തോട്ടുള്ള ജോസഫിന്റെ ആക്കം തുടങ്ങിയത് തന്റെ തട്ടകത്തിലെ കലാപത്തോടു കൂടിയല്ല. കാലുവാരലും കള്ളച്ചുവടും കണ്ടു ശീലിച്ച ജോസഫിന്റെ പാർട്ടിയിൽ ആദ്യത്തെ അങ്കം കെ.എം. ജോർജും കെ.എം. മാണിയും തമ്മിലായിരുന്നു. കൊച്ചുകൊച്ചു പോരുകൾ വിട്ടുകളയുക. കൊള്ളാവുന്ന തരത്തിലും തോതിലും ഇനിയൊരു കലഹം ഉണ്ടാകുമെന്ന് യുദ്ധകുതുകികൾ കരുതിയത് 1977 ലെ തെരഞ്ഞെടുപ്പു കേസിൽ ആദ്യം മാണി തോറ്റപ്പോഴായിരുന്നു. 
മാണിയെ മന്ത്രി പദം ഒഴിപ്പിച്ച് ജോസഫ് അവിടെ കയറിക്കൂടിയത് തൽക്കാലം മാണി മടങ്ങിവരും വരെ മാതമാണെന്ന് ആരും വിശ്വസിച്ചു കാണില്ല. അധികാരം കയ്യിൽ കിട്ടിയാൽ വിട്ടുകൊടുക്കുന്ന ആളല്ല ജോസഫ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. തൽക്കാലത്തേക്കു കിട്ടിയ മന്ത്രിപദം തൽക്കാലം വിട്ടുകൊടുക്കേണ്ടിവന്നെങ്കിലും പിന്നെ അതിനു വേണ്ടിയുള്ള സമരമായി കേരള കോൺഗ്രസുകളുടെ ഐതിഹാസിക ദൗത്യം. അവർ അപ്പപ്പോൾ ഇടത്തോട്ടും വലത്തോട്ടും മാറിമാറി നിന്നുവെന്നേയുള്ളൂ. 
ആരായാലും ആവുന്നവരെയെല്ലാം തനിക്കൊപ്പം നിർത്തുകയെന്ന കെ. കരുണാകരന്റെ നയം അദ്ദേഹത്തിന് ഒഴിയാത്ത തലവേദന ഉണ്ടാക്കിയെങ്കിലും ഇടതു വലതു വ്യത്യാസം കേരള കോൺഗ്രസുകൾക്ക് തടസ്സമായില്ല. സഹായമായി എന്നും പറയാം. 
കോൺഗ്രസ് പാളയത്തിലുള്ളപ്പോഴും കോൺഗ്രസിനെ പഴിച്ചു രസിച്ച ജോസഫിനെ ഇടതുപക്ഷക്കാർക്ക് കൂടുതൽ അഭിമതനാക്കിയെന്നു മാത്രം. എങ്ങനെയൊക്കെയോ നിലനിന്നുപോയ മൂന്നാം കരുണാകര മന്ത്രിസഭയുടെ ഓരോ ദിവസത്തെ നിലനിൽപും ആപത്തിലാക്കിയതിന്റെ ഖ്യാതി ജോസഫിന് അവകാശപ്പെട്ടതാകുന്നു. ഉറക്കം കെടുത്തിയ ഒരു രാത്രിയിൽ തയാറാക്കിവെച്ച രാജിക്കത്തുമായി മുഖ്യമന്ത്രി ഏറെ വൈകിയിട്ടും ക്ലിഫ് ഹൗസിൽ കാത്തിരുന്നു. നേരം പുലർന്നപ്പോൾ മുന്നണി വിടാനുള്ള തീരുമാനം ജോസഫ് റാദ്ദാക്കിയതോടെ ഇടത്തോട്ടുള്ള ആക്കം ഒന്നുലഞ്ഞതുപോലെ തോന്നി. 
ദാഹിച്ചു മോഹിച്ചിരുന്നതൊന്നും നടക്കാതെയിരുന്നപ്പോൾ 1987 ൽ പള്ളിക്കാരും പട്ടക്കാരും മൗലവിമാരും തങ്ങളോടോപ്പം ചേരാൻ നോക്കേണ്ട എന്നായി സി.പി.എമ്മിന്റെ നിലപാട്. അത് ഒരു തെരഞ്ഞെടുപ്പിനേ ബാധകമായുള്ളൂ. കേരള കോൺഗ്രസിനും 'ഒരു നല്ല വശമുണ്ടെ'ന്ന ഇ.എം.എസിന്റെ പ്രസ്താവം ജോസഫിനു മാത്രമല്ല, മാണിക്കും സൗകര്യമായി. ജോസഫ് സി.പി.എം കൂട്ടുകെട്ടിൽ പിണയുന്നതിനു മുമ്പു തന്നെ മാണി അതിന്റെ ഭാഗമായി, മന്തിപദമേറി. ഒരിടക്ക് മാർക്‌സിസ്റ്റ് പിന്തുണയോടെ മുഖ്യമന്ത്രിയാവാനും മാണി ഉദ്യമിച്ചു. 
ഗവർണർ ജ്യോതി വെങ്കടാചലത്തിന്റെ തീർപ്പിൽ മാണിയും മാർക്‌സിസ്റ്റുകാരും അന്തിച്ചുനിന്നു. 
മാണിയെയും ജോസഫിനെയും ഒരേ നുകത്തിൽ കെട്ടാനുള്ള ശ്രമം കരുണാകരൻ എന്നും തുടർന്നുപോന്നിരുന്നു. അവർ തമ്മിലുള്ള വീട്ടുവഴക്കിൽനിന്ന് അദ്ദേഹം കൂടുതൽ മുതലെടുക്കുമെന്നു തോന്നിയപ്പോഴൊക്കെ കേരള കോൺഗ്രസുകൾ 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരൾ' ആണെന്ന് തെളിയിച്ചു കൊടുത്തു. ആ അനുഭവത്തിൽ നിന്നുരുത്തിരിഞ്ഞതാണ് കേരള കോൺഗ്രസ് ഐക്യത്തെയും അനൈക്യത്തെയും പറ്റി മാണി രൂപകൽപന ചെയ്ത രാഷ്ട്രീയ തിയറി. പറഞ്ഞിട്ടും പറഞ്ഞിട്ടും പതിരായി പോകാത്ത ആ സിദ്ധാന്തം ഒന്നു കൂടി ആവർത്തിക്കുക: 'പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്.'
കോൺഗ്രസുമായി കോർത്ത് ഇടതുപക്ഷത്തു ചേർന്ന ജോസഫിന് സഖ്യം മാറേണ്ടിവന്നത് ഒരു രാഷ്ട്രീയ പരിണാമമായിരുന്നില്ല. വിമാന യാത്രക്കിടെ അനുസരണമില്ലാത്ത ജോസഫിന്റെ കൈ ഒരു യാത്രക്കാരിയെ തൊട്ടു തലോടീ എന്ന വർത്തമാനം അദ്ദേഹത്തെ അധികാരമില്ലായ്മ ഉയർത്തുന്ന അസ്വസ്ഥതയിലേക്കു നയിച്ചു. പിന്നെ അഴിമതിക്കഥയായി. അങ്ങനെ ഒടുവിൽ മന്ത്രിസഭ വിടേണ്ടിവന്നു. ജോസഫിന് വീണ്ടും ചീത്തപ്പേരായപ്പോൾ കോൺഗ്രസ്സേ തുണയെന്നായി. ജോസഫും മാണിയും വലതുപക്ഷത്തിന്റെ ഘടകങ്ങളായി ഒന്നിക്കുന്ന കൂടിക്കാഴ്ചക്ക് അങ്ങനെ അരങ്ങൊരുങ്ങി. 
അതിനിടെ, ഇടതുപക്ഷവുമായി തെറ്റിയ ജോസഫിന്റെ ഖിന്നത അപ്പപ്പോൾ പ്രകടമായി. പക്ഷേ ഇടത്തുനിന്ന് ഓതിരം ചൊല്ലി വലത്തോട്ടു ചാടിയ ജോസഫിന് മാണിയോളം മതിപ്പു കിട്ടുന്നില്ലെന്ന ശങ്ക വിഷമായി പടരുകയായിരുന്നു. മാണി മുന്നേറുന്നുവോ എന്ന് കാരണം പറഞ്ഞും പറയാതെയും സംശയിച്ചുകൊണ്ടിരുന്ന ജോസഫിന് മാണിയുടെ മരണത്തോടെ കിട്ടുമെന്നു കരുതിയ പ്രാമുഖ്യം കൈവരുന്നില്ലെന്ന് മനസ്സിലായപ്പോൾ പിളർപ്പിന്റെയും വളർച്ചയുടെയും പഴയ വൈരുധ്യ മന്ത്രം വീണ്ടും മുഴങ്ങാൻ തുടങ്ങി. പാലായിലെ പോരാട്ടത്തിൽ മാണിയുടെ ഇംഗിതത്തിനു നിന്നു കൊടുക്കാൻ തങ്ങളില്ലെന്ന് ജോസഫിന്റെ കൂട്ടാളികൾ തിരുത്താൻ വയ്യാത്ത വിധത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. 
മാണിയുടെ ആനുകൂല്യമുള്ള ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി ജയിച്ചാൽ അത് ജോസഫിന്റെ തോൽവി ആയിരിക്കും. അതുകൊണ്ട് ഇടതുപക്ഷത്തേക്കു നീങ്ങാൻ അദ്ദേഹം സന്നാഹം തുടങ്ങേണ്ട സമയമായി. 

Latest News