ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസില്‍ വന്നത്; വോട്ടിനു വേണ്ടി ആശയങ്ങളെ ത്യജിക്കാനില്ല- ശശി തരൂര്‍

ന്യൂദല്‍ഹി- ആജീവനാന്തകാലം ഒരു കരിയര്‍ എന്നു വച്ചല്ല കോണ്‍ഗ്രസിലേക്കു വന്നതെന്ന് പാര്‍ട്ടി നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. പുരോഗമനപരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിശാലവുമായ ഇന്ത്യ എന്ന ആശയത്തെ മുന്നോട്ടു കൊണ്ടു പോകുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് കോണ്‍ഗ്രസ് എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസില്‍ വന്നത്. വോട്ടുകള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മാത്രം ഈ ആശയങ്ങളെ ബലിനല്‍കാന്‍ നമുക്കാവില്ല- തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര സര്‍ക്കാരിനേയും അനുകലിച്ച് നടത്തിയ പ്രസ്താവനകള്‍ ഉണ്ടാക്കിയ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചതു കൊണ്ട് പരിഹരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. 

മോഡി സ്തുതി വിവാദത്തെ തുടര്‍ന്ന് കെപിസിസി തന്നോട് വിശദീകരണം തേടിയതില്‍ തരൂരിന് കുടത്ത അതൃപ്തി ഉള്ളതായും റിപോര്‍ട്ടുണ്ട്. എംപിയായ തന്നോട് കേന്ദ്ര നേതൃത്വമാണ് വിശദീകരണം തേടേണ്ടതെന്നാണ് തരൂരിന്റെ വികാരമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം തരൂര്‍ രാജിവെച്ചത് ഈ അതൃപ്തി കാരണമെന്ന ഊഹം ശക്തമാണ്.

Latest News