Sorry, you need to enable JavaScript to visit this website.

കശ്മീരികളുടെ അവകശങ്ങള്‍ ഹനിക്കരുതെന്ന് യു.എന്‍


ഇന്ത്യയും പാക്കിസ്ഥാനും കശ്മീരികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി


ജനീവ- കശ്മീര്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്  
യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ഥന. അസമിലെ പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള  (എന്‍ആര്‍സി) പരിശോധന ജനങ്ങളെ രാജ്യമില്ലാത്തവരാക്കരുതെന്നും അവര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.
യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള കശ്മീരുകളില്‍നിന്നുള്ള മനുഷ്യാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തന്റെ ഓഫീസിന് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന്  അവര്‍ പറഞ്ഞു.
യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ 42     മത് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയാരുന്നു മിഷേല്‍. ഇന്റര്‍നെറ്റിനും ആശയവിനിമയത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം, സമാധാനപരമായ ഒത്തുചേരല്‍,  പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടങ്കലിലാക്കല്‍ തുടങ്ങിയ  ഇന്ത്യാ ഗവണ്‍മെന്റിന്റെ സമീപകാല നടപടികളില്‍ വളരെയേറെ ആശങ്കയുണ്ടെന്ന്  അവര്‍ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.
മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവിലെ നിയന്ത്രണങ്ങളും കര്‍ഫ്യൂകളും ലഘൂകരിക്കണമെന്ന് ഇന്ത്യയോട് പ്രത്യേകം അഭ്യര്‍ഥിക്കുകയാണ്. അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കണമെന്നും തടങ്കലിലാക്കിയവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും  അവര്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങളോട് ഭാവിയെ ബാധിക്കുന്ന കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്  ആഭ്യന്തര കാര്യമാണെന്ന് വാദിച്ച ഇന്ത്യ, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയതിനും ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രകോപനപരമായി ഇടപെട്ടതിനും  പാക്കിസ്ഥാനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
അസമില്‍ തയാറാക്കിയ എന്‍.ആര്‍.സി പട്ടിക വലിയ ഉല്‍കണ്ഠക്കാണ് ഇടയാക്കിയതെന്നും  ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ 19 ലക്ഷം ആളുകളെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി  ബാച്ചലെറ്റ് പറഞ്ഞു.
അപ്പീല്‍ പ്രക്രിയക്ക് ഉചിതമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ രാജ്യമില്ലാത്തവരാക്കി നാടുകടത്തുന്ന നീക്കം ഉപേക്ഷിക്കണെന്നും  അവര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
എന്‍.ആര്‍.സി അപ്‌ഡേറ്റ് ചെയ്യുന്നത് സുപ്രീം കോടതിനിര്‍ദേശപ്രകാരം നിയമപരമായ പ്രക്രിയയാണെന്നും എന്‍.ആര്‍.സിയില്‍നിന്ന് ഒഴിവാക്കുന്നത് അസമില്‍ താമസിക്കുന്ന ഒരു വ്യക്തിയുടെ അവകാശങ്ങളില്‍ മാറ്റമുണ്ടാക്കില്ലെന്നും ഇന്ത്യ വാദിച്ചിരുന്നു. അന്തിമ പട്ടികയില്‍ ഇല്ലാത്തവരെ തടങ്കലിലാക്കില്ലെന്നും നിയമപ്രകാരം ലഭ്യമായ എല്ലാ പരിഹാരങ്ങളും അടയുതന്നതുവരെ അവരുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പട്ടിക ഒരാളെ വിദേശി ആക്കുന്നില്ലെന്നും മുമ്പ് ലഭിച്ച അവകാശങ്ങളെ ബാധിക്കുന്നില്ലെന്നും  വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News