Sorry, you need to enable JavaScript to visit this website.

ദുബായ് മെട്രോക്ക് പത്തുവയസ്സ്

ദുബായ്- ദുബായിലെ ഏറ്റവും ലോകശ്രദ്ധ നേടിയ വികസന പദ്ധതികളിലൊന്നായ ദുബായ് മെട്രോക്ക് 10 വയസ്സ് തികഞ്ഞു.
2009 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു ആദ്യത്തെ മെട്രോ സര്‍വീസ്. അന്നുമുതല്‍ ഇന്നുവരെ വിജയഗാഥകള്‍ മാത്രമാണ് ദുബായ് മെട്രോക്ക് പറയാനുള്ളത്. ആറരലക്ഷം യാത്രക്കാരാണ് ഇന്ന് ദുബായ് മെട്രോ ദിവസവും ഉപയോഗിക്കുന്നത്.
ഒരു ദശാബ്ദത്തിനിടെ മെട്രോയുടെ യാത്രാസുഖം അറിഞ്ഞത് 150 കോടി യാത്രക്കാര്‍. 2009 സെപ്റ്റംബര്‍ ഒമ്പത് (9.9.9) ബുധനാഴ്ച രാവിലെ ഒമ്പതു മണിയും ഒമ്പത് മിനിറ്റും ഒമ്പത് സെക്കന്റുമായപ്പോളാണ് മെട്രോ പാളത്തിലൂടെ ചലിച്ചു തുടങ്ങിയത്.
52 കി.മീ നീളത്തില്‍ 29 സ്റ്റേഷനുകളിലായി പരന്നു കിടന്ന മെട്രോക്ക് പച്ചക്കൊടി കാട്ടിയത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജബല്‍ അലിക്കും റാഷിദിയക്കുമിടയിലെ റെഡ് ലൈന്‍ ആണ് അന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കൃത്യം രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 2011 സെപ്റ്റംബര്‍ ഒമ്പതിന് മെട്രോയുടെ ഗ്രീന്‍ ലൈനും പ്രവര്‍ത്തനക്ഷമമായി. 18 സ്റ്റേഷനുകളിലായി 23 കി.മീ.
അല്‍ ഖുസൈസിലെ ഇത്തിസാലാത്ത് സ്റ്റേഷനും അല്‍ ജദ്ദാഫിനും ഇടയിലാണ് ഗ്രീന്‍ ലൈന്‍. രണ്ടു ലൈനുകളും യൂനിയന്‍, ബുര്‍ജുമാന്‍ സ്റ്റേഷനുകളില്‍ പരസ്പരം മുറിച്ചുകടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഡ്രൈവര്‍രഹിത സംവിധാനമാണ് ദുബായ് മെട്രോ. വലിയൊരു വിനോദ സഞ്ചാര ആകര്‍ഷണവും.

 

Latest News