Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോട്ടോർ വാഹന നിയമം:  കേരളവും പിന്നോട്ട്, വൻതുക പിഴ ഈടാക്കില്ല 

തിരുവനന്തപുരം- വ്യാപകമായ എതിർപ്പിനെത്തുടർന്ന് നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതിൽ നിന്നു സംസ്ഥാന സർക്കാർ പിന്നോട്ട്. 
ചെറിയ നിയമ ലംഘനങ്ങൾക്ക് പോലും വലിയ പിഴ ഈടാക്കുന്നത് വ്യാപകമായി പൊതുജന വികാരം എതിരാകുമെന്ന സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നത്. ഓണക്കാലം കഴിയുന്നതു വരെ കർശന വാഹന പരിശോധന വേണ്ടെന്നും വൻതുക പിഴ ഈടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. നിയമം അശാസ്ത്രീയമാണെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാന സർക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും ഉണ്ടായത്. പിടിക്കപ്പെടുന്നവർ പലയിടത്തും പിഴയടയ്ക്കാൻ വിസമ്മതിക്കുകയും പോലീസുമായി തർക്കത്തിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം സർക്കാരിനെതിരായ വികാരമായി മാറും. കൂടാതെ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സർക്കാർ വിരുദ്ധ വികാരം രൂപപ്പെടുന്നത് ഗുണമാകില്ലെന്നാണ് സി.പി.എം നിലപാട്. 
നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സി.പി.എം നിലപാട്. പിഴ ഉയർത്തുന്നതിന് പകരം നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടത്. നിയമം നടപ്പാക്കുന്നതു നീട്ടിവെക്കാനാകുമോയെന്നു പരിശോധിക്കാനും പാർട്ടി സർക്കാരിന് നിർദേശം നൽകി. ഇതിന്റെ ഭാഗമായാണ് ഉയർന്ന പിഴയീടാക്കൽ നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പകരം ബോധവൽക്കരണം ശക്തമാക്കാനാണ് തീരുമാനം. കേന്ദ്ര നിയമത്തിനെതിരെ എന്ത് ചെയ്യാൻ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറൽ ഘടന തകർക്കുന്നു. പരിഷ്‌കാരം അശാസ്ത്രീയമാണ്. വൻ അഴിമതിക്ക് വഴിയൊരുക്കും. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

Latest News