Sorry, you need to enable JavaScript to visit this website.

ഈ അമ്മക്കൊരു വോട്ട്

സിൽവിയ മകൻ നിക്കോളാസിനൊപ്പം പാൽമീരാസ് ജഴ്‌സിയിൽ 

ഫുട്‌ബോൾ ആസ്വദിക്കാനുള്ള അവകാശം എല്ലാവരുടേതുമാണ്. സിൽവിയ ഗ്രെക്കോയേക്കാൾ ഇക്കാര്യം മനസ്സിലാക്കിയവരായി ആരുമുണ്ടാവില്ല. ഇത്തവണ ഫിഫ ആരാധക ബഹുമതിക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സിൽവിയയുടെ കഥ ആരുടെയും കണ്ണു നനയിക്കുന്നതാണ്. കണ്ണു കാണാത്ത മകനെ ഫുട്‌ബോളിന്റെ വശ്യത വാക്കുകളിലൂടെ ആസ്വദിപ്പിക്കുകയാണ് ഈ അമ്മ. ബ്രസീലിയൻ ക്ലബ്ബ് പാൽമീരാസിന്റെ ആരാധികയാണ് സിൽവിയ. കണ്ണു കാണില്ലെങ്കിലും മകനും തന്റെ ഇഷ്ട ക്ലബ്ബിന്റെ മത്സരങ്ങൾ ആസ്വദിക്കണമെന്ന് നിർബന്ധ ബുദ്ധിയുണ്ട് സിൽവിയക്ക്. ഫിഫ വോട്ടിംഗിൽ അനുകൂല വിധി ലഭിച്ചാൽ ഫിഫ അവാർഡ് ചടങ്ങിൽ ലിയണൽ മെസ്സിക്കും ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും വിർജിൽ വാൻഡെക്കിനുമൊക്കെയൊപ്പം വേദി പങ്കിട്ടേക്കാം. 
ഗർഭകാലം പൂർത്തിയാവുന്നതിന് അഞ്ചു മാസം മുമ്പേയാണ് നിക്കൊളാസ് ജനിച്ചത്. വെറും അരക്കിലോ ആയിരുന്നു ഭാരം. പ്രസവത്തിലെ സങ്കീർണത കാരണം കണ്ണിന്റെ ഉൾഭാഗത്തുള്ള പടലം കൃത്യമായി രൂപപ്പെട്ടിരുന്നില്ല. കാഴ്ച പരിമിതിക്കൊപ്പം നേരിയ പഠന വൈകല്യവുമുണ്ടായിരുന്നു നിക്കൊളാസിന്. 
മകനെ ജീവിതവുമായി ഇണങ്ങിച്ചേരാൻ സഹായിക്കുന്നതിൽ തന്റെ ഫുട്‌ബോൾ പ്രണയം എങ്ങനെ ഉപകരിക്കുമെന്നാണ് സിൽവിയ ആലോചിച്ചത്. പാൽമീരാസ് തനിക്ക് ജീവൻ തന്നെയാണെന്ന് സിൽവിയ പറയുന്നു. എന്റെ ജീവിതത്തിലും മകന്റെ ജീവിതത്തിലും ഫുട്‌ബോൾ വിപ്ലവാത്മകമാണ്. മാറ്റങ്ങൾക്ക് കാരണമായ പ്രണയമാണ് അത്. ഫുട്‌ബോൾ എന്ന കലയോടുള്ള ഇഷ്ടമാണ് -സിൽവിയ പറയുന്നു. ഫുട്‌ബോൾ അമ്മയുടെയും മകന്റെയും ഇഴയടുപ്പത്തിന് ആക്കം കൂട്ടി. 
സിൽവിയ മകനെ പാൽമീരാസിന്റെ കളികളിലേക്ക് കൊണ്ടുവരും. മകൻ ട്രാൻസിസ്റ്റർ റേഡിയോയിലൂടെ കമന്ററി കേൾക്കും. വൈകാതെ അമ്മക്ക് മനസ്സിലായി, ട്രാൻസിസ്റ്ററിലെ കമന്ററിയേക്കാൾ ഗാലറിയിലെ ആർപ്പുവിളികളും ടീം ഗാനവുമാണ് നിക്കൊളാസിന്റെ മനസ്സിലേക്ക് ഫുട്‌ബോളിനെ പ്രസരിപ്പിക്കുന്നതെന്ന്. ക്രമേണ കളിയെയും കളിക്കാരെയും കുറിച്ച് സിൽവിയ വിവരിച്ചു തുടങ്ങി. കളിക്കളത്തെയും ഗാലറിയെയും കുറിച്ചായിരിക്കും ആദ്യം പറയുക. പിന്നെ ഓരോ കളിക്കാരന്റെയും സവിശേഷതകൾ, അവർ തലമുടിയിൽ നിറം ചാർത്തിയിട്ടുണ്ടെങ്കിൽ, നീളൻ കുപ്പായമിട്ടിട്ടുണ്ടെങ്കിൽ, നിറമുള്ള ബൂട്ട് ധരിച്ചിട്ടുണ്ടെങ്കിൽ... ഗോൾ വിവരിക്കുന്നതാണ് ഏറ്റവും ആവേശം.
ഫുട്‌ബോളിനെ അതിന്റെ ഉന്നതമായ രീതിയിൽ ആസ്വദിക്കാൻ നിക്കൊളാസിന് സാധിക്കുന്നുവെങ്കിൽ അതിന് കാരണം സിൽവിയയുടെ സമർപ്പണവും സ്‌നേഹവുമാണ്. 
സ്റ്റേഡിയത്തിൽ നിക്കൊളാസ് മറ്റേതൊരു കുട്ടിയെയും പോലെയാണ്. എഴുന്നേറ്റു നിൽക്കും, ആർപ്പു വിളിക്കും, തുള്ളിച്ചാടും. നിക്കൊളാസിന്റെ കണ്ണുകളായി മാറും സിൽവിയ. താൻ ആസ്വദിക്കുന്നത് അതേ രീതിയിൽ അവർ മകനിലേക്ക് പ്രസരിപ്പിക്കും -അതേ വികാരത്തോടെ. അമ്മയുടെ സ്‌നേഹവായ്‌പോടെ, കമന്റേറ്ററുടെ വിശദാംശങ്ങളോടെ. 
സാധാരണ ഗതിയിൽ മറ്റുള്ളവരുമായി ഇടപഴകാൻ ബുദ്ധിമുട്ടുള്ള നിക്കൊളാസിന് ഫുട്‌ബോൾ വലിയ ഊന്നുവടിയായി. ഈ അമ്മയും മകനും അതുപോലെ ജീവിക്കേണ്ടി വരുന്നവർക്ക് പ്രചോദനമായി. 
അമ്മയാവുകയെന്നാൽ ഹൃദയവും ആത്മാവും ജീവനും ഒരേ ബിന്ദുവിൽ ഒന്നിക്കുകയാണ്, അതിനേക്കാൾ വലിയ മറ്റൊരു അനുഭവമില്ല -സിൽവിയ പറയുന്നു. 
ഫിഫ ആരാധക അവാർഡിന് ഫിഫ വെബ്‌സൈറ്റിൽ വോട്ട് ചെയ്യാം. മികച്ച കളിക്കാരെയും മികച്ച ഗോളും തെരഞ്ഞെടുക്കാനും ആരാധകർക്ക് അവസരമുണ്ട്.

 

 

Latest News