ബി.ജെ.പി നേതാക്കൾ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി നടത്തുന്നു; ആരോപണത്തിൽ ഉറച്ച് ദിഗ്‌വിജയ് സിംഗ്

ഭോപാൽ- ചില ബി.ജെ.പി അംഗങ്ങൾ ഐ.എസ്.ഐയിൽ നിന്ന് പണം വാങ്ങുന്നവരും രാജ്യദ്രോഹികളുമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചതിന് നിയമനടപടി നേരിടുന്നതിനിടെയാണ് ദിഗ്‌വിജയ് സിംഗ് വീണ്ടും പ്രസ്താവന ആവർത്തിച്ചത്. 
പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് ബജ്‌റംഗദൾ നേതാവ് ബൽറാം സിംഗ് അടക്കം അഞ്ച് പേരെ ഓഗസ്റ്റ് 21ന് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐയിൽ നിന്ന് ബി.ജെ.പിയും ബജ്‌റംഗദളും പണം പറ്റുന്നുവെന്നും രാജ്യത്ത് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്്‌ലിംകളെക്കാൾ മറ്റുള്ളവരാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു.
ബി.ജെ.പിക്കെതിരായുള്ള പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും താനും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News