നജ്‌റാൻ- ജീവനോടെ ബാക്കിയായത് വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ് നജ്‌റാനിൽ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട തൊഴിലാളികൾ. സഹപ്രവർത്തകരുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് തങ്ങൾ ഉറക്കമുണർന്നതെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. ഉറങ്ങിക്കിടക്കുന്നതിനിടെ പുലർച്ചെയാണ് താമസ സ്ഥലത്ത് തീ പടർന്നുപിടിച്ചതെന്ന് നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളി പറഞ്ഞു. സഹപ്രവർത്തകരുടെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന തനിക്ക് താമസ സ്ഥലത്ത് തീയും പുകയും പടർന്നുപിടിച്ചതാണ് കാണാനായത്. മരണ വക്ത്രത്തിൽ നിന്ന് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് തൊഴിലാളി പറഞ്ഞു.
അന്ത്യനിമിഷങ്ങൾ എണ്ണി മരണം ഉറപ്പിച്ച് കഴിയുന്നതിനിടെ സിവിൽ ഡിഫൻസ് അധികൃതരാണ് തന്നെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തിയതെന്ന് മറ്റൊരു തൊഴിലാളി പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മറ്റു ചിലരുടെ നില ഭദ്രമാണ്. ഓപറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്കു കീഴിലെ താമസസ്ഥലത്ത് ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നുപിടിച്ചത്. അഗ്നിബാധ കണ്ട അയൽവാസികൾ ഉടനടി സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. ദുരന്തത്തെ കുറിച്ച് പട്രോൾ പോലീസ് വഴിയാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. ജനലുകളും വെന്റിലേഷനുമില്ലാത്ത വീട് മുഴുവൻ അഗ്നി വിഴുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ജനലുകളും വെന്റിലേഷനും ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചത്. വാസയോഗ്യമല്ലാത്ത മുറികൾ അടങ്ങിയ കെട്ടിടമാണിതെന്നും നാട്ടുകാർ പറഞ്ഞു.
ദുരന്തത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമം തുടരുകയാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് സുരക്ഷാ വകുപ്പുകൾ സ്‌പോൺസർമാരെ വിളിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തിൽ ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അടക്കം 11 പേർ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് നജ്‌റാൻ ഗവർണറുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുരക്ഷാ വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളും പൂർണമല്ലാത്ത കെട്ടിടങ്ങൾ വാടക്കെടുത്ത് തൊഴിലാളികളെ പാർപ്പിക്കുന്ന പ്രവണത ശക്തമായി തടയുന്നതിനും സിവിൽ ഡിഫൻസിനും നഗരസഭക്കും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.