ശമ്പളം വന്നപ്പോള്‍ അക്കൗണ്ട് ബ്ലോക്കായി; സൗദിയില്‍ ക്വിക് പേ ഓഫീസുകളില്‍ വന്‍തിരക്ക്

ജിദ്ദ- നാട്ടിലേക്ക് പണമയക്കാന്‍ ഉപയോഗിക്കാത്തതിനാല്‍ നിരവധി ക്വിക് പേ ഉപയോക്താക്കള്‍ കുരുക്കിലായി. മണി ട്രാന്‍സ്ഫറിനായി ആരംഭിച്ച ക്വിക് പേ അക്കൗണ്ട്  അതിനു ഉപയോഗിക്കാതെ ശമ്പളം സ്വീകരിക്കാനും ആഭ്യന്തരമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാനും മറ്റും ഉപയോഗിച്ചവരാണ് പൊടുന്നനെ ക്വിക് പേഅധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്വിക് പേ ബ്രാഞ്ചുകളില്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
നാട്ടിലേക്ക് പണമയക്കാന്‍ ഉപയോഗിക്കാതെ മറ്റു ബാങ്കിംഗ് സേവനങ്ങള്‍ക്ക് ക്വിക് പേ ഉപയോഗിക്കുന്നവര്‍ക്കാണ് കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന സന്ദേശം ലഭിച്ചത്. പലരുടേയും അക്കൗണ്ടുകളില്‍ ശമ്പളം എത്തിയ സമയമായതിനാലാണ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് വലിയ തിരക്ക് അനുഭപ്പെടാന്‍ കാരണം. സാധാരണ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ചില സ്‌പോണ്‍സര്‍മാര്‍ ക്വിക് പേ അക്കൗണ്ടിലേക്കാണ് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്.
നാല് ദിവസമായിട്ടും തിരക്ക് കാരണം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ശമ്പളം അക്കൗണ്ടില്‍ കുടുങ്ങിയ ഒരാള്‍ പറഞ്ഞു. പണമയക്കല്‍ വളരെ എളുപ്പമാണെങ്കിലും ഉയര്‍ന്ന വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് മറ്റു കമ്പനികള്‍ രംഗത്തുവന്നതാണ് ആളുകള്‍ ക്വിക് പേ ഉപയോഗിക്കുന്നത് കുറയാന്‍ കാരണം.
പണം നിക്ഷേപിക്കാനും മറ്റു ക്വിക് പേ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും മറ്റും സൗകര്യമുള്ളതിനാല്‍ എ.ടി.എം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് ഉപയോക്താക്കള്‍ ക്വിക് പേ കാര്‍ഡ് കൂടുതലും ഉപയോഗിക്കുന്നത്.
ഉടന്‍ തന്നെ നാട്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന നിബന്ധനയോടെയാണ് ക്വിക് പേ അക്കൗണ്ടുകള്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കുന്നത്. ആറു മാസത്തിനിടെ പണമയക്കാന്‍ ഉപയോഗിക്കാത്തവര്‍ക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന ക്വിക് പേ അധികൃതരുടെ മുന്നറിയിപ്പ്.

 

 

 

Latest News