യൂസുഫ് തരിഗാമിയെ ദല്‍ഹി എയിംസിലേക്കു മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂദല്‍ഹി- കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ അടച്ച സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിക്ക് മികച്ച ചികിത്സ നല്‍കുന്നതിന് ശ്രീനഗറില്‍ നിന്ന് ദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയിലേക്കു മാറ്റണമെന്ന് സുപ്രീം കോടതി. തരിഗാമിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ വാദത്തെ തള്ളിയാണ് കോടതി ഉത്തരവ്. തരിഗാമിയുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി അനുവദിച്ചതിനെ തുടര്‍ന്ന് തരിഗാമിയെ ശ്രീനഗറിലെത്തി സന്ദര്‍ശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. തരിഗാമിയെ ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് മാറ്റുന്നതിനോട് എതിര്‍പ്പില്ലെന്ന് യെചൂരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി അദ്ദേഹത്തെ തടഞ്ഞു വച്ചത് ചോദ്യം ചെയ്യാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

തരിഗാമിയുടെ കുടുംബത്തിന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തെ തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തതു മൂലം തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമായിരിക്കുകയാണ്. ഇത് മാനസികമായും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

Latest News