Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഉടമ തൊഴിൽ കരാർ ലംഘിച്ചാൽ നോട്ടീസ് നൽകാതെ  ജോലി ഉപേക്ഷിക്കാം

റിയാദ്- നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് നോട്ടീസ് നൽകാതെ ജോലി ഉപേക്ഷിക്കുന്നതിന് ഏഴു സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് അനുമതിയുള്ളതായി സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. തൊഴിൽ കരാർ അനുസരിച്ച ബാധ്യതകൾ തൊഴിലുടമകൾ പാലിക്കാത്ത സാഹചര്യങ്ങളിലാണ് നിയമാനുസൃതമുള്ള മുഴുവൻ അവകാശങ്ങളും നിലനിർത്തി നോട്ടീസ് നൽകാതെ തൊഴിൽ ഉപേക്ഷിക്കുന്നതിന് തൊഴിലാളികൾക്ക് അനുമതിയുള്ളത്. 
തൊഴിൽ കരാർ പ്രകാരമോ നിയമാനുസൃതമോ ഉള്ള പ്രധാന ബാധ്യതകൾ തൊഴിലുടമകൾ പാലിക്കാതിരിക്കൽ, തൊഴിൽ കരാർ ഒപ്പുവെക്കുന്ന സമയത്ത് തൊഴിൽ കരാർ വ്യവസ്ഥകളുമായും തൊഴിൽ സാഹചര്യവുമായും ബന്ധപ്പെട്ട് തൊഴിലുടമ കബളിപ്പിക്കൽ, തൊഴിൽ കരാറിന് വിരുദ്ധമായ തൊഴിലുകളിൽ തൊഴിലാളിയുടെ സമ്മതം കൂടാതെ നിയോഗിക്കൽ എന്നീ സാഹചര്യങ്ങളിൽ സർവീസ് ആനുകൂല്യമടക്കമുള്ള നിയമാനുസൃത അവകാശങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നോട്ടീസ് നൽകാതെ തൊഴിലാളികൾക്ക് ജോലി ഉപേക്ഷിക്കാവുന്നതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യങ്ങൾ മൂലം അനിവാര്യമായ സന്ദർഭങ്ങളിൽ തൊഴിൽ കരാറിന് വിരുദ്ധമായ ജോലികളിൽ വർഷത്തിൽ മുപ്പതു ദിവസത്തിൽ കൂടാത്ത കാലം നിയോഗിക്കുന്നതിന് തൊഴിലുടമകൾക്ക് അനുമതിയുണ്ട്. 
തൊഴിലാളിയെയോ കുടുംബാംഗങ്ങളിൽപെട്ട ആരെയെങ്കിലുമോ തൊഴിലുടമയോ മാനേജറോ കൈയേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്യുന്ന സാഹചര്യങ്ങളിലും നോട്ടീസ് നൽകാതെ തൊഴിൽ ഉപേക്ഷിക്കാവുന്നതാണ്. തൊഴിലുടമയോ മാനേജറോ പരുഷമായും അനീതിയോടെയും പെരുമാറൽ-അപമാനിക്കൽ, തൊഴിലാളിയുടെ ആരോഗ്യ സുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന കാര്യങ്ങൾ, തൊഴിൽ സ്ഥലത്തുള്ള വിവരം അറിഞ്ഞിട്ടും അവ നീക്കം ചെയ്യുന്നതിന് തൊഴിലുടമ നടപടിയെടുക്കാതിരിക്കൽ, തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് തൊഴിലാളിയിൽ സമ്മർദം ചെലുത്തൽ എന്നീ സാഹചര്യങ്ങളിലും നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും നിലനിർത്തി നോട്ടീസ് നൽകാതെ തൊഴിൽ ഉപേക്ഷിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുള്ളതായി മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 

Latest News