കണ്ണൂർ -കണ്ണൂർ കോർപറേഷന്റെ പുതിയ മേയറായി കെ.പി.സി.സി. ജന.സെക്രട്ടറി സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. അകെ പോൾ ചെയ്ത 54 വോട്ടുകളിൽ 28 എണ്ണം നേടിയാണ് സുമ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥിയായ മുൻ മേയർ ഇ.പി.ലതയ്ക്ക് 25 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
വരണാധികാരിയായ ജില്ലാ കലക്ടർ ടി.വി.സുഭാഷിന്റെ നേതൃത്വത്തിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായ സുമ ബാലകൃഷ്ണന്റെ പേര് കോൺഗ്രസി ലെ അഡ്വ.ടി.ഒ.മോഹനൻ നിർദേശിച്ചു. മുസ്‌ലിം ലീഗിലെ സി.സമീർ പിൻതാങ്ങി.
എൽ.ഡി.എഫ് സ്ഥാനാർഥിയായ ഇ.പി.ലതയുടെ പേര് സി.പി.എമ്മിലെ എൻ.ബാലകൃഷ്ണൻ മാസ്റ്റർ നിർദേശിക്കുകയും സി.പി.ഐയിലെ വെള്ളോറ രാജൻ പിന്താങ്ങുകയും ചെയ്തു. തുടർന്ന് വോട്ടെടുപ്പ് നടപടികളാരംഭിച്ചു. ഒന്നാം ഡിവിഷനിലെ അംഗം കെ.ജെമിനിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. അമ്പത്തിയഞ്ചാം ഡിവിഷൻ അംഗം പി.കെ.രാഗേഷ് വോട്ട് രേഖപ്പെടുത്തിയതോടെ വോട്ടെടുപ്പ് അവസാനിച്ചു. തുടർന്ന് വോട്ടെണ്ണി കലക്ടർ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എൽ.ഡി.എഫ് കൗൺസിലറായ കെ.റോജയുടെ വോട്ടാണ് അസാധുവായത്. ഗുണന ചിഹ്നത്തിന് പകരം ശരി ചിഹ്നം ഇട്ടതാണ് അസാധുവാകാൻ കാരണം. ഫലപ്രഖ്യാപനത്തിന് ശേഷം സുമ ബാലകൃഷ്ൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോർപറേഷൻ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ കെ.സുധാകരൻ എം.പി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, എ.ഡി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മറുപടി പ്രസംഗത്തിൽ മേയർ പറഞ്ഞു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ ആഹഌദ പ്രകടനവും നടത്തി.






