അറാർ- ദിവസമെത്താതെ പ്രസവിച്ചതിനെത്തുടർന്ന് മരണടഞ്ഞ ഫിലിപ്പിനോ യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം അറാർ പ്രവാസി സംഘത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. അറാർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഡോറോത്തി മാഗ്നസ് രണ്ടര മാസം മുൻപാണ് കുഞ്ഞിന് ജന്മം നൽകിയത്. പൂർണ വളർച്ചയെത്താതിരുന്നതിനാൽ പ്രസവാനന്തരം കുഞ്ഞിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ പ്രയാസപ്പെട്ട് രണ്ടര മാസത്തോളം മൃതദേഹം മോർച്ചറിയിൽ കിടന്നു.
നൊന്ത് പ്രസവിച്ച കുഞ്ഞിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ രേഖകൾ എങ്ങനെ ശരിയാക്കണമെന്നറിയാതെ പ്രയാസപ്പെട്ട ഫിലിപ്പിനോ നഴ്സിനോട് മലയാളി സാമൂഹ്യ പ്രവർത്തകരെ ബന്ധപ്പെടാൻ ഉപദേശിച്ചത് ആശുപത്രിയിലെ ഉദ്യോഗസ്ഥനായിരുന്നു. ബന്ധപ്പെട്ട വകുപ്പിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനുമായി മരണാനന്തര രേഖകൾ ശരിയാക്കാൻ നിരന്തരം ബന്ധപ്പെടുന്ന അറാറിലെ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ബക്കർ കരിമ്പയുടെ മുന്നിൽ ഫിലിപ്പിനോ നഴ്സ് അവരുടെ സങ്കടം അവതരിപ്പിച്ചപ്പോൾ പ്രവാസി സംഘം അതേറ്റെടുക്കുകയായിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലയക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടന ഫിലിപ്പൈൻസ് എംബസി, അറാർ പോലീസ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം ബന്ധപ്പെട്ട് രേഖകൾ ശരിയാക്കി.
കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ മോർച്ചറിയിൽ എംബാം ചെയ്ത മൃതദേഹം പ്രവാസി സംഘം പ്രവർത്തകരായ അനിൽ മാമ്പ്ര, ബിനോയ്, ഗോപൻ നടുക്കാട്, റഷീദ് പരിയാരം, ജനാർദ്ദനൻ പാലക്കാട് എന്നിവർ ഏറ്റുവാങ്ങി അവരുടെ വാഹനത്തിൽ തന്നെ അറാർ വിമാനത്താവളത്തിലെത്തിച്ചു. കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം ഡൊറോത്തി മാഗ്നസും നാട്ടിലേക്ക് പോയി. അറാർ പ്രവാസി സംഘം പ്രവർത്തകരോട് നന്ദി പറയുമ്പോൾ അവർ ഡൊറോത്തി വിങ്ങിപ്പൊട്ടി. മലയാളി സമൂഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആശുപത്രി, പോലീസ് വിഭാഗങ്ങൾ മതിപ്പ് രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. അറാറിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലയക്കുകയോ അറാറിൽ തന്നെ ഖബറടക്കം നടത്തുകയോ ചെയ്യുന്നതിനാവശ്യമായ സഹായം ചെയ്യുന്നത് അറാർ പ്രവാസി സംഘമാണ്.