Sorry, you need to enable JavaScript to visit this website.

വിജയം വരെ പോരാടും; എന്റെ വേദനകൾ സാങ്കേതികത കൊണ്ട് മറക്കാനാവില്ല-നാസിൽ അബ്ദുല്ല

ദുബായ്- മറ്റെല്ലാ സാധ്യതകളും അവസാനിച്ചപ്പോഴാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയതെന്നും വിജയിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നാസിൽ അബ്ദുല്ല. തുഷാറിനെതിരായ കേസിൽ ചില കോണുകളിൽനിന്ന് വന്ന ആരോപണം സംബന്ധിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:

സഹോദരി സഹോദരൻമാരെ ,
ജീവിതത്തിൽ ഇന്നുവരെ ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ. എന്റെ ബിസിനസ് പ്രതിസന്ധികളുടെ തുടക്കം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ് . ദൈവം സാക്ഷി  അതിൽ നിന്ന് ഉണ്ടായ സാമ്പത്തികവും അല്ലാത്തതുമായ വിലമതിക്കാനാവാത്ത ബുദ്ധിമുട്ടുകളെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ്  മറ്റെല്ലാ സാധ്യതകളും അവസാനിച്ചിടത്ത് നിയമപരമായ സാധ്യതകളിലേക്ക് നീങ്ങിയത്. വ്യക്തിപരമായി പരാജയങ്ങൾ മാത്രം അനുഭവക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാൻ. എന്നാലും പുതിയ സുപ്രഭാതങ്ങൾ വിജയത്തിന്റേതാകും എന്ന ശുഭപ്രതീക്ഷയാണ് വീണ്ടും വീണ്ടും മുന്നോട്ട് ചലിപ്പിക്കുന്നത്. എന്ത് സങ്കേതികത്വം പറഞ്ഞാലും എനിക്ക് പണം ലഭിക്കാനുള്ളത് തന്നെയാണ്. ഏത് തരത്തിലും നിയമത്തിന്റെ മുന്നിൽ നിന്നും  പൊതു സമൂഹത്തിന്റെ മുന്നിലും ന്യായീകരിച്ചാലും എന്റെ അധ്വാനവും, ത്യാഗവും, വിയർപ്പും, കണ്ണീരും പറ്റിയ പണം കയ്യിൽ വെക്കുന്നതിന് ഒരു ന്യായീകരണം ആകുന്നില്ല. അത് സമയാസമയത്ത് ലഭിക്കാത്തതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനകൾക്കും യാതനകൾക്കും ഇത്തരം ന്യായീകരണങ്ങളും സാങ്കേതികത്വങ്ങളും പരിഹാരമാകില്ല. ഈ നിയമ പോരാട്ടങ്ങളിൽ വിജയിച്ചാലും പരാജയപ്പെട്ടാലും സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സഹജീവികളിൽ പലരും സ്വജീവൻ ബലിയർപ്പിച്ച് തോൽവി ഏറ്റുവാങ്ങുന്നതിന് പകരം  ഈ വിഷയം പൊതു മധ്യത്തിൽ ചർച്ച ചെയ്യപ്പെടാനും പൊതു സമൂഹം ഏറ്റെടുക്കുകയും ചെയ്തു എന്നത് ഒരു വിജയമായിട്ടാണ് ഞാൻ കാണുന്നത്. ജാതി, മത, രാഷ്ട്രീയ ഭേദമേന്യെ നല്ല മനുഷ്യർ എനിക്ക് നൽകിയ പിന്തുണയെ തകർക്കാനും ശക്തമായ ശ്രമവും നടത്തുകയുണ്ടായി. എനിക്ക് പൊതു മധ്യത്തിൽ ബോധിപ്പിക്കാനുള്ളത്, എന്റെ ആവശ്യം വളരെ ലളിതമാണ് . എനിക്ക് ലഭിക്കാനുള്ള പണവും, അത് ലഭിക്കാത്തതിന്റെ പേരിൽ നേരിട്ട നഷ്ടങ്ങൾ സാമാന്യ മര്യാദയിൽ നികത്തപ്പെടണം. അതിൽ കവിഞ്ഞ് ഒരാവശ്യവും ഞാൻ മുന്നോട്ട് വെച്ചിട്ടില്ല . 
എന്നെ തെറ്റിദ്ധരിക്കുന്ന സുഹൃത്തുക്കളോടും എന്നോട് ഐക്യദാർഡ്യപ്പെടുന്നവരോടുമെല്ലാം പറയാൻ ഉള്ളത് നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഇനിയും ഉണ്ടാകണമെന്നാണ്.
 

Latest News