Sorry, you need to enable JavaScript to visit this website.

ലഡാക്ക്: നീലക്കണ്ണുള്ള സുന്ദരി

  • ലഡാക്കിന്റെ താഴ്‌വരകളിലേക്ക് പ്രഭാതം കടന്നു വരുന്ന കാഴ്ച അതിമനോഹരമാണ്. സൂര്യകിരണങ്ങൾ മലനിരകളിൽ തട്ടിത്തട്ടി, നിഴലും വെളിച്ചവും കൂടിക്കലർന്ന് ഒടുവിൽ വെളിച്ചം മാത്രമായി.... 

 

ലാ+ഡാക്ക് = ലഡാക്ക്
ചുരങ്ങൾ + ദേശം = ചുരങ്ങളുടെ നാട്

കശ്മീരും ലഡാക്കുമെല്ലാം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ, അവിടേക്ക് നടത്തിയ മനോഹര യാത്രയുടെ ഓർമകളിലാണ് ഞാൻ. 
വടക്ക് കാരക്കോറം മലനിരകൾക്കും തെക്ക് ഹിമാലയ നിരകൾക്കും ഇടയിലായി പന്ത്രണ്ടോളം ചുരങ്ങൾക്ക് അവകാശിയാണ് ലഡാക്ക്.
ഇവയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, സഞ്ചാരയോഗ്യമായ ചുരമെന്ന് അവകാശപ്പെടുന്ന ഖാർ ദുണ്ട് ലാ യും ഉണ്ട്. 18,380 അടി ഉയരം! (ഒന്നാമനെന്ന കാര്യം ഇപ്പോഴും തർക്കത്തിലാണ്).
ലേയുടെ വടക്ക് നാൽപതു കി.മീ ദൂരത്തുള്ള ഈ കൊമ്പനെ കടന്നു വേണം മനോഹരമായ നു ബ്രാ താഴ്‌വരയിലേക്കിറങ്ങാൻ. 


ഖാർ ദുങ്‌ലയിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നതും ടാറ്റാ പറയുന്നതും ഒരേ പേരിലുള്ള രണ്ട് ബേസ് ക്യാമ്പുകളാണ്. തെക്കൻ പുള്ളും വടക്കൻ പുള്ളും.
തെക്കൻ പുള്ളിൽ (സ്വാഗത കമ്മിറ്റി ) എത്തുമ്പോൾ തന്നെ ഖാർ ദുങ്‌ലയിലേക്കുള്ള മുക്കാൽ ഭാഗം ദൂരം പിന്നിട്ടിരിക്കും. ഇതു വരെയുള്ള റോഡും വളരെ നല്ലതാണ്. (ബോർഡർ റോഡ് ഓർഗനൈസേഷന് ബിഗ് സല്യൂട്ട്). 
ചുരം ആരംഭിക്കുന്ന സൗത്ത് പുള്ള് മുതൽ റോഡ് ഉണ്ടെങ്കിലും പ്രകൃതിയുടെ കുറുമ്പു കരുതിയാവണം ഇനിയുള്ള യാത്ര. വമ്പൻ ചരക്ക് ട്രക്കുകളും മിലിട്ടറി ട്രക്കുകളും പോകാനുള്ള വീതിയും റോഡിനുണ്ട്. പക്ഷേ, എപ്പോൾ വേണമെങ്കിലും മുകളിൽനിന്നു ഉരുളൻ കല്ലുകൾ റോഡിലേക്ക് ഇളകി വീഴാം, മൂടൽമഞ്ഞ് വന്ന് കണ്ണുപൊത്താം, മഞ്ഞുരുകി ചോലകൾ ഒഴുകി വരാം. അതോടൊപ്പം ചെളിയും കൂടിയാകുമ്പോൾ അളി പിളി സഞ്ചാരം. ബൈക്കുകൾ തെന്നാതെ ശ്വാസം പിടിച്ച് പൊയ്‌ക്കോണം. ഒരു വശത്ത് ചെങ്കുത്തായ പാറ മലകൾ... മറുവശത്ത് സുന്ദരമായ താഴ്‌വാര കൊക്കകളും (താമരശ്ശേരി ചുരവും, കുതിരവട്ടം പപ്പുവും ഒക്കെ ഓർമ്മ വരും. പക്ഷേ ചിരി വരില്ല). പത്ത് പതിനൊന്ന് കി.മീ താണ്ടാൻ ചുരുങ്ങിയത് ഒരു മണിക്കൂർ.


ഏതു വാഹനത്തിലായാലും സഞ്ചാരികളൊക്കെ തമ്മിൽ ദേശ ഭാഷകൾക്കതീതമായി ആത്മബന്ധത്തിലും സ്‌നേഹത്തിലുമാണ് യാത്ര. ഏതെങ്കിലും വാഹനം പണിമുടക്കിയാൽ എല്ലാവരും വണ്ടി നിർത്തി സഹായ ഹസ്തവുമായി എത്തും. ആർക്കും ധിറുതി ഇല്ല. അങ്ങനെയാണിവിടെ പ്രകൃതി മീശ പിരിച്ചു നിൽക്കുന്നത്.
തട്ടിയും മുട്ടിയും ഹൈലേ സാ പാടി, മുകളിൽ എത്തിയാലോ.... കൂടുതൽ നേരം നീണ്ടു നിവർന്നങ്ങനെ നിൽക്കാമെന്ന് കരുതണ്ട. അവിടുത്തെ സുരക്ഷാ ചുമതലയുള്ള ആർമി ക്യാമ്പ് തയാറാക്കി വെച്ചിരിക്കുന്ന ചായ കുടിക്കുക, ഫോട്ടോ എടുക്കുക, വായു വലിച്ചെടുത്ത് പതിനഞ്ച് മിനിട്ടിനുള്ളിൽ സ്ഥലം വിട്ടോളുക. ശ്വാസംമുട്ട് കൂടുതലായി അനുഭവപ്പെടുന്നവർക്ക് ഓക്‌സിജൻ സിലിണ്ടറുകൾ ആർമി ക്യാമ്പിൽ ഉണ്ട്.   
മഞ്ഞുമലകളെ ഒളിപ്പിച്ചും തെളിപ്പിച്ചും കളിക്കുന്ന മൂടൽമഞ്ഞും ഫഌഷ് ലൈറ്റ് പോലെ ഓടി മറയുന്ന പൊൻവെയിലും മരവിപ്പിക്കുന്ന തണുത്ത കാറ്റും. തെക്കൻ പുള്ളിലേക്കുള്ള ഇറക്കം സുന്ദരമാണ്. മഞ്ഞുമലകളെ തൊട്ടു തഴുകി, വഴി ചോദിക്കാതെ ഇറങ്ങിയങ്ങ് പോവാം.

 

***    ***    ***

കൂട്ടിയിടി.. ഭയങ്കരമാന കൂട്ടിയിടി.  നമ്മൾ ആരാധനയോടെ, അദ്ഭുതത്തോടെ നോക്കി നിൽക്കുന്ന ഹിമാലയ മലനിരകളുടെ ജനനം അങ്ങനെയാണ്. ഇന്തോ-ഓസ്‌ട്രേലിയൻ ഭൂ ഫലകം ദശാബ്ദങ്ങളോളം സഞ്ചരിച്ച് യൂറേഷ്യൻ ഭൂ ഫലകത്തിനിട്ട് നല്ലൊരു ഇടി കൊടുത്ത് ഇവർക്കിടയിലുണ്ടായിരുന്ന ടൈത്തീസ് കടലിനെ നാടുകടത്തി. അതോടെ കടലിനടിത്തട്ടിൽനിന്ന് പുറത്തു വന്ന കുടത്തിലെ ഭൂതം ഇന്ന് ആറു രാജ്യങ്ങളിലായി (ഭൂട്ടാൻ, നേപ്പാൾ, ചൈന, തിബത്തറ്റ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ) പടർന്നു പന്തലിച്ചങ്ങനെ കിടക്കുകയാണ്. പറഞ്ഞു വന്നത് ലഡാക്കിൽ കാണുന്നത് വാൽക്കഷ്ണം മാത്രമാണെന്നാണ്. വർഷങ്ങളോളം ടൈത്തിസ് കടലിനടിയിൽ സംഭരിക്കപ്പെട്ട അവസാദങ്ങളുടെ മനോഹരമായ ശേഖരത്തെ അടുക്കും ചിട്ടയോടെ, ഒന്ന് മറ്റൊന്നിൽ കലരാതെ, പരസ്പര ബഹുമാനത്തോടെ അച്ചടക്കത്തോടെയാണ് പ്രകൃതി ഒരുക്കി നിർത്തിയിരിക്കുന്നത്.  ('.....ലെങ്ങാണ്ടൊരിടത്തിരുന്ന മർത്ത്യൻ കഥയെന്തു കണ്ടു!')


ലഡാക്കിലെ ഓരോ മലനിരകളിലെയും മണ്ണിന് വ്യത്യസ്ത നിറങ്ങളാണ്. മുൽത്താണി മണ്ണിന്റേതുമായ മലക്കു താഴെ ടൂറിസ്റ്റുകളുടെ തിരക്കാണ്. ഓരോ കഷ്ണങ്ങൾ അടർത്തിയെടുക്കാനുള്ള തിരക്ക്.
ലഡാക്കിന്റെ താഴ്‌വരകളിലേക്ക് പ്രഭാതം കടന്നു വരുന്ന കാഴ്ച അതിമനോഹരമാണ്. സൂര്യകിരണങ്ങൾ മലനിരകളിൽ തട്ടിത്തട്ടി, നിഴലും വെളിച്ചവും കൂടിക്കലർന്ന് ഒടുവിൽ വെളിച്ചം മാത്രമായി. 
വരണ്ട ഭൂപ്രകൃതിയാണ് കാർഗിലിലും ചുറ്റുപാടും. പക്ഷേ ദാർ ചി ഗ്രാമത്തിൽ ചെന്നിറങ്ങുമ്പോൾ ശീത കാലാവസ്ഥയിലേക്ക് കാലു കുത്തിയതായി അനുഭവപ്പെടും. പച്ചപ്പും നീർചോലകളും കളകളാരവങ്ങളും ഇതുപോലെ നീലക്കണ്ണുകളുള്ള സുന്ദരികളും സുന്ദരൻമാരും. തിരിച്ചുപോരാൻ തോന്നില്ല.
പച്ച നിറത്തിലൊഴുകുന്ന സരയൂ നദിയിലെ വെള്ളം പാക്കിസ്ഥാനിലേക്ക് പോകുന്നു. പർവത നിരകളുടെ മണ്ണിന്റെ നിറവ്യത്യാസം ശ്രദ്ധിച്ചാൽ അറിയാം. പാറമേൽ ആരോ വരഞ്ഞിട്ടതു പോലുള്ള അടയാളങ്ങൾ. അത് ജലനിരപ്പ് ഒരു കാലത്ത് അത്രമേൽ ഉയരത്തിൽ ഉണ്ടായിരുന്നു എന്നതാണത്രേ കാണിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളാലും കാലാവസ്ഥ വ്യതിയാനത്താലും ഒക്കെ നദിയിലെ വെള്ളം ഇന്ന് കാണുന്ന നിരപ്പിലെത്തി. വികസന നിർമാണങ്ങളും ഇതിന് കാരണമായേക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.


 

Latest News