Sorry, you need to enable JavaScript to visit this website.

നിശ്ശബ്ദതയുടെ മഞ്ഞുതാഴ്‌വരകളിലൂടെ... 

മഞ്ഞുമൂടിയ ബഞ്ചാറിൽനിന്നു രാവിലെ ഒമ്പതിന് ജലോരി പാസിലേക്കുള്ള ബസുണ്ട്. ഈ വണ്ടി ഏകദേശം 9 15 ഓടെ ജിബിയിൽ എത്തിയേക്കാം. അതിമനോഹരമായ കാഴ്ചകളിലേക്കാണ് ഈ യാത്ര. വളവുകളും കയറ്റങ്ങളും കയറി ജലോരി പാസിന്റെ ഉയരങ്ങളിലേക്ക്.. ഈ യാത്രയിൽ ബസിന്റെ വലതു ഭാഗത്ത് ഇരിക്കുക. ജലോരി പാസിൽ മഞ്ഞുവീഴ്ചയുള്ള ചില ദിവസങ്ങളിൽ ഈ ബസ് ഓടാറില്ല. അങ്ങനെയെങ്കിൽ ബഞ്ചാറിൽനിന്ന് എന്തെങ്കിലും വണ്ടി പിടിച്ചാലേ പോകാൻ കഴിയൂ.
വഴിയിൽ സോജാ എന്നൊരു ഗ്രാമമുണ്ട്. സമയമുള്ളവർക്ക് ഒരു ദിവസം അവിടെ താമസിക്കാം. ഒരു മലയുടെ ചരിവിൽ കുറച്ചു വീടുകൾ മാത്രമുള്ള കുഞ്ഞു ഗ്രാമം. അവിടെനിന്നു നോക്കിയാൽ നേരത്തെ കയറിയ ഭുവാ മല കാണാം. വല്ലാത്തൊരു നിശ്ശബ്ദത അനുഭവപ്പെട്ട സ്ഥലമാണ് സോജാ. എങ്ങോട്ടു നോക്കിയാലും മനോഹരമായ കാഴ്ചകൾ. ദേവതാരു മരങ്ങൾ നിറഞ്ഞ താഴ്‌വരകൾ. താഴേക്ക് തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങൾ. 


സോജാ കടന്നു വീണ്ടും മുകളിലേക്കു കയറുംതോറും മഞ്ഞിന്റെ മേലാപ്പണിഞ്ഞ ജലോരി പാസ് കണ്ടു തുടങ്ങും. ദേവതാരു മരങ്ങൾ നിറഞ്ഞ വഴികളിലൂടെ മുകളിലേക്ക് ചെല്ലുംതോറും അവിടവിടായി മഞ്ഞു വീണു കിടക്കുന്ന കാഴ്ചയും. യാത്രയുടെ അവസാന ഭാഗം ആകുമ്പോഴേക്കും പൂർണമായും മഞ്ഞു വീണു കിടക്കുന്ന വഴിയോരങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം ചെറുതല്ല. ആദ്യമായി മഞ്ഞു കാണാൻ തെരഞ്ഞെടുത്ത സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി.
ജലോരി പാസിൽ ബസിറങ്ങിയ ശേഷം, ഇടതുവശത്തേക്ക് അഞ്ചു കിലോമീറ്റർ നടപ്പുണ്ട് സിരോത്സർ തടാകത്തിലേക്ക്. താരതമ്യേന എളുപ്പത്തിൽ നടക്കാൻ കഴിയുന്ന വഴിയാണ്. ഇവിടെ കൂട്ടിന് വേറെ ആളുകളെയും കാണാൻ കഴിയും. പലതരം കാഴ്ചകൾ കണ്ട് നടന്നു നടന്ന് അവസാനം എത്തുന്നത് മഞ്ഞിനാൽ മൂടപ്പെട്ട പ്രദേശത്തേക്കാണ്. ആദ്യമായി മഞ്ഞിൽ കാൽ ചവിട്ടിയ സിരോത്സർ, മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഭൂമി.


ആ നടപ്പ് ചെന്നവസാനിക്കുന്നത് മനോഹരമായ സിരോത്സർ തടാകത്തിലാണ്. അതിന്റെ ചുറ്റുമുള്ള നടവഴിയിലൂടെ മുഴുവൻ നടന്നു കാണാം. തടാകത്തിന്റെ മുകളിലേക്ക് മഞ്ഞിലൂടെ നമുക്ക് ഇഷ്ടമുള്ള അത്രയും ഹൈക്ക് ചെയ്യാം. മനുഷ്യരുടെ കാൽപാദങ്ങൾ പതിയാത്ത പുത്തൻ മഞ്ഞിലൂടെ ആവുന്നത്ര ആഹ്ലാദിക്കാം. ശൈത്യകാലത്ത് ഇവിടെ പോയാൽ പരമാവധി വൈകിട്ട് മൂന്നു മണിക്കെങ്കിലും തിരിച്ചു ജലോരി പാസിൽ എത്താൻ ശ്രമിക്കണം.. കാരണം, മഞ്ഞുവീഴ്ച തുടങ്ങിയാൽ പിന്നെ റോഡ് ബ്ലോക്കാവും. 
ജലോരിയിൽനിന്നു ബഞ്ചാറിലേക്ക് വൈകിട്ട് ഒരു ബസുണ്ടെന്നാണ് അറിഞ്ഞത്. ആ ബസിൽ തിരികെ വന്നു ജിബിയിലോ ബഞ്ചാറിലോ താമസിക്കാം.
ജലോരി പാസിൽനിന്നും നേരെ നർകന്ത എന്ന സ്ഥലത്തേക്ക് പോകാം. ഷിംല - റെക്കോംഗ്- പിയോ റൂട്ടിൽ പോയി കയറാം. നർകന്തയിലെ ഹാട്ടൂ പീക്ക് കാണാം. ഒന്നുകിൽ റെക്കോങ് പിയോ ഭാഗത്തേക്ക്. അല്ലെങ്കിൽ കുഫ്രി പ്രദേശം ഒക്കെ കണ്ടു ഷിംലയിലേക്ക് യാത്ര തിരിക്കാം. അവിടുന്ന് ടോയ് ട്രെയിൻ പിടിച്ചു കൽക്ക എന്ന സ്ഥലം വഴിയോ ബസിൽ  ചണ്ഡീഗഢ് വഴിയോ തിരിച്ചുവരാം.
ബഞ്ചാർ ബസ് സ്റ്റാൻഡിൽനിന്നു തിർത്താൻ വാലിയിലേക്ക് ബസുകളുണ്ട്. മനോഹരമായ കാഴ്ചകൾ ഉള്ള സ്ഥലമാണത്. ഗ്രേറ്റ് ഹിമാലയൻ നാഷനൽ പാർക്കിൽ പെടുന്ന പ്രദേശം. അവിടുന്ന് നമുക്ക് തന്നെ കയറിപ്പോകാൻ കഴിയുന്ന പല ട്രെക്കിംഗ് പാതകളുമുണ്ട്. അവിടെ ചെന്ന ശേഷം നാട്ടുകാരോട് അന്വേഷിച്ച ശേഷം തീരുമാനിക്കാം.
ഒരു ദിവസം തിർത്താനിലെ ഏതെങ്കിലും ഹോം സ്റ്റേയിൽ താമസിച്ച ശേഷം അവിടെയുള്ള ആളുകളോട് അന്വേഷിച്ചറിഞ്ഞ ശേഷം ലോക്കൽ റൂട്ടുകളിലൂടെ ഏതെങ്കിലും വഴികൾ തേടി മനസ്സിന് ഇഷ്ടപ്പെടുന്നത് പോലെ അലയാം.. 


യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ശാംഗഢ് ഗ്രാമമാണ്. കിടിലൻ കാഴ്ചകൾ നിറഞ്ഞ ഹിമാലയൻ മലനിരകൾക്കു സമാന്തരമായി, മനോഹരമായ ഒരു പുൽത്തകിടി.
ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഈ സുന്ദരമായ പുൽമേട്. ശൈത്യകാലത്ത് അവിടം മുഴുവൻ മഞ്ഞു പെയ്തു നിൽക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ നല്ല പച്ച പുല്ലും. ഏറ്റവും വലിയ പ്രത്യേകത ആയി തോന്നിയത്, അവിടുത്തെ ശാന്തത തന്നെയാണ്. പൂർണ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ കിളികളുടെ ചിലമ്പലും കേട്ട് ഹിമാലയം നോക്കി ഇരിക്കണം. മനസ്സും ശരീരവും ഒരേ പോലെ ഉന്മേഷം നേടിയ ആ നിമിഷങ്ങളിൽ ഓരോരോ കിനാവും കണ്ട് അവിടെയിരുന്നത് വല്ലാത്തൊരു അനുഭൂതിയായിരുന്നു. അവിടേക്ക് പോകാനായി ബഞ്ചാറിൽനിന്നു നമ്മൾ ആദ്യം വന്ന ഔട്ടിലേക്ക്  ബസ് കയറുക. ഒന്നുകിൽ ടണലിന്റെ മുന്നിൽ ഇറങ്ങാം, അല്ലെങ്കിൽ അതും കടന്നു നേരെ ഔട്ട് ബസ് സ്‌റ്റോപ്പിൽ നിന്നാൽ സെയ്ഞ്ച് ഗ്രാമത്തിലേക്ക് ബസ് കിട്ടും 20 രൂപ ടിക്കറ്റ്. അര മണിക്കൂർ യാത്ര..
സെയ്ഞ്ചിൽനിന്നു ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.30 ന് ശാംഗഢിലേക്ക് ബസുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്രക്ക് 50 രൂപയിൽ താഴെയാണ് ടിക്കറ്റ്.  അല്ലെങ്കിൽ സെയ്ഞ്ചിൽനിന്നു ഒരു ബൊലേറോ വിളിക്കാം. 700 രൂപക്ക് അവർ കൊണ്ടുവിടും.


അന്നത്തെ ദിവസം ഞാൻ മാത്രമായിരുന്നു അവിടെ സന്ദർശിക്കാൻ ഉണ്ടായിരുന്നത്. സുഹൃത്ത് രഞ്ജീത് വഴി അവിടെയുള്ള തേജാ ഭായിയുടെ നമ്പർ കിട്ടിയിരുന്നു.  അദ്ദേഹത്തിന്റെ വീട്ടിൽ അന്നത്തെ രാത്രി താമസിച്ചു. മണ്ണിൽ ചുട്ടെടുക്കുന്ന ടൂറോ എന്ന ലോക്കൽ വിഭവവും കഴിച്ചുള്ള ഹോം സ്റ്റേക്ക് 500 രൂപ മാത്രം.
അദ്ദേഹത്തിന്റെ വീട്ടിലെ താമസം ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം, തേജാ ഭായിയുടെ ആതിഥ്യ മര്യാദ തന്നെ. ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ആ മനുഷ്യൻ ഒരു കൂട്ടുകാരനെ പോലെ എന്നെ പരിഗണിച്ചു.. അവിടുത്തെ കഥകൾ പറഞ്ഞും ഫോട്ടോ എടുക്കാനുൾപ്പെടെ എല്ലാറ്റിനും കൂടെ നിന്നും ഒറ്റ ദിവസം കൊണ്ട് നല്ലൊരു സുഹൃത്തായി മാറി.
എന്തായാലും അവിടേക്ക് പോകുന്നെങ്കിൽ അദ്ദേഹത്തെ വിളിക്കാം. (+919816731367) ആൾക്ക് ഇംഗ്ലീഷ് കുറച്ചു പ്രശ്‌നമാണെന്ന് മാത്രം.
അവിടുന്ന് തന്നെ ഹിമാലയൻ നാഷനൽ പാർക്കിൽ ഒരുപാട് ട്രെക്കിംഗ് റൂട്ടുകൾ ഉണ്ട്. ശാംഗഢിൽനിന്നു തിരിച്ചു സെയ്ഞ്ചിലേക്ക് രാവിലെ ഒമ്പതിന് ഒരു പിക്കപ്പ് വാൻ പോകുന്നുണ്ട്. 50 രൂപയാണ് ചാർജ്. വണ്ടി വരുന്ന സ്ഥലം തേജാ ഭായ് പറഞ്ഞുതരും. ആ വണ്ടിയിൽ കയറി സെയ്ഞ്ചിൽ വന്ന ശേഷം അവിടുന്ന് ഔട്ട് ബസ് പിടിക്കുക. മണാലി ഭാഗത്തേക്ക് പോകാനാണെങ്കിൽ കുളു വഴി ബസ് കിട്ടും, തിരിച്ചു വരാനാണെങ്കിൽ ഔട്ടിൽനിന്നു മണ്ഡി ബസിൽ കയറുക.. അവിടുന്ന് സമയം പോലെ ദൽഹിയോ ചണ്ഡീഗഢോ ബസ് പിടിച്ചു വരാം.
തിർത്താൻ വാലി ഒഴിച്ചുള്ള സ്ഥലങ്ങൾ ഞാൻ നാല് ദിവസം കൊണ്ടാണ് കണ്ടത്. ലീവില്ല, ഒരുപാട് പൈസ കയ്യിലില്ല. ഇതൊക്കെയാണ് പലരുടെയും പ്രശ്‌നങ്ങൾ. മറ്റുള്ളവരുടെ യാത്രാ വിവരണങ്ങൾ കണ്ടു കൊതിക്കാനല്ല, സ്വയം യാത്രകൾ ചെയ്യാനാണ് ഇഷ്ടം എന്ന് നെഞ്ചിൽ കൈവെച്ച് എല്ലാവരും പറയണം. എങ്കിലേ യാത്ര ഒരു ലഹരിയായി മാറുന്നത് അനുഭവിക്കാനാവൂ.


 

Latest News