ആലപ്പുഴ/കൊച്ചി- ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ടില്‍ വില്ലയിലാണ് താമസം.
മകള്‍ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴുപേര്‍ ഉള്‍പ്പെടുന്ന സംഘം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവിടെയെത്തിയത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗമാണ് ആലപ്പുഴയിലെത്തിയത്.
എട്ടിന് ഉച്ചകഴിഞ്ഞാണ് മടങ്ങുക.
തിങ്കളാഴ്ച വൈകീട്ട് 5.40-ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഈ സമയംതന്നെ കണ്ണൂരില്‍നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വി.ഐ.പി. ലോഞ്ചില്‍ അദ്വാനിയെ ചെന്നുകണ്ടു. അഞ്ചുമിനിറ്റുനേരത്തെ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. ബി.ജെപി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, ദേശീയ കൗണ്‍സിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദ്വാനിക്ക് വിമാനത്താവളത്തില്‍ സ്വീകരണം.
ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷയുള്ള അദ്വാനിക്ക് താമസസ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ അദ്വാനി ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ അല്‍പ സമയം വിശ്രമിച്ചു. വൈകിട്ട് ഏഴരയോടെയായിരുന്നു വന്‍ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ സ്റ്റേഷനിലെത്തിയത്. 10 മിനിറ്റോളം ഇവിടെ ചെലവഴിച്ചു.