Sorry, you need to enable JavaScript to visit this website.

നാളികേരോൽപന്ന വിപണി ഉണർന്നു; സ്വർണ വില കുറഞ്ഞു

ഓണം അടുത്തതോടെ നാളികേരോൽപന്ന വിപണി സജീവമായി. റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം സ്വർണ വില കുറഞ്ഞു.  
ഇനി തിരുവോണം വരെ വെളിച്ചെണ്ണയ്ക്ക് ഡിമാൻറ് ഉയരുമെന്ന വിശ്വാസത്തിലാണ് കൊപ്രയാട്ട് മില്ലുകാർ. പോയവാരം ആദ്യ പകുതിയിൽ കൊപ്ര സംഭരിക്കാൻ മില്ലുകാർ കാണിച്ച ഉത്സാഹം ഉൽപാദർക്കും ആവേശം പകർന്നു. വ്യവസായിക ഡിമാൻറ്റിൽ 10,170 രൂപ വരെ ഉയർന്ന കൊപ്ര ശനിയാഴ്ച 10,040 രൂപയിലാണ്. കൊപ്ര താങ്ങ് വിലയായ 9521 രൂപക്ക് മുകളിൽ എത്തിയതിനാൽ സംഭരണ ഏജൻസികൾ രംഗത്തില്ല. നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രാഥമിക സംഘങ്ങൾ വഴി കൊപ്ര സംഭരിച്ചതാണ് 9000 രൂപ റേഞ്ചിൽ നിന്ന് വിപണിയെ ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മില്ലുകാർ ഉയർന്ന അളവിൽ എണ്ണ കേരളത്തിൽ എത്തിച്ചത് വിൽപന സമ്മർദമുളവാക്കി. ഇതോടെ കൊച്ചിയിൽ എണ്ണ വില 200 രൂപ കുറഞ്ഞ് 15,000 രൂപയായി.
തെളിഞ്ഞ കാലാവസ്ഥ മുൻനിർത്തി പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് ഉൽപാദകർ ഉത്സാഹിച്ചു. ചെറുകിട കർഷകർ ഓണാവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടത്താൻ പച്ചത്തേങ്ങ വിൽപന നടത്തി. വിദേശ ഭക്ഷ്യയെണ്ണ വില മുൻ മാസത്തെ അപേക്ഷിച്ച് ഉയരുന്നത് വെളിച്ചെണ്ണക്ക് താങ്ങ് പകരും. 
കേരളത്തിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. ആഭരണ വിപണിയിൽ 28,320 രൂപയിൽ വിൽപനയാരംഭിച്ച പവൻ റെക്കോർഡ് പ്രകടനത്തിലുടെ 28,880 വരെ ഉയർന്നു. ഈ അവസരത്തിൽ ഒരു ഗ്രാം സ്വർണ വില 3610 രൂപയിലെത്തി. 
ശനിയാഴ്ച പവൻ 28,480 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില 1527 ഡോളറിൽ നിന്ന് 1554 ഡോളർ വരെ കയറിയ വേളയിൽ ഓപറേറ്റമാർ ലാഭമെടുപ്പ് നടത്തിയതോടെ വാരാന്ത്യം വില 1520 ഡോളറായി.
ഹൈറേഞ്ചിലെ ഉൽപാദകർ പുതിയ ഏലക്ക ലേല കേന്ദ്രങ്ങളിൽ എത്തിച്ചതോടെ വാങ്ങലുകാരുടെ ആവേശം കുറഞ്ഞു. ഓഫ് സീസണിൽ കിലോ 7000 രൂപ വരെ ഉയർന്ന ഏലം പിന്നിട്ടവാരം 3700 രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്താൻ ഏറെ ക്ലേശിച്ചു. വിളവെടുപ്പ് തുടങ്ങിയെന്ന ഒറ്റക്കാരണത്താലാണ് റെക്കോർഡ് വിലയിൽ നിന്ന് ഏലത്തിന് ഏതാണ്ട് അമ്പത് ശതമാനം തകർച്ച നേരിട്ടത്. ഈ വാരം ലേല കേന്ദ്രങ്ങളിൽ വരവ് ഉയരാം. 
കാർഷിക ചെലവുകൾ താങ്ങാനാവാത്തതിനാൽ ആദ്യ ചരക്ക് വേഗം പണമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഉൽപന്നത്തിന് നേരിട്ട വില തകർച്ചയും കർഷകരെ വിൽപനക്കാരാക്കുന്നു. ഇതിനിടയിൽ കഴിഞ്ഞ മാസങ്ങളിൽ കുതിച്ചു കയറിയ ഏലക്ക വില ചെറുകിട വിപണികളിൽ ഇനിയും താഴ്ന്നിട്ടില്ല. അന്തർ സംസ്ഥാന വ്യാപാരികളും കയറ്റുമതിക്കാരും ചരക്ക് ശേഖരിക്കുന്നുണ്ട്. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 3338 രൂപയിലാണ്. 
ഉത്സവ സീസൺ അടുത്തിട്ടും കുരുമുകളിന് ഉത്തരേന്ത്യയിൽ നിന്ന് ആവശ്യക്കാരില്ല. ഡിമാൻറ് മങ്ങിയത് വില തകർച്ചയ്ക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ കാർഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചു. 33,500 ൽ വിൽപനക്ക് തുടക്കം കുറിച്ച അൺ ഗാർബിൾഡ് മുളക് വാരാന്ത്യം 33,100 രൂപയിലാണ്. ആഗോള വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5225 ഡോളറിലാണ്. വിളവെടുപ്പിന് ഒരുങ്ങുന്ന ബ്രസീൽ ടണ്ണിന് 2000-2200 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ ചരക്ക് എത്തും മുമ്പേ സ്‌റ്റോക്ക് വിറ്റഴിക്കാൻ വിയറ്റ്‌നാമും ഇന്തോനേഷ്യയും രംഗത്തുണ്ട്. 
കാലാവസ്ഥ അനുകൂലമായതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ ടാപ്പിങിന് രംഗം ഉണർന്നു.    രാജ്യാന്തര വിപണിയിൽ റബർ വില ഇടിഞ്ഞത് കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിനെ തഴഞ്ഞു. വിദേശ റബർ ഇറക്കുമതിക്ക് മത്സരിക്കുകയാണ് വൻകിട കമ്പനികൾ. ടയർ നിർമാതാക്കളിൽ നിന്നുള്ള ആവശ്യം കുറഞ്ഞതോടെ നാലാം ഗ്രേഡ് റബർ 13,900 രൂപയിലും അഞ്ചാം ഗ്രേഡ് 13,500 ലുമാണ് നീങ്ങുന്നത്.  

Latest News