ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു) എമിരിറ്റ പ്രൊഫസറും പ്രമുഖ ചരിത്രകാരിയുമായ റൊമില ഥാപ്പറോട് വാഴ്സിറ്റി അധികൃതര്‍ സി.വി ചോദിച്ച സംഭവത്തില്‍ അധ്യാപകരുടേയും ഗവേഷകരുടേയും ശക്തമായ പ്രതിഷേധം. പ്രൊഫസര്‍ എമിരിറ്റ പദവിയില്‍ തുടരുന്നതു പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഥാപ്പറോട് വാഴ്സിറ്റി സി.വി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന് ആരോപിച്ചു. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അപമാനിക്കാന്‍ മനപ്പൂര്‍വ്വമുള്ള ശ്രമമാണിതെന്നും ഈ ആവശ്യം പിന്‍വലിച്ച് ഥാപ്പറോട് അധികാരികള്‍ വ്യക്തിപരമായി മാപ്പപേക്ഷിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
വാഴ്സിറ്റി അധികാരികളുടെ ഈ നീക്കത്തില്‍ അധ്യാപക സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജെഎന്‍യുവിലെ അധ്യാപനത്തിന്റേയും പഠനത്തിന്റേയും പാരമ്പര്യത്തെ അരോചകമായ തിട്ടൂരങ്ങളിലൂടെ ഇകഴ്ത്താനുള്ള ശ്രമമാണിതെന്നും അധ്യാപകര്‍ ആരോപിച്ചു. ജെഎന്‍യുവിന്റെ സ്ഥാപക ആദര്‍ശങ്ങളും അടിത്തറയും സംരക്ഷിക്കാനുള്ള വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും പോരാട്ടത്തിന് ഉറച്ച പിന്തുണയും പ്രചോദനവും നല്കുന്നതു കൊണ്ടാണ് പ്രൊഫസര്‍ ഥാപ്പറോട് രാഷ്ട്രീയ പ്രേരിതമായ ഈ നീക്കം നടക്കുന്നതെന്ന് ടീചേഴ്സ് അസോസിയേഷന് പ്രസ്താവനയില്‍ പറയുന്നു.
അക്കാദമിക, ഗവേഷണ രംഗങ്ങളിലും ജെഎന്‍യുവിന്റെ വളര്‍ച്ചയ്ക്കും നല്കിയ വലിയ സംഭാവനകളെ മാനിച്ചാണ് റൊമില ഥാപ്പര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതര്‍ക്ക് ഓണററി ആയി ആജീവനാന്ത എമിരിറ്റ/ എമിരറ്റസ് പദവി ജെഎന്‍യു നല്‍കിയിരിക്കുന്നത്. ഇവ പുനപ്പരിശോധിക്കാനാണ് ഇപ്പോള്‍ ജെഎന്‍യു അധികാരികളുടെ നീക്കം. ഓഗസ്റ്റ് 23ന് ചേര്‍ന്ന് ജെഎന്‍യു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗ തീരുമാന പ്രകാരമാണ് ഥാപ്പര്‍ അടക്കമുള്ളവര്‍ക്ക് സി.വി സമര്‍പ്പിക്കാനാവശ്യപ്പെട്ട് രജിസ്ട്രാര്‍ കത്തയച്ചത്. 75 പിന്നിട്ട എമിരിറ്റ/ എമിരറ്റസ് പ്രൊഫസര്‍മാരുടെ ലഭ്യത, ആരോഗ്യ സ്ഥിതി, സമ്മതം, യൂണിവേഴ്സിറ്റിയുടെ ആവശ്യം എന്നിവ പരിശോധിച്ച ശേഷം മാത്രം തുടരാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ഭരണ സമിതിയുടെ തീരുമാനം. പുതിയ ആളുകളെ ഈ പദവിയിലെത്തിക്കാന്‍ ഇതുവഴി കഴിയുമെന്നും പുതിയ മാര്‍ഗനിര്‍ദേശ രേഖ പറയുന്നു.