Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവര്‍ക്കുമുന്നില്‍ ഇനി നാലു മാസം മാത്രം; പിന്നീട് തടവറകളിലേക്ക്

ഗുവാഹത്തി- ജീവിതം തന്നെ അനിശ്ചിതത്വത്തിലായി അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങള്‍. അറസ്റ്റും ജയിലുമാണ് ഇനി അവര്‍ക്ക് മുന്നിലുള്ളത്. രാജ്യമില്ലാതാകുന്നവരെ എന്തു ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇനിയും തീരുമാനിച്ചിട്ടില്ല.
അന്തിമപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ (എഫ്.ടി.) സമീപിക്കാമെങ്കിലും അപ്പീല്‍ തള്ളിയാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതാകും. അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നതിന്റെ പേരില്‍ അറസ്റ്റും ജയിലും നേരിടേണ്ടിവരും.  എന്‍.ആര്‍.സി.യില്‍ പേരില്ലാത്തവര്‍ക്ക് ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കാന്‍ 120 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി അസമിലെ 33 ജില്ലകളിലായി 1000 ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ (എഫ്.ടി.) സ്ഥാപിക്കും. ട്രിബ്യൂണലില്‍ കേസുതോറ്റാല്‍ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാം. ഇതിനാവശ്യമായ നിയമസഹായം നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ജനങ്ങളോട് സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്യുന്നു.

1946-ലെ ഫോറിനേഴ്‌സ് നിയമത്തിലെ വ്യവസ്ഥകളും 1964-ലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ഉത്തരവും പ്രകാരം വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കാനുള്ള അവകാശം ട്രിബ്യൂണലിനു മാത്രമേയുള്ളൂ.  അതിനാല്‍, എന്‍.ആര്‍.സി.യില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുവെച്ച് ഒരാളെ വിദേശിയായി പ്രഖ്യാപിക്കില്ലെന്ന് അസം അഡീഷണല്‍ ചീഫ് സെക്രട്ടറി  കുമാര്‍ സഞ്ജയ് കൃഷ്ണ പറഞ്ഞു. അന്തിമപട്ടികയില്‍പ്പെടാതിരിക്കുകയും എഫ്.ടി.യില്‍ കേസ് തോല്‍ക്കുകയും ചെയ്യുന്നവര്‍ അറസ്റ്റിലാവാനുള്ള സാധ്യത നിലനില്‍ക്കുന്നു.
1951-ലെ പട്ടികയിലുള്ളവരുടെയോ 1971 മാര്‍ച്ച് 24 വരെയുള്ള വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെയോ കുടുംബാംഗങ്ങളാണെന്നു തെളിയിക്കുന്നവരെയാണ് എന്‍.ആര്‍.സി.യില്‍ ഉള്‍പ്പെടുത്തിയത്. അന്തിമപട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ നല്‍കിയ രേഖകള്‍ ഇതുതെളിയിക്കാന്‍ മതിയായവയല്ലെന്ന് അധികൃതര്‍ പറയുന്നു. ഇതേ സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നാല്‍ എഫ്.ടി. അപ്പീല്‍ തള്ളാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ കൈയിലുള്ളതിലുമധികം രേഖകള്‍ ഇവര്‍ സംഘടിപ്പിക്കേണ്ടിവരും. പട്ടികയിലില്ലാത്തവര്‍ ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും അവര്‍ നാടുവിടണമെന്നുമാണ് ആവശ്യം. ബംഗ്ലാദേശാകട്ടെ ഇവരെ സ്വന്തം പൗരരായി ഒരിക്കലും അംഗീകരിക്കുകയുമില്ല. അനധികൃത കുടിയേറ്റക്കാരെ തടവിലിടാന്‍ അസമില്‍ ഇപ്പോള്‍ ആറു തടവറകളുണ്ട്. 3000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരെണ്ണംകൂടി പണിയാന്‍ പദ്ധതിയുണ്ട്.

പൗരത്വ പട്ടികയെ തുടര്‍ന്ന് രാജ്യമില്ലാത്തവരാകുന്നവരെ  കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വ്യക്തമായ നയമില്ല.  ഇവര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശമുണ്ടാവില്ല. ഇന്ത്യയില്‍ തൊഴിലെടുക്കാനോ, വീടുണ്ടാക്കാനോ, വിദ്യാഭ്യാസം നേടാനോ, ചികിത്സതേടാനോ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

Latest News