Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

പ്രവാസികള്‍ തൊപ്പി ധരിക്കുന്നത് കഷണ്ടിക്ക് കാരണമാകുമോ?

മുടിക്കൊഴിച്ചിലും കഷണ്ടിയും ആണുങ്ങളെ പ്രത്യേകിച്ച് പ്രവാസികളെ എന്നും വേവലാതിപ്പെടുത്തുന്ന ഒന്നാണ്. പക്ഷെ, ഒരര്‍ഥത്തില്‍ കഷണ്ടി പുരുഷ ലക്ഷണമാണ്. പുരുഷനാണെങ്കില്‍ കഷണ്ടി വരുമെന്നു സാരം. 25 ശതമാനം പുരുഷന്മാര്‍ക്കും 30 വയസ്സോടെ കഷണ്ടി തുടങ്ങും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തലയില്‍ മുടിയില്ലാത്തതിന്റെ പ്രശ്‌നം ഒന്നുവേറെ തന്നെയാണ്. കഷണ്ടിയുണ്ടാക്കുന്ന വിഷമം കഷണ്ടിയുള്ളവര്‍ക്കേ മനസ്സിലാകൂ. പക്ഷെ തൊപ്പി ധരിക്കുന്നത് കഷണ്ടിക്ക് കാരണമാകുമോ? തൊപ്പി  ധരിച്ചാല്‍ മുടിക്കൊഴിച്ചില്‍ കൂടുമെന്നും കഷണ്ടിയാകുമെന്നുമുളള  ധാരണ കാലങ്ങളായി നിലനില്‍ക്കുന്നു. എന്നാല്‍ തൊപ്പിയും കഷണ്ടിയും തമ്മില്‍ ബന്ധമില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.
പുരുഷന്റെ കഷണ്ടി പാരമ്പര്യമാണ്. ഇത് നിര്‍ണയിക്കുന്ന ഒന്നിലേറെ ജനിതക ഘടകങ്ങളുണ്ട്. കഷണ്ടി വരുന്ന വേഗം, ശൈലി, തുടങ്ങുന്ന പ്രായം, കഷണ്ടിയുടെ തീവ്രത ഇവയെല്ലാം പാരമ്പര്യത്താല്‍ സ്വാധീനിക്കപ്പെടും. പൊതുവേ, എത്ര നേരത്തേ കഷണ്ടി തുടങ്ങുന്നുവോ അത്രയും തീവ്രമായിരിക്കും മുടികൊഴിച്ചില്‍. അതുപോലെ തന്നെ സ്ത്രീകളിലും  ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ജനിതക പ്രശ്‌നങ്ങള്‍, പ്രായം ഇങ്ങനെ പല ഘടകങ്ങള്‍ കൊണ്ടും കഷണ്ടി വരാം.
തൊപ്പി ധരിക്കുന്നത് മൂലം ഒരു പരിധി വരെ തലയോട്ടിയെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥിരമായി തൊപ്പി ധരിക്കുന്നതിലൂടെ കഷണ്ടി ഉണ്ടാകാനുളള സാധ്യത വിദൂരമാണെങ്കിലും തൊപ്പിയില്‍ ഉപയോഗിച്ചിരിക്കുന്ന ഡൈകളും വസ്തുക്കളും മുടിക്കൊഴിച്ചിലിന് കാരണമായേക്കാം. മറ്റുളളവര്‍ ഉപയോഗിച്ച തൊപ്പിയിലൂടെ താരന്‍ പകരാനുളള സാധ്യതയും നിലനില്‍ക്കുന്നു.

 

Latest News