Sorry, you need to enable JavaScript to visit this website.

എട്ടാം ക്ലാസും ഗുസ്തിയും

എട്ടാം ക്ലാസിൽ പഠനമുപേക്ഷിച്ച ആശിഖ് കുരുണിയന്റെ ജീവിതം ഒരു കടയുടെ നാലു ചുമരിലൊതുങ്ങേണ്ടതായിരുന്നു. ഒരു തുകൽ പന്ത് ആ ജീവിഹത്തെ മാറ്റിമറിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ വിഷൻ ഇന്ത്യ പദ്ധതിയാണ് ആശിഖിന്റെ ജീവിതം വഴി തിരിച്ചത്. കേരളത്തിലെ ഏതാനും അക്കാദമികളിൽ കളി തേച്ചുമിനുക്കിയ ആശിഖ് 2014 ൽ പൂനെ എഫ്.സി അക്കാദമിയിലാണ് കരിയർ ആരംഭിച്ചത്. വൈകാതെ ഇന്ത്യയുടെ യൂത്ത് ടീമിലേക്ക് ക്ഷണം കിട്ടി. അണ്ടർ-18, അണ്ടർ-19 ഇന്ത്യൻ ടീമുകളിൽ കളിച്ചു. 2016 ൽ പൂനെ സിറ്റി എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറി. ഏതാനും മാസം സ്‌പെയിനിൽ വിയ്യാറയൽ ക്ലബ്ബിൽ കളിച്ചു. അത് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നു. 2018 ലെ ഇന്റർകോണ്ടിനന്റൽ കപ്പിലായിരുന്നു അരങ്ങേറ്റം. ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിൽ മൂന്നു മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമിട്ടു.  

ദാരിദ്ര്യത്തിൽ നിന്ന് ഉയരങ്ങളിലേക്ക് ചുവടുവെച്ച കഥയാണ് മിക്ക ഫുട്‌ബോളർമാരുടെയും. ഇന്ത്യൻ ഫുട്‌ബോളിൽ അത്തരമൊരു കഥയാണ് ആശിഖ് കുരുണിയന്റേത്. സ്‌കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തിന് അന്നം തേടാൻ പോയ ആശിഖിന്റെ സ്വപ്‌നം അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ദുരിത ജീവിതത്തിലും തുകൽ പന്തിനെ ആശിഖ് കൈവിട്ടില്ല. രാജ്യത്തിന്റെ കുപ്പായവും സ്‌പെയിനിൽ വിയ്യാറയലിന്റെ വരെ ജഴ്‌സിയും ധരിച്ച ആശിഖ് ഏറ്റവുമൊടുവിലായി ഐ.എസ്.എല്ലിലെ ചാമ്പ്യൻ ക്ലബ് ബംഗളൂരു എഫ്.സി ആശിഖിന്റെ ആക്രമണം നയിക്കാനൊരുങ്ങുകയാണ്.
മലപ്പുറത്ത് ജനിച്ച ആശിഖിന് ഫുട്‌ബോളിലേക്ക് ആരും വഴി കാട്ടേണ്ടതുണ്ടായിരുന്നില്ല. എങ്കിലും ആ പാത സുഗമമായിരുന്നില്ല. ചെറിയ ജോലി ചെയ്തു ജീവിക്കുന്നവരായിരുന്നു ആശിഖിന്റെ മാതാപിതാക്കൾ. അഞ്ചാമത്തെ കുട്ടിയായിരുന്നു ആശിഖ്. എട്ടാം ക്ലാസിൽ പഠനം നിർത്തി കുടുംബത്തെ സഹായിക്കേണ്ടി വന്നു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ ജോലി ചെയ്താൽ 80 രൂപയായിരുന്നു കൂലി. ആശിഖ് പഠിച്ച സ്‌കൂളിനടുത്തായിരുന്നു ജോലി. സഹപാഠികളും സുഹൃത്തുക്കളുമൊക്കെ സ്‌കൂളിലേക്ക് പോകുമ്പോൾ ആശിഖ് കടയിൽ കഠിനാധ്വാനം ചെയ്തു. ആ പ്രയാസത്തിന്റെ കാലത്തും ആശിഖ് ഫുട്‌ബോളിനെ കൈയൊഴിഞ്ഞില്ല. ഇന്ന് ആ സുഹൃത്തുക്കൾ ആശിഖിനെ നോക്കി അഭിമാനം കൊള്ളുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ വിഷൻ ഇന്ത്യ പദ്ധതിയാണ് ആശിഖിന്റെ ജീവിതം വഴി തിരിച്ചത്. കേരളത്തിലെ ഏതാനും അക്കാദമികളിൽ കളി തേച്ചുമിനുക്കിയ ആശിഖ് 2014 ൽ പൂനെ എഫ്.സി അക്കാദമിയിലാണ് കരിയർ ആരംഭിച്ചത്. അവിടെ ഇപ്പോഴത്തെ ബംഗളൂരു എഫ്.സി അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയായിരുന്നു പരിശീലകൻ. വൈകാതെ ഇന്ത്യയുടെ യൂത്ത് ടീമിലേക്ക് ക്ഷണം കിട്ടി. അണ്ടർ-18, അണ്ടർ-19 ഇന്ത്യൻ ടീമുതകളിൽ കളിച്ചു. 2016 ൽ പൂനെ സിറ്റി എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറി. ഏതാനും മാസം സ്‌പെയിനിൽ വിയ്യാറയൽ ക്ലബ്ബിൽ കളിച്ചു. 2017-18 ൽ ഐ.എസ്.എല്ലിൽ പൂനെയുടെ ആക്രമണം നയിച്ചു. പൂനെ സിറ്റിക്കായി ഐ.എസ്.എല്ലിൽ 22 തവണ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണിൽ മൂന്നു ഗോളടിച്ചു. ഇന്ത്യക്കായി 12 തവണ കളിച്ചു. 2018 ലെ ഇന്റർകോണ്ടിനന്റൽ കപ്പിലായിരുന്നു അരങ്ങേറ്റം. ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിൽ മൂന്നു മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമിട്ടു.  
പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിനു കീഴിൽ തായ്‌ലന്റിലാണ് ഇന്ത്യൻ ടീം ആദ്യം കളിച്ചത്. പരിക്കു കാരണം തായ്‌ലന്റിലേക്കു പോവാൻ ആശിഖിന് സാധിച്ചില്ല. എന്നാൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി ഗോവയിലെ ക്യാമ്പിലേക്ക് ആശിഖിന് ക്ഷണം ലഭിച്ചിട്ടുണ്ട്. 
സ്റ്റിമാച്ചിന്റെ ശൈലി ആവേശകരമാണെന്ന് ആശിഖ് പറയുന്നു. പന്ത് പരമാവധി കൈവശം വെക്കുന്നത് നല്ല ലക്ഷണമാണ്. പന്തില്ലാതെ ഓടേണ്ടി വരുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടും. എന്നാൽ പന്ത് നിരന്തരം പാസ് ചെയ്ത് കൈവശം നിർത്തുന്നത് ആവേശം നൽകും. കളിക്കാർ തളരുകയുമില്ല -ആശിഖ് ചൂണ്ടിക്കാട്ടി.
ആശിഖ് കുരുണിയന്റെ വർഷമാണ് ഇത്. ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ സുനിൽ ഛേത്രിക്കൊപ്പം ഇന്ത്യയുടെ ആക്രമണം നയിച്ച ആശിഖ് ഐ.എസ്.എല്ലിലും ഛേത്രിക്കൊപ്പം ചേരുകയാണ്. ഇരുപത്തിരണ്ടുകാരന് ബംഗളൂരു എഫ്.സി നാലു വർഷത്തെ ദീർഘകാല കരാർ നൽകിയിരിക്കുകയാണ്. 
ഇന്ത്യൻ ടീമിലും ഐ.എസ്.എല്ലിലും ഈ വർഷം ആശിഖിന് നേട്ടങ്ങളുടേതാണ്. സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ ഏഷ്യൻ കപ്പിൽ തായ്‌ലന്റിനെതിരായ വിജയത്തിൽ ഛേത്രിയും ആശിഖും സുപ്രധാന പങ്കുവഹിച്ചു. എന്നാൽ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. കോൺസ്റ്റന്റൈന്റെ പരിശീലന കാലത്തിന്റെ അവസാന ഘട്ടത്തിലാണ് ആശിഖ് ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായത്. പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചും മലപ്പുറംകാരനിൽ പ്രതീക്ഷ നിലനിർത്തി. 
അടച്ചു പൂട്ടിയ ഐ.എസ്.എൽ ഫ്രാഞ്ചൈസി പൂനെ സിറ്റി എഫ്.സിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ആശിഖ് ബംഗളൂരുവിലേക്ക് ചേക്കേറിയത്. നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരാണ് ബംഗളൂരു എഫ്.സി. ആശിഖിന് എത്ര തുകയാണ് നൽകുകയെന്ന് ക്ലബ് വ്യക്തമാക്കിയില്ല. 
ദീർഘകാല കരാർ ലഭിച്ചതിൽ ആശിഖ് ആഹ്ലാദവാനാണ്. ബംഗളൂരു എഫ്.സിയെ പോലൊരു ടീമിൽ കളിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. ഈ സീസണിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ബംഗളൂരുവിന് മത്സരിക്കണമെന്നിരിക്കേ ആശിഖിനെ പോലൊരു കളിക്കാരന്റെ സാന്നിധ്യം ടീമിന് സാധ്യതകൾ നൽകുന്നുവെന്ന് കോച്ച് കാർലെസ് ക്വാദ്്‌റാത് പറഞ്ഞു. ആശിഖിന് ആക്രമണത്തിലും പ്രതിരോധത്തിലും ടീമിനെ സഹായിക്കാനാവും. വേഗവും തന്ത്രവും ആശിഖിനെ വേറിട്ടു നിർത്തുന്നു -കോച്ച് പ്രശംസിച്ചു. 
മുൻ കോച്ചുമാരായ ബോബ് ഹൗട്ടനും വിം കൂവർമാൻസും സ്റ്റീഫൻ കോൺസ്റ്റന്റൈനും സാങ്കേതികത്തികവിനേക്കാൾ മെയ്ക്കരുത്തിനാണ് മുൻഗണന നൽകിയത്. എന്നാൽ സാങ്കേതിക നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് സ്റ്റിമാച് നടത്തുന്നത്. അതിവേഗം പാസ് ചെയ്ത് പന്ത് പരമാവധി കൈവശം വെക്കുന്നതാണ് ഈ രീതിയുടെ അടിസ്ഥാനം. പിന്നിൽ നിന്ന് തുടങ്ങി നിരന്തര സമ്മർദം ചെലുത്തുകയാണ് തന്ത്രം. ഇതുവരെ കളിക്കാരുടെ ശേഷി അളക്കുകയായിരുന്നു സ്റ്റിമാച്. 
സെപ്റ്റംബർ അഞ്ചിന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ആദ്യ മത്സരം കളിക്കുകയാണ് -ഒമാനെതിരെ. വിംഗറായും മിഡ്ഫീൽഡറായും ആശിഖിന് കളിക്കാനാവും. ഏഷ്യൻ കപ്പിൽ സ്‌ട്രൈക്കറായാണ് കളിച്ചത്, ഐ.എസ്.എല്ലിൽ വിംഗ് ബാക്കായും. 
ചെറുപ്പം മുതൽ വിംഗിലാണ് കളിച്ചത്. എന്നാൽ കോൺസ്റ്റന്റൈൻ കോച്ചായിരിക്കേ സ്‌ട്രൈക്കറായി മാറി. ഇപ്പോൾ രണ്ടു റോളും ആസ്വദിക്കുന്നുണ്ടെന്ന് ആശിഖ് പറഞ്ഞു. ആശിഖിന്റെ ഇഷ്ട താരങ്ങളായ ലിയണൽ മെസ്സി, മുഹമ്മദ് സലാഹ്, റഹീം സ്റ്റെർലിംഗ് എന്നിവരും രണ്ട് പൊസിഷനിലും കളിക്കുന്നവരാണ്.
ഇന്ത്യൻ ഡിഫന്റർ അനസ് എടത്തൊടികയാണ് ആശിഖിന്റെ വഴികാട്ടി. പൂനെ എഫ്.സിയിൽ ട്രയൽസിന് വഴിയൊരുക്കിയത് അനസായിരുന്നു. അത് ആശിഖിന്റെ ഫുട്‌ബോൾ യാത്രയുടെ തുടക്കമായി. പൂനെ എഫ്.സി അക്കാദമി പിന്നീട് പൂനെ സിറ്റി എഫ്.സി ഏറ്റെടുത്തു. അവിടെ തിളങ്ങിയത് പൂനെ സിറ്റി എഫ്.സിയുടെ സീനിയർ ടീമിലേക്ക് വഴി തെളിച്ചു. അതുവഴി ദേശീയ ടീമിലെത്തി. ദേശീയ ക്യാമ്പിൽ തന്റെ വഴികാട്ടി അനസിനൊപ്പം പങ്കെടുക്കാൻ അവസരം കിട്ടിയത് ആശിഖിന് അഭിമാന മുഹൂർത്തമായി. അനസിന്റെയും ഛേത്രിയുടെയുമൊക്കെ കളി കണ്ടു വളർന്നവനാണ് ഞാൻ. ഇപ്പോൾ അവർക്കൊപ്പം കളിക്കാനാവുന്നത് സ്വപ്‌നം പോലെ തോന്നുന്നു -ആശിഖ് പറഞ്ഞു.  
പല കളിക്കാരും വിരമിച്ച ശേഷം അക്കാദമികൾ ആരംഭിക്കാറുണ്ട്. ഈ ഇളംപ്രായത്തിൽ ആശിഖിന് അക്കാദമിയുണ്ട്. മലപ്പുറത്തെ യുവ കളിക്കാരെ സഹായിക്കാനാണ് താൻ അക്കാദമി തുടങ്ങിയതെന്ന് ആശിഖ് പറയുന്നു. കോൺസ്റ്റന്റൈൻ ഉൾപ്പെടെ എല്ലാ കോച്ചുമാരും എന്നോട് പറഞ്ഞത് പിഴവ് സംഭവിക്കുമ്പോഴാണ് പഠിക്കുകയെന്നാണ്. പക്ഷേ പിഴവിലൂടെ പഠിക്കാനുള്ള പ്രായം 11-12 കാലഘട്ടമാണ്. ആ പ്രായത്തിൽ എനിക്ക് പ്രൊഫഷനൽ പരിശീലനം കിട്ടിയിട്ടില്ല. ഇപ്പോൾ തിരുത്താമെങ്കിലും അത് പ്രയാസമാണ്. അതുകൊണ്ട് നാട്ടുമ്പുറത്തെ കളിമിടുക്കുള്ള കുട്ടികൾക്ക് വഴികാട്ടുകയെന്നതാണ് അക്കാദമിയുടെ ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ ചെറുപ്പത്തിലാണ് കുട്ടികളെ കളി പഠിപ്പിക്കുന്നത്. കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തുകയും ഐ.എസ്.എൽ, ഐ-ലീഗ് ക്ലബ്ബുകളുടെ അക്കാദമികളിൽ ട്രയൽസിന് അയക്കുകയുമായിരിക്കും അക്കാദമിയുടെ രീതി -ആശിഖ് വിശദീകരിച്ചു.
 

Latest News