Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

അവർക്ക് ഭക്ഷണവും വസ്ത്രവും മാത്രം മതിയാവില്ല

''സർ, നിങ്ങളുടെ കൈവശം വല്ല ആശയവുമുണ്ടോ, തൽക്കാലം അവനെയൊന്ന് സമാധാനിപ്പിക്കാൻ?'' 
പ്രകൃതിദുരന്തത്തിൽ പിതാവും കിടപ്പാടവും നഷ്ടമായ തന്റെ അയൽ പ്രദേശത്തുകാരനായ  ഒരു ചെറുപ്പക്കാരനെ ഒരു വാക്കു കൊണ്ടെങ്കിലും ആശ്വസിപ്പിക്കാനും  മനക്കരുത്ത് പകരാനും  കൊതിച്ച ഒരാൾ എന്നോട് ഏതാനും ദിവസങ്ങൾക്ക് മുന്നേ തിരക്കിയതായിരുന്നു ഇത്. മഴ വിതച്ച ഭീകരമായ ദുരന്തത്തിന്റെ അനന്തര ഫലങ്ങളിൽനിന്ന് നമ്മുടെ നാട്  മുക്തമാവാൻ ഇനിയും ഒരുപാട് നാളുകളെടുക്കും. ജീവനും കിടപ്പാടവും  സ്വത്തുക്കളും നഷ്ടപ്പെട്ടവർ ധാരാളമാണ്.
പരിക്ക് പറ്റിയവരും വീടും സ്ഥാപനങ്ങളും ഇല്ലാതായവർ അതിലേറെയുണ്ട്.
സർക്കാർ സംവിധാനങ്ങളും  നന്മയും കരുണയും വറ്റിയിട്ടില്ലാത്ത മുഴുവൻ മനുഷ്യരും ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാനായി രംഗത്തുണ്ട്. എന്റെ യൂനിവേഴ്‌സിറ്റിയിലെ സഹപ്രവർത്തകനായ  ലഖ്‌നൗവിൽ നിന്നുള്ള സയ്യിദ് റൈഹാൻ കണ്ട പാടെ തിരക്കിയത് നാട്ടിലെ അവസ്ഥയെക്കുറിച്ചാണ്. അവർ ലഖ്‌നൗവിൽ നിന്നും അലീഗഢ മുസ്‌ലിം യൂനിവേഴ്‌സിറ്റി പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ കേരളത്തിലേക്ക് ദുരിതാശ്വാസ സഹായം എത്തിച്ച കാര്യം അറിയിച്ചു. നാമകപ്പെട്ട  വിപത്തിൽനിന്നും എളുപ്പത്തിൽ കരകയറട്ടെ എന്ന് സഹാനുകമ്പയോടെ പ്രാർത്ഥിക്കുകയും ചെയ്താണ് അദ്ദേഹം നടന്നകന്നത്.
ദുരന്ത മുഖത്തേക്ക് സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. ഇനിയും ധാരാളമായി സഹായം ആവശ്യക്കാരിലേക്ക് എത്തേണ്ടതുണ്ട്. പൊടുന്നനെ വീടും ബന്ധുക്കളും നഷ്ടപ്പെട്ടവരുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സൻമനസ്സുള്ളവരെല്ലാം ഇനിയും ഉദാരമായി രംഗത്തിറങ്ങണം. ഒരുപാട് തെരച്ചിലുകൾക്കു ശേഷവും ബന്ധുക്കളെ കിട്ടാത്തവരുടെ കാര്യം ദയനീയമാണെന്ന് പറയേണ്ടതില്ല. 


ഭക്ഷണവും വസ്ത്രവുമെല്ലാം ദുരിത ബാധിതർക്ക് എത്തിക്കുന്നതോടൊപ്പം അവരുടെ മാനസികമായ ആരോഗ്യത്തിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളും വൈകാരികമായ പരിരക്ഷയും നൽകാൻ നാം ബാധ്യസ്ഥരാണ്.
ഏതൊരു ദുരന്തങ്ങളുടെയും അനന്തര ഫലങ്ങളിലൊന്ന് ദുരന്താനന്തര മനോവൈകല്യങ്ങൾ അഥവാ പോസ്റ്റ്‌ട്രോമാറ്റിക് സ്ട്രസ് ഡിസോർഡർ (പി.എസ്.ടി.ഡി) കൂടിയാണെന്നത് അവഗണിച്ചുകൂടാ. ദുരന്തം ഏൽപിച്ച മാനസികാഘാതം പെട്ടെന്നുള്ള ഞെട്ടൽ, ദുഃസ്വപ്‌നങ്ങൾ, വിഷാദം, നിരാശ, നിസ്സംഗത, ഉറക്കക്കുറവ് തുടങ്ങി പല മനോവൈകല്യങ്ങളിലേക്കും നയിച്ചേക്കാം. 
ഭക്ഷണവസ്ത്ര  വിതരണവും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും കഴിയുന്നതോടെ തീരേണ്ടതല്ല പരിഷ്‌കൃത സമൂഹത്തിലെ പുരധിവാസ പ്രവർത്തനം. ബന്ധുമിത്രാദികളും സന്നദ്ധ സേവന പ്രവർത്തകരും സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ, ദുരിത നാളുകളെ അതിജീവിച്ചവരുടെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താനാവശ്യമായ തുടർ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പാക്കണം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ സജീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വിവിധയിനം തെറാപ്പികളും കൗൺസലിംഗ് രീതികളും ഇതിനായി അവലംബിക്കേണ്ടതുണ്ട്. ഈ രംഗത്തെ പ്രഗൽഭരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം. 
ദുരിത ബാധിതരുടെ മാനസിക  പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിക്കാതെ, പരമാവധി കഴിയാവുന്ന സേവനങ്ങൾ ചെയ്യാൻ അധികൃതരും സന്നദ്ധ സേവകരും പ്രത്യേകം ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Latest News